തൃശ്ശൂര്‍: തൃശ്ശൂര്‍ പൂരത്തിന് മുപ്പത് മണിക്കൂറിലേറെ ഡ്യൂട്ടി ചെയ്ത പോലീസുകാര്‍ക്ക് അധിക ഡ്യൂട്ടിഭാരം നിര്‍ദ്ദേശിച്ച് മേലുദ്യോഗസ്ഥര്‍. പൂര ദിവസവും പകല്‍പ്പൂര ദിവസവും അധിക ഡ്യൂട്ടി ചെയ്ത ഉദ്യോഗസ്ഥര്‍ക്കാണ് ഇന്നലെ ഉച്ചയ്ക്ക് ശേഷമുള്ള ഷിഫ്റ്റില്‍ ജോലിക്ക് കയറാന്‍ നിര്‍ദ്ദേശം ലഭിച്ചത്. എന്നാല്‍ ചിലര്‍ ഈ നിര്‍ദ്ദേശത്തിന് പിന്നിലുള്ള ആശങ്ക മേലുദ്യോഗസ്ഥരെ അറിയിച്ചു. പൂരം ഡ്യൂട്ടിയിലുണ്ടായിരുന്നവര്‍ക്ക് ഇന്നലെ മൂന്ന് മണിക്ക് വീണ്ടും ഡ്യൂട്ടിക്ക് ഹാജരാകാന്‍ അനൗദ്യോഗികമായി നിര്‍ദേശമുണ്ടായിരുന്നെങ്കിലും ആരും ചെവിക്കൊണ്ടില്ല. ഡ്യൂട്ടിക്ക് ഹാജരാകാന്‍ ആദ്യം നിര്‍ദ്ദേശം നല്‍കിയെങ്കിലും പിന്നീട് അത് പിന്‍വലിക്കുകയാണ് ഉണ്ടായതെന്ന് പോലീസ് ഉന്നത വൃത്തങ്ങള്‍ വ്യക്തമാക്കി.
4000 പോലീസ് ഉദ്യോഗസ്ഥരാണ് പൂരത്തിന് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നത്. 11ന് പകല്‍പ്പൂര ഡ്യൂട്ടി ചെയ്ത ജില്ലയിലെ വനിതാ ഉദ്യോഗസ്ഥരോടും ഇന്നലെ ഡ്യൂട്ടിക്ക് എത്താന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. 12 മണിക്കൂറും, 24 മണിക്കൂറും നിന്ന് ജോലി ചെയ്ത പോലീസുകാര്‍ക്ക് അധിക ശമ്പളമോ ഡ്യൂട്ടി ഓഫോ നല്‍കാത്ത സാഹചര്യമാണ്. കുടമാറ്റ സമയത്തും തെക്കോട്ടിറക്കത്തിനും ഉണ്ടായ തിരക്കില്‍പെട്ട് ഏതാനും പോലീസുകാര്‍ക്ക് പരിക്കേറ്റ സംഭവങ്ങളും ഉണ്ടായി. ഇതിനുപിന്നാലെയാണ് അധികഡ്യൂട്ടി നിര്‍ദ്ദേശം എത്തിയത്.
പകല്‍പ്പൂരം കഴിഞ്ഞ് മടങ്ങാനിരുന്നപോലീസുകാര്‍ക്ക് വൈകിട്ട് ഏഴിന് വെടിക്കെട്ട് നടക്കുമെന്ന അറിയിപ്പ് കിട്ടിയതോടെ മടങ്ങാനാകാതെയായി. പൂരം ഡ്യൂട്ടി കഴിഞ്ഞ് മടങ്ങാനിരുന്ന മറ്റ് സ്റ്റേഷനുകളിലെ പോലീസുകാരാണ് ഇങ്ങനെ പ്രതിസന്ധിയിലായത്. ഇതിനുപിന്നാലെയാണ് ഇവരോട് ഇന്നലെ നിര്‍ബന്ധമായും ഡ്യൂട്ടിക്കെത്തണമെന്ന പുതിയ നിര്‍ദ്ദേശം.
തുടര്‍ച്ചയായ ജോലിഭാരം പോലീസുകാരുടെ മനോനിലയെ ബാധിച്ചെന്നും ഡ്യൂട്ടിയിലുണ്ടായിരുന്ന ചില പോലീസുകാര്‍ പൂരം കാണാന്‍ എത്തിയവരോടും ദേവസ്വം ഭാരവാഹികളോടും മോശമായി പെരുമാറിയെന്നും പരാതി ഉയര്‍ന്നിട്ടുണ്ട്. തുടര്‍ച്ചയായി ഡ്യൂട്ടി ചെയ്യേണ്ടിവന്നതിലെ അമര്‍ഷവും മേലുദ്യോഗസ്ഥരോടുള്ള ദേഷ്യവുമാണ് പോലീസുകാര്‍ സാധാരണ ജനങ്ങള്‍ക്കുനേരെ പ്രകടിപ്പിച്ചതെന്നാണ് വ്യക്തമാകുന്നത്.
ഇലഞ്ഞിത്തറ മേളത്തിന് ശേഷമുള്ള തെക്കോട്ടിറക്കത്തിന് പിന്നാലെ എത്തിയ ദേവസ്വം ഭാരവാഹികളെ പോലീസ് പിടിച്ചുതള്ളിയത് സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു. ഇതേതുടര്‍ന്ന് പോലീസ് ലാത്തിവീശിയതും പ്രതിഷേധത്തിനിടയാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: