തൃശ്ശൂര്‍: 36 മണിക്കൂര്‍ നീളുന്ന തൃശ്ശൂര്‍ പൂരത്തിന്റെ വിളംബരം അറിയിച്ച് നെയ്തലക്കാവിലമ്മ വടക്കുന്നാഥ ക്ഷേത്രത്തിന്റെ തെക്കേ ഗോപുര നട നാളെ രാവിലെ തുറക്കും. കൊച്ചിന് ദേവസ്വം ബോര്‍ഡിന്റെ കൊമ്പന് എറണാകുളം ശിവകുമാറിന്റെ ശിരസിലേറിയാണ് നെയ്തലക്കാവ് ഭഗവതി പൂരനഗരിയിലെത്തുക.
കുറ്റൂര്‍ നെയ്തലക്കാവ് ക്ഷേത്രത്തില്‍ നിന്ന് തന്ത്രി പൂജകള്‍ക്ക് ശേഷം രാവിലെ 8.30ന് നാഗസ്വരത്തിന്റെ അകമ്പടിയോടെ എഴുന്നെള്ളിപ്പ് ആരംഭിക്കും. എഴുന്നെള്ളിപ്പ് 10ന് മണികണ്ഠനാലിനടുത്തെത്തുമ്പോള് മേളം ആരംഭിക്കും. 11.30ന് ശ്രീമൂലസ്ഥാനത്തെത്തിയാല് മേളം സമാപിക്കും. പിന്നീട് പടിഞ്ഞാറെ നടയിലൂടെ ക്ഷേത്രത്തിനുള്ളില്‍ കയറി വടക്കുന്നാഥനെ പ്രദക്ഷിണം വെച്ച് അനുവാദം ചോദിച്ച ശേഷം 11.45ഓടെ തെക്കേ ഗോപുരവാതില്‍ തുറന്ന് നെയ്തലക്കാവിലമ്മ പൂരവിളംബരം നടത്തും. കേരളത്തിലെ ഏറ്റവും ഉയരമുള്ള നാട്ടാനകളിലൊന്നായ കൊമ്പന് ശിവകുമാര്‍ തെക്കേ ഗോപുരനട തുറക്കുന്നതോടെ പൂരങ്ങളുടെ പൂരത്തിന് നാന്ദി കുറിക്കും. Â
നെയ്തലക്കാവിലമ്മ തുറന്നിടുന്ന തെക്കേഗോപുര നടയിലൂടെ മറ്റെന്നാള്‍ രാവിലെ കണിമംഗലം ശാസ്താവ് വടക്കുന്നാഥനിലേക്ക് എഴുന്നെള്ളുന്നതോടെ പൂരത്തിന് തുടക്കമാകും. ഘടകപൂരങ്ങളില്‍ തെക്കേ ഗോപുര നട വഴി കയറി കണിമംഗലം ശാസ്താവ് മാത്രമാണ് വടക്കുന്നാഥ ക്ഷേത്രത്തിലേക്കു പ്രവേശിക്കുന്നത്. കണിമംഗലം ശാസ്താവിന് തൊട്ടുപിറകേ പനമുക്കുംപിള്ളി, ചെമ്പൂക്കാവ്, ലാലൂര്‍, പൂക്കാട്ടിക്കര, ചൂരക്കോട്ടുകാവ്, അയ്യന്തോള്‍, കുറ്റൂര്‍ എന്നീ ഏഴ് ഘടക ക്ഷേത്രങ്ങളുടെ പൂരങ്ങള്‍ വിവിധ സമയങ്ങളിലായി വടക്കുന്നാഥനെ പ്രണമിക്കാനെത്തും. പൂരത്തിലെ പ്രധാന പങ്കാളികളായ പാറമേക്കാവ്, തിരുവമ്പാടി ഭഗവതിമാരും വടക്കുന്നാഥനെ വണങ്ങാനെത്തും. Â
പൂരത്തോടനുബന്ധിച്ചുള്ള സാമ്പിള്‍ വെടിക്കെട്ട് ഇന്ന് അരങ്ങേറി. പാറമേക്കാവും തിരുവമ്പാടിയും മത്സരിച്ച് നടത്തിയ സാമ്പിള്‍ Â പൂരനഗരിയിലെത്തിയ ആയിരങ്ങളുടെ കണ്ണും കാതും നിറച്ചു. ബുധനാഴ്ച പുലര്‍ച്ചെ മൂന്നിനാണ് പ്രധാന വെടിക്കെട്ട്. Â പൂരം ചമയപ്രദര്‍ശനം കഴിഞ്ഞ ദിവസം ആരംഭിച്ചു. ആദ്യദിനത്തില്‍ തന്നെ പൂരപ്രേമികളുടെ വന്‍തിരക്കുണ്ടായി. പാറമേക്കാവ് വിഭാഗം അഗ്രശാലയിലും തിരുവമ്പാടി വിഭാഗം കൗസ്തുഭം ഹാളിലുമാണ് പ്രദര്‍ശനം ഒരുക്കിയിട്ടുള്ളത്. സ്ത്രീകളും കുട്ടികളുമടക്കം ആയിരങ്ങളാണ് ചമയ പ്രദര്‍ശനം വീക്ഷിക്കാനെത്തിയത്. പ്രദര്‍ശനം ഇന്ന് രാത്രി വരെ തുടരും.
Â
പ്രതികരിക്കാൻ ഇവിടെ എഴുതുക: