Categories: Samskriti

‘നിളാദേവീ നിത്യം നമസ്‌തേ…’

'പൈതൃകകേരളത്തിന്റെ അമൂല്യചിഹ്നങ്ങളിലൊന്നായ നിളാനദി. നിളയുടെ തീരത്ത് ജനിച്ചു വളര്‍ന്ന് കീര്‍ത്തിനേടിയ കലാസാഹിതഹ്യപ്രതിഭകള്‍ എത്രയെത്രയോ. പന്തിരുകുലത്തിന്റെ കഥ പറയുന്ന നിളയുടെ തീരത്താണ് കേരളത്തിന്റെ സാംസ്‌ക്കാരിക കേന്ദ്രങ്ങളില്‍ ഏറെയുമുള്ളത്. തിരുവില്വാമല, ഒറ്റപ്പാലം, ഷൊര്‍ണൂര്‍, പട്ടാമ്പി, കുറ്റിപ്പുറം, തിരുനാവായ, തുഞ്ചന്‍പറമ്പ് എന്നിങ്ങനെ നീളുന്നു ആ നിര. നിറഞ്ഞും മെലിഞ്ഞുമൊഴുകി കൈരളിയുടെ വറ്റാത്ത പുണ്യമായിത്തീര്‍ന്ന നിളാനദിയെക്കുറിച്ച്...'

Published by

യാതൊരു നദിയുടെ ജലത്തില്‍ ഒരിക്കല്‍ മുങ്ങിയാല്‍ സര്‍വപാപവും നശിച്ച് സ്വര്‍ഗം പ്രാപിക്കുമോ അതാണ് നിളാനദിയുടെ മഹത്വം. കേരളീയരുടെ വിശ്വാസവും ഇതാണ്. ഉദ്ദണ്ഡശാസ്ത്രികളുടെ കോകില സന്ദേശത്തിലും പാപനാശിനിയായ നിളയുടെ മാഹാത്മ്യത്തെ വര്‍ണിക്കുന്നുണ്ട്.  

അത്രി മഹര്‍ഷി തപസ്സു ചെയ്തിരുന്ന ത്രിമൂര്‍ത്തി മലയില്‍ നിന്നാണ് നിളയുടെ ഉത്ഭവം (കോയമ്പത്തൂര്‍ ജില്ല). ഇവിടെ നിളാഎന്ന തടാകത്തില്‍ നിന്നാണ് ‘നീലാഘൃതവതി’ എന്ന നിളാനദി ഉത്ഭവിക്കുന്നത്.  

തിരുവില്വാമല (ഐവര്‍മഠം), തിരുവഞ്ചിക്കുഴി (പൈങ്കുളത്തിനടുത്ത്), തിരുവിത്തക്കോട് (തിരുമിറ്റക്കോട്), തൃത്താല ( വെള്ളിയാങ്കല്ല്), തിരുന്നാവായ എന്നിവയാണ് നിളയിലെ അഞ്ചു പുണ്യസ്‌നാനഘട്ടങ്ങള്‍. ഇതില്‍ മേഴത്തൂരഗ്നിഹോത്രിയും (മേളത്തോളഗ്നിഹോത്രി) പന്തിരുകുലവുമായി ബന്ധപ്പെട്ടതാണ് വെള്ളിയാങ്കല്ലിന്റെ മഹത്വം. ‘യജ്ഞസ്ഥാനം സംരക്ഷ്യം’ എന്ന കവി വാക്യമനുസരിച്ച് നാലാം നൂറ്റാണ്ടാണ് മേഴത്തോളഗ്നിഹോത്രിയുടെ കാലം. ബ്രഹ്മദത്തന്‍ എന്നായിരുന്നു അഗ്നിഹോത്രിയുടെ നാമധേയം. വേമഞ്ചേരി, കോടനാട,് എടമരത്ത് എന്നീ അഗ്നിഹോത്രിയുടെ പിന്മുറക്കാരില്‍ ബ്രഹ്മദത്തന്മാര്‍ ഇപ്പോഴുമുണ്ട്.  

വിക്രമാദിത്യ സദസ്സില്‍ നവരത്‌നങ്ങളില്‍ ഒരാളായിരുന്ന വരരുചിയുടെ മക്കളാണ് പന്തിരുകുലം. വാക്യം ചമച്ച വരരുചി എന്നാണ് പറയുക. സംസ്‌കൃത ഭാഷയില്‍ അധ്യാത്മരാമായണം രചിച്ചതും വരരുചിയത്രേ. രാജശാസനയാല്‍ വാല്മീകി രാമായണത്തിലെ പ്രധാന ശ്ലോകം ഏതാണെന്ന് കണ്ടുപിടിക്കാനാകാതെ വിക്രമാദിത്യ സദസ്സില്‍ നിന്നും പുറത്തായ വരരുചി  ദേശാടനത്തിനിറങ്ങി. കേരളത്തില്‍ നിളാതീരത്തെത്തി. അവിടെ നിന്നും നരിപ്പറ്റ മനയ്‌ക്കലെ വളര്‍ത്തുമകളായ ‘ആദി’ എന്ന കന്യകയെ വേള്‍ക്കുകയും ദേശാടനം തുടരുകയും ചെയ്തു. പ്രഹേളിക പോലുള്ള വരരുചിയുടെ ആവശ്യങ്ങള്‍ യുക്തിയുക്തം നിറവേറ്റിയ ബുദ്ധിമതിയായ കന്യകയായിരുന്നു ആദി. ഇതാണ് വേളിയില്‍ കലാശിച്ചത്. പിന്നീട് ആദി എന്ന നാമധേയം പഞ്ചമി എന്ന പേരിലുമറിയപ്പെട്ടു.

മേഴത്തോളഗ്നിഹോത്രി, രജക-  

നുളിയന്നൂര്‍ തച്ചനും പിന്നെ വള്ളോന്‍

വായില്ലാ കുന്നിലപ്പന്‍, വടുതല മരുവും നായര്‍  

കാരക്കല്‍ മാതാ ചെമ്മേകേളുപ്പുകൂറ്റന്‍

പെരിയതിരുവരങ്ങെഴും പാണനാരും  

നേരെ നാരായണ ഭ്രാന്തനുമുട-

നകവൂര്‍ ചാത്തനും പാക്കനാരും  

എന്ന ശ്ലോകം പ്രസിദ്ധമാണ്. (കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ഐതിഹ്യമാലയില്‍ ഈ ശ്ലോകം ഉദ്ധരിച്ചിരിക്കുന്നു). പന്തിരുകുലത്തിലെ അംഗങ്ങളെക്കുറിച്ച് പരാമര്‍ശിക്കുന്ന ഈ ശ്ലോകം നിളാതടത്തിന്റെ പൈതൃകം വിളിച്ചോതുന്നു .  പാക്കനാരുടെ വംശമായ ഈരാറ്റിങ്ങല്‍ കുലവും പാക്കനാര്‍ക്കാവും തൃത്താലയില്‍ നിളാനദീതീരത്താണ്. അതുപോലെ അഗ്നിഹോത്രികളുടെ വംശമായ മൂന്നു മനകളും മേഴത്തൂരും തൃത്താലയിലുമാണ്. വെള്ളിയാങ്കല്ലിനടുത്തുള്ള വേമഞ്ചേരി മനയ്‌ക്കലാണ് പന്തിരുകുലത്തിന്റെ സംഗമസ്ഥാനം. വെള്ളിയാങ്കല്ലില്‍ തീര്‍ഥസ്‌നാനം ചെയ്ത് പന്തിരുകുലം അവരുടെ മാതാപിതാക്കളുടെ ശ്രാദ്ധം നടത്തിയിരുന്നത് ഇവിടെയാണ്. വൈഷ്ണവാംശജാതരായ പന്തിരുകുല സന്തതികള്‍ ഭേദരഹിതരായിരുന്നു. സാമൂഹിക ഐക്യത്തെ വിളംബരം ചെയ്യുന്നതായിരുന്നു അവരുടെ ജീവിതസന്ദേശം. പ്രപഞ്ചത്തില്‍ നിറഞ്ഞുനില്‍ക്കുന്ന വിശ്വചൈതന്യത്തെ തങ്ങളില്‍ത്തന്നെ സാക്ഷാത്ക്കരിച്ച ദിവ്യജ്ഞാനികളായിരുന്നു അവര്‍. ഈശ്വരനെന്ന പരമബോധത്തിന് ഭേദചിന്തയില്ല. വിത്തോളം വളര്‍ന്ന ബോധമണ്ഡലം ആ പുണ്യാത്മാക്കളില്‍ നിറഞ്ഞുനിന്നു

(തുടരും)

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by