സ്ത്രീശാക്തീകരണത്തിന്റെ ഉത്തമ ഭൂമികയാണ് എന്നും ഭാരതം. വേദകാലത്ത് പണ്ഡിതസഭകളിലെ സാന്നിധ്യമായിരുന്നു ഗാര്‍ഗ്ഗിയും മൈത്രേയിയും. 1780 ല്‍ തമിഴ്നാട്ടിലെ ശിവഗംഗയുടെ മഹാറാണിയായിരുന്ന വേലു നാച്ചിയാരും ഉദയാല്പ്പട എന്ന സൈന്യത്തിന്റെ അധിപയായിരുന്ന ദളിത് വിഭാഗത്തില്‍ പെട്ട കുയിലിയും ഭാരതീയ ചരിത്രത്തിന്റെ പ്രൗഢോജ്ജ്വല മുഖങ്ങളാണ്. ഝാന്‍സി റാണിയും കിത്തൂര് റാണി ചെന്നമ്മയും നാഗാ ഗോത്രത്തില്‍ നിന്ന് പതിന്നാം വയസ്സില്‍ സ്വാതന്ത്ര്യസമരരംഗത്തേക്കു കടന്നുവന്ന റാണി മാ ഗൈഡിന്‍ലിയുവും 1812ല്‍ അടിമ വ്യവസായം നിര്‍ത്തലാക്കിയ തിരുവിതാംകൂര്‍ മഹാറാണി ആയില്യം തിരുനാള്‍ ഗൗരി ലക്ഷ്മിബായിയും എല്ലാം രാഷ്ട്രചേതനയുടെ ശക്തികളാണ്.
ബ്രിട്ടീഷ് കൊളോണിയലിസത്തിന്റെയും ആ പാത പിന്തുടര്‍ന്ന നെഹ്റുവിയന്‍ ഭരണത്തിന്റെയും ഫലമായാണ് സ്ത്രീ പാര്‍ശ്വവത്കരിക്കപ്പെട്ടത്. സ്ത്രീക്കു നഷ്ടപ്പെട്ട അന്തസ്സും ശക്തിയും വീണ്ടെടുക്കാനുള്ള നയവും പ്രവര്‍ത്തനങ്ങളുമാണ് ഇന്നു ഭാരതത്തില്‍ നടക്കുന്നത്. ബേട്ടി ബച്ചാവോ ബേട്ടി പഠാവോ, സുകന്യ സമൃദ്ധി യോജന, മുത്തലാഖ് നിരോധനം, വിവാഹ പ്രായപരിധി ഇരുപത്തിയൊന്ന് ആക്കിയത്… എല്ലാം സ്ത്രീശാക്തീകരണത്തിന്റെ നാഴികക്കല്ലുകളാണ്.
രാജ്യത്താകെ ഈ മാറ്റം പ്രകടമാണെങ്കിലും കേരളം സ്ത്രീപീഡകരുടെ സ്വതന്ത്രഭൂമിയായി മാറുന്നു എന്നത് ദൗര്‍ഭാഗ്യകരവും അപമാനകരവുമാണ്. കേരളത്തിന്റെ മണ്ണ് നവോത്ഥാനത്തിന്റേതാണ്. ശങ്കരാചാര്യരും ചട്ടമ്പിസ്വാമികളും ശ്രീനാരായണഗുരുവും അയ്യങ്കാളിയും പണ്ഡിറ്റ് കറുപ്പനും കേളപ്പജിയും മാധവ്ജിയും പരമേശ്വര്‍ജിയും മാതാ അമൃതാനന്ദമയീ ദേവിയും ഉള്‍പ്പെടെയുള്ള നവോത്ഥാന നായകര്‍ സ്ഫുടം ചെയ്ത സാംസ്കാരിക ഭൂമിക.
‘മാതൃദേവോ ഭവ’ എന്ന ധര്മ്മമന്ത്രം ഉയരുന്ന പുണ്യഭൂമി. സ്ത്രീശാക്തീകരണത്തില്‍ എക്കാലത്തെയും ലോകോത്തര ദര്‍ശനം ഭാരതത്തിന്റേതാണ്. ശങ്കരഭൂമിയായ കേരളമാണ് ഇതിന്റെ ഉറവിടം.
”ശിവശക്ത്യാ യുക്തോ
യതി ഭവതി ശക്തഃ പ്രഭവിതം
ന ചേ ദേവം ദേവോ
ന ഖലു കുശലഃ സ്പന്ദിതുമപി”
ഭഗവാന് ശിവന് ശക്തിയോടു ചേര്‍ന്നിരിക്കുമ്പോള്‍ മാത്രമേ ഒന്ന് സ്പന്ദിക്കാന്‍പോലും ശക്തനാകുന്നുള്ളു. ഭാരതീയമായ സ്ത്രീമുന്നേറ്റത്തിന്റെ മൂലമന്ത്രവും ഇതുതന്നെയാണ്. ഈ നാടിന്റെ സംസ്കാരവും പൈതൃകവും ചേര്‍ത്തുപിടിച്ചുള്ള ശാക്തീകരണമാണ് ഭാരതീയ ശൈലി. അമൃത് മഹോത്സവം ജീവിതത്തിന്റെ സമസ്ത മേഖലകളിലെയും സ്ത്രീകളെ ചേര്‍ത്തുപിടിച്ചുള്ള വികസനമാണ് ലക്ഷ്യമിടുന്നത്.
ഭാരതം നൂറാം സ്വാതന്ത്ര്യവര്‍ഷം ആഘോഷിക്കുമ്പോഴേക്കും കൃഷിയും ഭക്ഷ്യമേഖലയും തൊട്ട് വൈദ്യശാസ്ത്രവും രാജ്യസുരക്ഷയും ബഹിരാകാശവും ഉള്‍പ്പെടെയുള്ള മേഖലകളില്‍ വരെ സ്വാശ്രയത്വം കൈവരിക്കുകയാണ് ലക്ഷ്യം. ‘മേക്ക് ഇന്‍ ഇന്ത്യ’യില്നിന്ന് ‘മേക്ക് ഫോര്‍ ദ വേള്‍ഡ്’ ലേക്കും വീണ്ടും ഉയര്‍ന്ന് ‘വേള്‍ഡ് ഹബ്ബ് ആയി ലോകത്തിന്റെ Â നെറുകയിലേക്കും എത്തുക. ഈ ചിറകടികളില് ഒരു പടി മുന്നില്‍ സ്ത്രീ സമൂഹവും നില്ക്കുന്നു എന്നത് മഹത്തരം. പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്കുന്നതിനോടൊപ്പം അവരെ ഏറ്റവും ഉന്നതിയിലേക്കെത്തിക്കാനുള്ള പ്രവര്‍ത്തനങ്ങളും നടപ്പിലാക്കുന്നു. നാഷണല്‍ ഡിഫന്‍സ് അക്കാദമിയില്‍ ചരിത്രത്തിലാദ്യമായി പെണ്‍കുട്ടികള്‍ക്ക് ബാച്ച് അനുവദിച്ചതാണ് മറ്റൊരു മാതൃക. സ്ത്രീകളെ സംരംഭകരാക്കാനുള്ള ശ്രമങ്ങളും പ്രത്യേക പദ്ധതികളും നിരവധി. അമൃത് മഹോത്സവത്തിന്റെ ഭാഗമായി സ്വാതന്ത്ര്യസമരചരിത്രം ചര്‍ച്ച ചെയ്യപ്പെടുകയാണ്. ധാര്‍മ്മികതയിലും ദേശീയതയിലും ഊന്നി സ്വാതന്ത്ര്യത്തിനായി പോരാടിയ വീരയോദ്ധാക്കളെയും വീരാംഗനമാരെയും സ്മരിക്കുന്നത് ‘സ്ത്രീശക്തി ദേശീയതയിലൂടെ ആത്മനിര്‍ഭരത’യിലേക്ക് എന്ന ധ്യേയവാക്യത്തിന്റെ സാക്ഷാത്കാരത്തിലേക്കുള്ള പ്രേരണയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: