മുംബൈ: ഇത്രയേറെ വിവാദങ്ങളുണ്ടാക്കിയിട്ടും രാജ് താക്കറെയെ അറസ്റ്റ് ചെയ്യാന്‍ ഭയപ്പെടുന്ന മഹാരാഷ്ട്ര സര്‍ക്കാരിനും ശിവസേനയ്ക്കുമെതിരെ വെല്ലുവിളിയുമായി മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേന (എംഎന്‍എസ്) നേതാവ് ബാല നന്ദ്ഗാവോങ്കര്‍. രാജ് താക്കറെയുടെ മുടിയിഴയില്‍ തൊട്ടാല്‍ പോലും മഹാരാഷ്ട്ര കത്തുമെന്ന് അദ്ദേഹം താക്കീത് ചെയ്തു.
മുസ്ലിം പള്ളികളില്‍ ഉച്ചഭാഷിണിയിലൂടെയുള്ള വാങ്ക് വിളിക്കെതിരെ ഹനുമാന് ഭജന ഉച്ചത്തില്‍ ചൊല്ലുമെന്ന ഭീഷണിയുയര്‍ത്തിയ രാജ് താക്കറെയ്ക്കെതിരെ വധഭീഷണി ഉയര്‍ന്നിരിക്കുകയാണ്. രാജ് താക്കറയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി നവനിര്‍മ്മാണ്‍ സേനയുടെ ഓഫീസിലേക്ക് ഒരു കത്ത് വന്നതായും ബാല നന്ദ്ഗാവോങ്കര്‍ പറഞ്ഞു. ഹിന്ദിയിലാണ് കത്തെങ്കിലും ഉറുദുവിലും ചില കാര്യങ്ങള്‍ വധഭീഷണിക്കത്തില്‍ എഴുതിയിട്ടുണ്ട്.മുംബൈ പൊലീസ് കമ്മീഷണര്‍ സഞ്ജയ് പാണ്ഡെയെയും ബാല നന്ദ്ഗാവോങ്കര്‍ കണ്ടു.
വധഭീഷണിക്കത്തിനെക്കുറിച്ച് മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി ദിലീപ് വാല്‍സെ പാട്ടീലിനെ അറിയിച്ചിട്ടുണ്ടെന്നും ബാല നന്ദ്ഗാവോങ്കര്‍ പറഞ്ഞു. “രാജ് താക്കറെയ്ക്ക് സംരക്ഷണം നല്കാന് മഹാരാഷ്ട്ര സര്‍ക്കാരിനോട് അപേക്ഷിച്ചെങ്കിലും ചെവിക്കൊണ്ടില്ല. കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യം പരിശോധിക്കണം”- ബാല നന്ദ്ഗാവോങ്കര്‍ അഭിപ്രായപ്പെട്ടു. ജൂണ്‍ അഞ്ചിന് രാജ് താക്കറെ അയോധ്യ സന്ദര്‍ശിക്കുമെന്നും ബാല നന്ദ്ഗാവോങ്കര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: