മാഞ്ചസ്റ്റര്‍: ബെര്‍ണാബ്യൂവിലെ കഥ മറന്നേക്കൂ, ഇത് എത്തിഹാദ് സ്റ്റേഡിയം. ചാമ്പ്യന്‍സ് ലീഗില്‍ റയല്‍ മാഡ്രിഡിനോട് തോറ്റതിന്റെ ക്ഷീണം ഗോളടിച്ച് തീര്‍ത്ത് മാഞ്ചസ്റ്റര്‍ സിറ്റി. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ന്യൂകാസില്‍ യുണൈറ്റഡിനെ തോല്‍പ്പിച്ചത് എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്ക്. ഇതോടെ കിരീടത്തിലേക്ക് സിറ്റി കൂടുതല്‍ അടുത്തു. രണ്ടാം സ്ഥാനത്തുള്ള ലിവര്‍പൂളിനെക്കാള്‍ മൂന്ന് പോയിന്റ് അധികമായി.
കിരീടപ്പോരില്‍ ഒപ്പത്തിനൊപ്പമുള്ള ലിവര്‍പൂളിനെ പിന്നിലാക്കിയതോടെ കിരീടം നിലനിര്‍ത്താനുള്ള സാധ്യതയും വര്‍ധിച്ചു. 19-ാം മിനിറ്റില്‍ റഹിം സ്റ്റെര്‍ലിങ്ങാണ് ഗോളടിക്ക് തുടക്കമിട്ടത്. ഇടവേളയ്ക്ക് മുന്‍പ് അയ്മറിക് ലപ്പോര്‍ട്ട ലീഡുയര്‍ത്തി. മൂന്നാം ഗോള്‍ റോഡ്രി നേടി. ഫില്‍ ഫോഡനിലൂടെ നാലാം ഗോളും ഗോള്‍വേട്ടയ്ക്ക് തുടക്കമിട്ട റഹിം സ്റ്റെര്‍ലിങ് ഇഞ്ചുറിടൈമില്‍ അഞ്ചാം ഗോളും നേടി.
സിറ്റിക്ക് നിലവില്‍ 35 കളിയില്‍ 86 പോയിന്റാണുള്ളത്. രണ്ടാമതുള്ള ലിവര്‍പൂളിന് 83 പോയിന്റ്. മൂന്ന് മത്സരങ്ങള്‍ ബാക്കിയുള്ള സിറ്റി തോല്‍ക്കാതിരുന്നാല്‍ കിരീടം ഉറപ്പ്. സിറ്റിയുടെ കളിയെ ആശ്രയിച്ചിരിക്കും ലിവര്‍പൂളിന്റെ സാധ്യത.
മറ്റൊരു മത്സരത്തില്‍ ചാമ്പ്യന്‍സ് ലീഗ് പ്രതീക്ഷ നിലനിര്‍ത്തി ആഴ്സണല്‍. ലീഡ്സ് യുണൈറ്റഡിനെ 2-1ന് തോല്‍പ്പിച്ചു. ഇതോടെ പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനത്തേക്കുയര്‍ന്നു. എഡ്ഡി എന്കെതികയയുടെ ഇരട്ടഗോള്‍ മികവിലാണ് ആഴ്സണലിന്റെ ജയം. 35 കളിയില്‍ 66 പോയിന്റാണ് ആഴ്സണലിനുള്ളത്. ടോട്ടനം 62 പോയിന്റുമായി ആഞ്ചാം സ്ഥാനത്തുണ്ട്.
Â
പ്രതികരിക്കാൻ ഇവിടെ എഴുതുക: