അസ്കര്‍ അലി എന്ന യുവാവിന്റെ വെളിപ്പെടുത്തലുകള്‍ മലയാളികളുടെ ഇടയില്‍ ഇപ്പോള്‍ വലിയ ചര്‍ച്ചാ വിഷയമായിരിയ്ക്കുകയാണല്ലോ ? പന്ത്രണ്ടു വര്‍ഷങ്ങളോളം മതം പഠിച്ചിട്ട്, അത് തീര്‍ത്തും ഉപയോഗ ശൂന്യമാണെന്നും, കാലഘട്ടത്തിന് യോജിക്കാത്തതാണെന്നും സമൂഹത്തിന് അപകടകരം കൂടിയാണെന്നുമാണ് ആ യുവാവ് കണ്ടെത്തിയത്. തന്റെ ഈ ബോദ്ധ്യങ്ങള്‍ പൊതുസമൂഹത്തോട് ഇപ്പോള്‍ പല വേദികളിലൂടെയും അദ്ദേഹം പങ്കു വയ്ക്കുകയാണ്. മതം വിടുന്നവര്‍ക്ക് വധശിക്ഷയാണ് നല്‍കേണ്ടത് എന്ന മതശാസനമൊക്കെ ഇപ്പോഴും കേരളത്തിലെ മദ്രസകളില്‍ പഠിപ്പിയ്ക്കുന്നു എന്നത് വലിയ ഞെട്ടലോടെ മാത്രമേ നമുക്ക് കേട്ടിരിയ്ക്കാന്‍ കഴിയൂ. വളരെ ചെറു പ്രായത്തില്‍ തന്നെ ഇത്തരം ഭയാനകമായ മതവിഷം തലച്ചോറുകളില്‍ കുത്തിവയ്ക്കപ്പെടുന്ന കുട്ടികള്‍ മറ്റുള്ളവരെ വെറുക്കുന്നവരും, മതഭ്രാന്തരും, ഭാവിയിലെ ഭീകരരും ആയി മാറുന്നതില്‍ അത്ഭുതമില്ല.
എല്ലാ മതങ്ങളുടേയും പ്രത്യയശാസ്ത്രങ്ങളുടേയും ചരിത്രത്തില്‍ പ്രാകൃതവും പിന്തിരിപ്പനുമായ പല ആശയങ്ങളും, കര്‍മ്മദോഷങ്ങളും ഉണ്ടായിട്ടുണ്ട്. എന്നാല്‍ കാലത്തിനനുസരിച്ച് സ്വയം നവീകരിച്ചു കൊണ്ടാണ് ആശയങ്ങളെല്ലാം മനുഷ്യ ജീവിതത്തില്‍ അവയുടെ പ്രസക്തി നിലനിര്‍ത്തുന്നത്. പഴയകാല വൈകല്യങ്ങളെ മഹത്തായ മൂല്യങ്ങളായി പില്ക്കാലത്ത് സാമാന്യ ബുദ്ധിയുള്ള മനുഷ്യര്‍ വാഴ്ത്തിപ്പാടാറില്ല. ഒരു വിഭാഗമെങ്കിലും അങ്ങനെ ചെയ്യുന്നു എന്നത് ഒരുപോലെ അത്ഭുതവും ആശങ്കയും വളര്‍ത്തുന്ന വാര്‍ത്തയാണ്.
മറ്റു പലതിനും ഒപ്പം മദ്രസകളില്‍ പഠിപ്പിയ്ക്കുന്ന സ്ത്രീവിരുദ്ധതയുടെ ഉദാഹരണങ്ങള്‍ അസ്കര്‍ അലി തന്റെ പ്രഭാഷണത്തില്‍ എടുത്തു പറഞ്ഞിരുന്നു. ‘സ്ത്രീകള്‍ എന്ന് കേള്‍ക്കുമ്പോള്‍ ബുദ്ധി ശൂന്യരായ, അധികാരത്തിന് അര്‍ഹതയില്ലാത്ത, അല്ലെങ്കില്‍ അതിന് കഴിവില്ലാത്ത ഒരു വിഭാഗം എന്നൊരു ചിന്തയാണ് എന്റെ മനസ്സില്‍ വന്നിരുന്നത്… ആണി അടിച്ചതു പോലെ അത് നമ്മുടെ മനസ്സില്‍ അടിച്ചു കയറ്റിയിരിയ്ക്കുകയാണ്. അവരേയും ഇതു തന്നെ പഠിപ്പിയ്ക്കും. നിങ്ങള്‍ വീക്ക് ആണ്. നിങ്ങള്‍ക്ക് അധികാരത്തിനുള്ള അര്‍ഹതയില്ല എന്നൊക്കെ’ അസ്കര്‍ അലി ഇതു പറഞ്ഞ് രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ ഈ മനോഭാവത്തിന്റെ ഭീകരത മുഴുവന്‍ ലൈവ് ആയിത്തന്നെ കാണാന്‍ മലയാളികള്‍ക്ക് അവസരവും കൈവന്നു. സമസ്തയുടെ ക്ഷണമനുസരിച്ച് വേദിയില്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ കയറിച്ചെന്ന ടീനേജ് പെണ്‍കുട്ടിയെ അപമാനിയ്ക്കുന്ന വിധത്തില്‍ മതപണ്ഡിതന് ആക്രോശിയ്ക്കുന്നത് ലോകം മുഴുവന്‍ കണ്ടു. പിന്തിരിപ്പന് മതബോധത്തിന്റെ പര്‍ദ്ദകള്‍ക്കു പിന്നില്‍ ഈ പ്രബുദ്ധ കേരളത്തില്‍ പോലും നടക്കുന്ന കടുത്ത അനീതിയും അടിച്ചമര്‍ത്തലും അസ്കര്‍ അലി പറഞ്ഞതിലും എത്രയോ ഭീകരമാണ് എന്ന് അത് കാട്ടിത്തരുന്നു.
ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ ആക്ടീവ് ആയ മതബോധമുള്ള മുസ്ലീം യുവാക്കള്‍ അസ്കര്‍ അലിയെ വ്യക്തിപരമായി അധിക്ഷേപിയ്ക്കാനും ഒറ്റപ്പെടുത്താനുമാണ് ശ്രമിയ്ക്കുന്നത്. അദ്ദേഹം പറഞ്ഞതിലെ വസ്തുതകള്‍ പഠിയ്ക്കാനോ ചര്‍ച്ച ചെയ്യാനോ അവര്‍ ഒരുക്കമല്ല. തുടര്‍ച്ചയായ നിഷേധമാണ് അവരുടെ സ്ഥായീഭാവം. ഉദാഹരണത്തിന് ഇസ്ലാമില്‍ സ്ത്രീകളുടെ അവകാശങ്ങളെ ഭീകരമായി നിഷേധിയ്ക്കുന്നു എന്ന് ആരെങ്കിലും ചൂണ്ടിക്കാണിച്ചാല്‍, അതിന് തെളിവ് എവിടെ എന്ന മറു ചോദ്യവുമായിട്ടാണ് മുസ്ലീം അപ്പോളജിസ്റ്റുകള്‍ അതിനെ നേരിടുക. എത്ര മുസ്ലീം സ്ത്രീകള്‍ അങ്ങനെ പരാതി പറഞ്ഞിട്ടുണ്ട് ? എന്ത് അനീതിയാണ് ഇസ്ലാമില്‍ നിന്ന് അവര്‍ നേരിട്ടത് ? എന്നൊക്കെയാവും ചോദ്യം. ഇനി അങ്ങനെയുള്ള ഉദാഹരണങ്ങള്‍ ചൂണ്ടിക്കാണിച്ചാലോ, അവരൊന്നും മുസ്ലീങ്ങളല്ല, വെറും നാമധാരികളോ, മതമില്ലാത്തവരോ ആണെന്ന് വാദിയ്ക്കുകയും ചെയ്യും.
മതം വിടുന്നവര്‍ക്ക് മരണശിക്ഷ വിധിയ്ക്കുന്ന ഇസ്ലാമിക ശാസനകള്‍ ദര്സ്സുകളില് പഠിപ്പിയ്ക്കുന്നു എന്നു പറഞ്ഞത് മറ്റു മതസ്ഥരോ, യുക്തിവാദികളോ അല്ല, അതേ പാഠങ്ങള്‍ പഠിച്ച് പൂര്‍ത്തിയാക്കിയ ഒരു ഹുദവി തന്നെയാണ്. അത് എഴുതി വച്ചിരിയ്ക്കുന്ന പന്ത്രണ്ടാം ക്ലാസ്സിലെ പാഠ പുസ്തകത്തിന്റെ പേര് സഹിതമാണ് അസ്കര്‍ അലി ഇതു പറയുന്നത്. അതിനെ മുസ്ലീം യുവാക്കള്‍ നേരിടുന്നത് അങ്ങനെ എത്രപേരെ കൊന്നിട്ടുണ്ട് എന്ന ചോദ്യം കൊണ്ടാണ്. രാമസിംഹനേയും അദ്ദേഹത്തിന്റെ അനുജനേയും കുടുംബത്തേയും നിഷ്ടൂരമായി കൊന്നത് ഇസ്ലാംമതം ഉപേക്ഷിച്ചു എന്ന ഒരൊറ്റ കാരണത്താല്‍ ആയിരുന്നു. എന്നാല്‍ അതൊന്നും അംഗീകരിയ്ക്കാന്‍ അവര്‍ ഒരുക്കമല്ല. സോഷ്യല്‍ മീഡിയയിലെ ഈ യുവാക്കളുടെ പ്രതികരണങ്ങള്‍ പഠിയ്ക്കുന്ന ഒരാളിന് മനസ്സിലാകുന്നത്, തങ്ങളുടെ മതത്തില്‍ അത്തരം പുഴുക്കുത്തുകള്‍ ഉണ്ടാവരുത് എന്ന് ആഗ്രഹിയ്ക്കുന്ന ഒരു വിഭാഗം ഇപ്പോള്‍ വളര്‍ന്നു വരുന്നു എന്നതാണ്. മത ഗ്രന്ഥങ്ങളില്‍ എഴുതി വച്ചിരിയ്ക്കുന്ന ആശയങ്ങള്‍ ഒന്നും തിരുത്താനോ അവയെ പരസ്യമായി തള്ളിപ്പറയാനോ മുന്‍കാല അപചയങ്ങളെ തുറന്ന് അംഗീകരിയ്ക്കാനോ അവര്‍ക്ക് ധൈര്യമില്ല. എന്നാല്‍ അവ കാരണം ഇന്നത്തെ മുസ്ലീം സമൂഹം ലോകത്തിന്റെവിമര്‍ശനത്തിന് വിധേയമാകരുത് എന്ന് അവര്‍ ആഗ്രഹിയ്ക്കുന്നു. അതുകൊണ്ട്, ആരെയും നിര്‍ബന്ധിച്ച് ഇസ്ലാമില്‍ ചേര്‍ക്കുകയോ, മതം വിട്ടു പോകുന്നവരെ തടയുകയോ ചെയ്യില്ല എന്ന് സ്വയം വിശ്വസിയ്ക്കാനും മറ്റുള്ളവരെ വിശ്വസിപ്പിയ്ക്കാനും അവര്‍ ശ്രമിയ്ക്കുന്നു.
മതകാര്യങ്ങളില്‍ സ്വാതന്ത്യ്രം വേണം എന്നാഗ്രഹിയ്ക്കുന്ന വ്യക്തികള്‍ക്ക് ഇത് ഒരു സുവര്‍ണ്ണാവസരമാണ്. ഇസ്ലാമിനപ്പുറം മറ്റ് ആത്മീയ മാര്‍ഗ്ഗങ്ങള്‍ പരിശോധിയ്ക്കാന്‍ ആഗ്രഹിയ്ക്കുന്ന മുസ്ലീങ്ങള്‍ക്കും, ഇസ്ലാമിലേക്ക് കടന്നു ചെന്നിട്ട് തങ്ങളുടെ മാതൃധര്‍മ്മത്തിലേക്ക് തിരിച്ചു പോകുന്നതിനെ പറ്റി ഒരു പുനര്‍ വിചാരം വന്നിട്ടുള്ള മറ്റുള്ളവര്‍ക്കും ഇത് ഉപയോഗപ്പെടുത്താം. ഇസ്ലാമിലേക്ക് മതം മാറിയ ശേഷം, മനസ്സു മടുത്ത് ഒരു തിരിച്ചു പോക്കിന് മാധവിക്കുട്ടി ആഗ്രഹിച്ചിരുന്നു. അക്കാര്യം തന്റെ അടുത്ത സുഹൃത്തായ ലീലാ മേനോനോട് അവര്‍ തുറന്നു പറഞ്ഞിരുന്നു. എന്നാല്‍ തനിയ്ക്കും കുടുംബത്തിനും ജീവഹാനിയുണ്ടാകും എന്ന ഭയമാണ് അത് പ്രാവര്‍ത്തികമാക്കുന്നതില്‍ നിന്നും അവരെ പിന്തിരിപ്പിച്ചിരുന്നത്. അന്ന് ഇസ്ലാമിക തീവ്രവാദികളുടെ തീട്ടൂരം മാത്രമേ നടക്കുമായിരുന്നുള്ളൂ. എന്നാല്‍ അതില്‍ നിന്ന് വ്യത്യസ്ഥമായി തങ്ങളുടെ സമുദായത്തിന് ചീത്തപ്പേര് ഉണ്ടാവരുത് എന്നാഗ്രഹിയ്ക്കുന്ന ചെറുപ്പക്കാര്‍ ഇന്ന് ശബ്ദമുയര്‍ത്തുന്നുണ്ട് എന്നത് ആശാവഹമാണ്. മതപരിത്യാഗിയ്ക്ക് മരണശിക്ഷ എന്നതൊന്നും ഇന്നത്തെ ഇന്ത്യയില്‍ പ്രായോഗികമല്ലെന്ന് അതിന്റെ വക്താക്കള്‍ക്ക് അറിയാം. സാമൂഹ്യമായ കുറേ ഒറ്റപ്പെടുത്തലുകളോ, ഭീഷണികളോ ഒക്കെ ഉയര്‍ത്താമെന്നല്ലാതെ മറ്റൊന്നും ചെയ്യാന്‍ ഇന്നവര്‍ക്ക് കഴിയില്ല. പിന്നെ മതഗ്രന്ഥത്തില്‍ പറഞ്ഞിരിയ്ക്കുന്ന നരകഭയം പോലുള്ള മാനസിക സമ്മര്‍ദ്ദങ്ങള്‍ തൊടുത്തു വിടാം. ആത്മീയതയെ യുക്തിയുക്തമായി വിശകലനം ചെയ്യുന്ന യോഗവിദ്യയുടെയോ വേദാന്തത്തിന്റെയോ പാഠങ്ങള്‍ കുറച്ചെങ്കിലും മനസ്സിലാക്കിയിട്ടുള്ളവരുടെ മുന്നില്‍ അതും വിലപ്പോകില്ല. ഇക്കാര്യത്തില്‍ തങ്ങളുടെ മന:സ്സാക്ഷിയ്ക്കനുസരിച്ച് സധൈര്യം പ്രവര്‍ത്തിയ്ക്കുകയാണ് ഘര്‍വാപസി ആഗ്രഹിയ്ക്കുന്നവര്‍ ഇപ്പോള്‍ ചെയ്യേണ്ടത്.
രാമാനുജന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: