ന്യൂദല്‍ഹി:വീണ്ടും പ്രതിപക്ഷനേതാക്കള്‍ മോദിയുടെ രക്തത്തിന് ദാഹിച്ച് ഇറങ്ങിയിരിക്കുകയാണ്. റഷ്യ-ഉക്രൈന്‍ യുദ്ധം സമ്മാനിച്ച ഇന്ധനവില വര്‍ധനയും പണപ്പെരുപ്പവും സാമ്പത്തികമാന്ദ്യവും മുതലെടുത്ത് ബിജെപി സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്താനാണ് ഇവരുടെ ശ്രമം.
രണ്ട് വര്‍ഷം തുടര്‍ച്ചയായി കോവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധിയില്‍ തൊട്ടടുത്ത രണ്ട് രാഷ്‌ട്രങ്ങള്‍- ശ്രീലങ്കയും പാകിസ്ഥാനും- നിലംപൊത്തി. ഇരുരാജ്യങ്ങളിലും ഭരണാധികാരികള്‍ മാറിയെങ്കിലും സാമ്പത്തികപ്രതിസന്ധി തുടരുകയാണ്. പക്ഷെ ഇന്ത്യ കോവിഡിനെ അതിജീവിച്ച് മുന്നേറുകയായിരുന്നു. കോവിഡ് എന്ന മഹാമാരി എന്തെന്ന് പോലും കൃത്യമായി നിര്‍വചിക്കാനാവാതെ ലോകം പകച്ചുനില്‍ക്കുമ്പോള്‍ അതിവേഗത്തില്‍ മികച്ച തീരുമാനങ്ങളിലൂടെ ഇന്ത്യയ്‌ക്ക് മാത്രമല്ല, വികസ്വര രാഷ്‌ട്രങ്ങള്‍ക്ക് കൂടി വാക്സിന്‍ എത്തിച്ച് ഇന്ത്യയെ ലോകത്തിന്റെ തന്നെ മരുന്ന് നിര്‍മ്മാണ ഫാക്ടറി എന്ന സല്‍പ്പേരുണ്ടാക്കിയത് മോദിയാണ്. ഇതിന്റെ പേരില്‍ ഒരു ദുര്‍ബ്ബലമായ കയ്യടി പോലും പ്രതിപക്ഷം നല്‍കിയില്ല.
പക്ഷെ അതിന് തൊട്ടുപിന്നാലെയാണ് ലോകത്തിന്റെ താളം തെറ്റിച്ച റഷ്യ-ഉക്രൈന്‍ യുദ്ധം വന്നത്. കോവിഡ് കാലം മുതലേ തുടങ്ങിയ അസംസ്കൃത സാധനങ്ങളുടെയും ഉല്‍പന്നങ്ങളുടെയും വ്യാപാരച്ചരക്കുകളുടെയും കൈമാറ്റം സുഗമമല്ലാതായി. അത് റഷ്യ-ഉക്രൈന്‍ യുദ്ധത്തോടെ പാരമ്യത്തിലെത്തി. ഇപ്പോള്‍ രാജ്യങ്ങള്‍ക്കിടിയിലെ ചരക്ക് ഗതാഗതം പൂര്‍ണ്ണമായും താളം തെറ്റി. പല ഉല്‍പന്നങ്ങള്‍ക്കും ക്ഷാമമാണ്. അതിന്റെ കൂടെ അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും റഷ്യയ്‌ക്കെതിരെ നടത്തിയ 100ല്‍ പരം ഉപരോധങ്ങള്‍ അവിടെ നിന്നുള്ള ചരക്ക് നീക്കങ്ങള്‍ സ്തംഭിപ്പിച്ചിരിക്കുകയാണ്. രാസവളം, ഗോതമ്പ് ഇവയുടെ നീക്കം നിലച്ചു.
ഇന്ധനവില കുതിച്ചുയരുന്നു. ഭക്ഷ്യവിലയും അങ്ങിനെതന്നെ. ഇവിടം കൊണ്ടൊന്നും ഈ പ്രതിസന്ധി നില്‍ക്കാന്‍ പോകുന്നില്ലെന്ന് എല്ലാവര്‍ക്കുമറിയാം. അമേരിക്ക പോലും കടുത്ത നാണ്യപ്പെരുപ്പവും സാമ്പത്തികമാന്ദ്യവും അനുഭവിക്കുകയാണ്. അതിന്റെ ഭാഗമായി അവിടെയും ഡോളറിന്റെ പലിശ നിരക്ക് വര്‍ധിപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ രണ്ട് ദശകത്തിനിടയ്‌ക്ക് ഇതാദ്യമായാണ് യുഎസ് കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വ്വ് ഇങ്ങിനെ ഒരു തീരുമാനം കൈക്കൊണ്ടത്. ഇത് ഇന്ത്യയെ വലിയപ്രതിസന്ധിയിലേക്ക് കൊണ്ടുപോകുന്നു. ഇന്ത്യയില്‍ നിക്ഷേപിച്ചിട്ടുല്ള വിദേശഫണ്ടുകള്‍ കൂടുതല്‍ പലിശനിരക്കായതോടെ അമേരിക്കയിലേക്ക് ഈ ഫണ്ട് തിരിച്ച് പിന്‍വലിക്കും. അത് ഓഹരിവിപണിയെ വരെ ബാധിച്ചേക്കാം. ഇതൊന്നും നരേന്ദ്രമോദിയുടെയോ ബിജെപിയുടെയോ കൈകളിലൊതുങ്ങുന്ന പ്രതിസന്ധിയല്ലെന്ന് എല്ലാവര്‍ക്കുമറിയാം.
റിസര്‍വ്വ് ബാങ്കും അടിയന്തരമായി പണപ്പെരുപ്പത്തെ പിടിച്ചുനിര്‍ത്താന്‍ റിപ്പോ നിരക്ക് 0.4 ശതമാനം വര്‍ധിപ്പിച്ച് 4.4 ശതമാനമാക്കി കൂട്ടിയിരിക്കുകയാണ്. പണലഭ്യത അല്‍പം കുറച്ച് നാണ്യപ്പെരുപ്പം തടയാനാണ് ശ്രമം. കാരണം നാണ്യപ്പെരുപ്പം സുരക്ഷിതപരിധി ലംഘിച്ച് 6.ശതമാനം കവിഞ്ഞിരിക്കുകയാണ്.
എങ്കിലും രാഹുല്‍ഗാന്ധി കഴിഞ്ഞ ദിവസം ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ മൂല്യമിടിഞ്ഞതിന് മോദിയെ പഴിയ്‌ക്കുമ്പോഴുള്ള കാപട്യത്തിന് എന്ത് സമാധാനമാണ് പറയുക. രാഹുല്‍ഗാന്ധിയ്‌ക്കു പുറമെ ഇന്ധനവില വര്‍ധനയുടെയും ഭക്ഷ്യവിലയുടെ ഉയര്‍ച്ചയ്‌ക്കും പ്രതിപക്ഷ പാര്‍ട്ടികള്‍ മോദിയെയും ബിജെപി സര്‍ക്കാരിനെയും പഴി ചാരുമ്പോള്‍ എന്ത് മറുപടിയാണ് നല്‍കാന്‍ കഴിയുക. ഇവിടെയും ഇന്ത്യയ്‌ക്ക് പിടിവള്ളിയാകുന്നത് മൂന്ന് കാര്യങ്ങളാണ്. സമ്പന്നമായ വിദേശ നാണ്യശേഖരം ഇപ്പോള്‍ ഇന്ത്യയ്‌ക്കുണ്ട്. ഇത് ഏകദേശം 6.5ലക്ഷം കോടി രൂപയുണ്ട്. ഒപ്പം ജിഎസ്ടിയില്‍ ഇപ്പോള്‍ റെക്കോഡ് വരുമാനമാണ് കേന്ദ്രസര്‍ക്കാരിന് ലഭിക്കുന്നത്. ഇതിനപ്പുറം മോദി കൊണ്ടുവന്ന ആത്മനിര്‍ഭര്‍ ഭാരത് യജ്ഞവും ഇന്ത്യയ്‌ക്ക് മുതല്‍ക്കൂട്ടാവുകയാണ്. ഇന്ത്യയില്‍ തന്നെ ഉല്‍പന്നങ്ങള്‍ സൃഷ്ടിക്കുക എന്ന യജ്ഞം, ഒപ്പം പല മേഖലകളിലും ഉല്‍പാദനം വര്‍ധിപ്പിക്കാന്‍ നല്‍കുന്ന മികച്ച സൗജന്യങ്ങള്‍ പ്രയോജനപ്പെടുത്തി നടത്തിയ ഉല്‍പാദനങ്ങള്‍ ഇന്ത്യയുടെ കയറ്റുമതി വര്‍ധിപ്പിക്കുന്നുണ്ട്. ഈ പ്രതീക്ഷകള്‍ക്കൊപ്പം യുദ്ധം അവസാനിച്ചാലേ ലോകത്തിന് തന്നെ കോവിഡ് സൃഷ്ടിച്ച പ്രതിസന്ധികളില്‍ നിന്നും പുറത്തുകടക്കാന്‍ കഴിയൂ.
ഒരു പക്ഷെ കയ്യിലൊതുങ്ങാത്ത ഈ പ്രതിസന്ധിയെയും മോദി എന്ന അത്ഭുതങ്ങള്‍ സൃഷ്ടിക്കുന്ന ഭരണാധികാരി പുതിയ പരിഹാരങ്ങളിലൂടെ മറികടക്കും. എന്തിന് യുദ്ധം തീര്‍ക്കാന്‍ ഇപ്പോള്‍ ലോകത്ത് പുടിനോട് സംസാരിക്കാന്‍ കഴിവുള്ള ലോകസമ്മതനായ ഒരു നേതാവ് പോലും മോദി മാത്രമാണെന്ന സ്ഥിതിലെത്തിയിരിക്കുകയാണ് കാര്യങ്ങള്‍. അപ്പോഴും പുതിയ കുറ്റപ്പെടത്തലുകള്‍ രാഹുല്‍ഗാന്ധി ഉള്‍പ്പെടെയുള്ള പ്രതിപക്ഷനേതാക്കള്‍ കണ്ടെത്തുമെന്ന് തീര്‍ച്ച. പക്ഷെ അതിന് കടലാസ്സിന്റെ വില പോലും ജനം കല്‍പിച്ചേക്കില്ല എന്ന് മാത്രം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: