കോട്ടയം: കൊവിഡിന് ശേഷം സാമ്പത്തിക, വാണിജ്യ, വ്യവസായ മേഖലയെ ഉത്തേജിപ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച ആത്മനിര്‍ഭര്‍ ഭാരതിന്റെ ഭാഗമായി നടപ്പാക്കി വരുന്ന എംഎസ്എംഇ (മൈക്രോ, സ്മോള്‍ ആന്‍ഡ് മീഡിയം എന്റര്‍പ്രൈസസ്) പദ്ധതിയുടെ പേര് സംസ്ഥാന സര്‍ക്കാര്‍ മാറ്റി. കെഎംഎസ്എംഇ എന്ന പേരിലാണ് പദ്ധതി സംസ്ഥാനം നടപ്പാക്കുന്നത്. വാണിജ്യവകുപ്പിന്റെ കീഴില്‍ കെ. ബിപ്പ് (കേരള ബ്യൂറോ ഓഫ് ഇന്‍ഡസ്ട്രിയല്‍ പ്രമോഷന്) എന്ന പേരില്‍ ഓര്ഗനൈസേഷന് രൂപീകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.
2020 ജൂണ്‍ 15ന് 417/2020/ഐഡി എന്ന സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് പ്രകാരമാണ് നടപടി. ആത്മനിര്‍ഭര്‍ ഭാരതിന്റെ ഭാഗമായി കേന്ദ്രസര്‍ക്കാരിന്റെ പദ്ധതി നടപ്പാക്കുന്നത് കെ. ബിപ്പ് മുഖേനയാണെന്ന് ഉത്തരവില്‍ വ്യക്തമായി പറയുന്നുണ്ട്. ഇതിന്റെ ഭാഗമായി ചീഫ് സെക്രട്ടറി ചെയര്‍മാനായി സംസ്ഥാനതല കമ്മിറ്റിയും ജില്ലാ കളക്ടര്‍ ചെയര്‍മാനായി ജില്ലാതല കമ്മിറ്റിയും രൂപീകരിച്ചു. 1300 താത്കാലിക തസ്തിക സൃഷ്ടിച്ച് നിയമനവും നടത്തി. എന്നാല്‍ ഇതിനായി മാധ്യമങ്ങളില്‍ കൂടി അപേക്ഷ ക്ഷണിച്ചുള്ള അറിയിപ്പൊന്നും നല്‍കിയില്ല.
സംസ്ഥാന വ്യാപകമായി ഗ്രാമപഞ്ചായത്തില്‍ ഒരാളെയും നഗരസഭയില്‍ മൂന്ന് പേരെയും കോര്‍പ്പറേഷനില്‍ അഞ്ച് പേരെയുമാണ് നിയമിച്ചിരിക്കുന്നത്. ബിബിഎ, എംബിഎ, എംഎസ്ഡബ്ല്യൂ യോഗ്യതയുള്ളവരെ ഒഴിവാക്കി ബിടെക്കുകാരെയാണ് നിയമിച്ചത്. നിയമനം ലഭിച്ചവരെല്ലാം സിപിഎമ്മുകാരാണ്. ഇരുപതിനായിരം രൂപയാണ് ശമ്പളം. പുതിയതായി തൊഴില്‍ സംരംഭങ്ങള്‍ തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ആവശ്യമായ ബോധവത്കരണം നടത്തുന്നതാണ് ഇവരുടെ ജോലി. ഒരു വര്‍ഷമാണ് നിയമന കാലാവധി.
എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്ത് അവസരം കാത്തിരിക്കുന്നവരെ ഒഴിവാക്കിയാണ് പിന്‍വാതിലിലൂടെ നിയമനം നടത്തിയത്. പദ്ധതിയുടെ അറുപത് ശതമാനം ഫണ്ടും കേന്ദ്രസര്‍ക്കാരാണ് ചെലവിടുന്നത്. വാണിജ്യ, വ്യവസായ മേഖലയെ ക്ലസ്റ്ററായി തരംതിരിച്ച് സഹായവും ഉത്തേജക പാക്കേജും നടപ്പാക്കും. ഒരു ഗ്രാമത്തില്‍ ഒരു വ്യവസായമെന്ന സ്വയം പര്യാപ്തതയാണ് കേന്ദ്രസര്‍ക്കാര്‍ ഇതിലൂടെ ലക്ഷ്യമിടുന്നത്. സംസ്ഥാനത്തെ 12 ക്ലസ്റ്ററിന് കേന്ദ്രസര്‍ക്കാര്‍ ഇതുവരെ 4,728. 68 കോടി രൂപയാണ് നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: