ന്യൂദല്‍ഹി: പ്രതിരോധ ശേഷിയുള്ള ആഗോള വിതരണ ശൃംഖല സൃഷ്ടിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വാക്സിനുകളും മരുന്നുകളും എല്ലാവര്ക്കും പ്രാപ്തമാക്കുകയും വേണമെന്നും അദ്ദേഹം പറഞ്ഞു. രണ്ടാം ആഗോള കൊവിഡ് വെര്‍ച്വല്‍ ഉച്ചകോടിയുടെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മോദി. Â
ഭാവിയിലെ ആരോഗ്യ അടിയന്തരാവസ്ഥകള്‍ നേരിടാന്‍ ആഗോളതലത്തില്‍ യോജിച്ച പ്രതികരണം ആവശ്യമാണ്. ഇന്ത്യയിലെ ചികിത്സാ രംഗത്തെ പാരമ്പര്യമായ അറിവുകള്‍ ലോകത്തിന് ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ കഴിഞ്ഞ മാസം ലോകാരോഗ്യ സംഘടനയുടെ സെന്റര്‍ ഫോര്‍ ട്രഡീഷണല്‍ മെഡിസിന് സ്ഥാപിച്ചതായും അദ്ദേഹം പറഞ്ഞു.
കൊവിഡിനെതിരെ ജനങ്ങളെ കേന്ദ്രീകരിച്ചുള്ള തന്ത്രമാണ് സ്വീകരിച്ചത്. ബജറ്റില്‍ ആരോഗ്യ മേഖലയ്ക്കായി എക്കാലത്തെയും ഉയര്‍ന്ന തുകയാണ് വകയിരുത്തിയത്. ഇന്ത്യയിലെ കൊവിഡ് വാക്സിനേഷന് ലോകത്തിലെ ഏറ്റവും വലുതാണ്. ഏകദേശം 90% പേര്‍ക്കും പൂര്‍ണ്ണമായും വാക്സിന് നല്കി. ലോകാരോഗ്യ സംഘടന അംഗീകരിച്ച നാല് വാക്സിനുകള്‍ ഇന്ത്യ നിര്‍മ്മിക്കുന്നു. ഈ വര്‍ഷം അഞ്ച് ബില്യണ്‍ വാക്സിന് ഡോസുകള്‍ ഉത്പാദിപ്പിക്കാനുള്ള ശേഷിയുണ്ടെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ ക്ഷണപ്രകാരമാണ് പ്രധാനമന്ത്രി ഉച്ചകോടിയില്‍ പങ്കെടുത്തത്. യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്, ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അഥനോം ഗെബ്രിയേസസ് തുടങ്ങിയവര്‍ ഉച്ചകോടിയില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: