ശ്രീദേവി എസ്. കെ
‘ചിരിക്കുന്ന കഥകേട്ടാലിരിക്കും
ആയതല്ലെങ്കില്‍ തിരിക്കും’
(കുഞ്ചന്‍ നമ്പ്യാര്‍ )
കേരള ശാസ്ത്രീയ കലകളില്‍ എക്കാലവും പ്രാധാന്യമുള്ള ഒന്നാണ് ഓട്ടന്‍ തുള്ളല്‍. പതിനെട്ടാം നൂറ്റാണ്ടില്‍ കലക്കത്ത് കുഞ്ചന്‍നമ്പ്യാര്‍ ആവിഷ്‌ക്കരിച്ച ഈ ജനകീയകല രൂപംകൊണ്ടതിനു പിന്നിലുള്ള കഥ മലയാളികള്‍ മറക്കില്ല. ചാക്യാര്‍കൂത്തിനു പകരമായിട്ടാണ് നമ്പ്യാര്‍ ഇത് അവിഷ്‌ക്കരിച്ചത്. അക്കാലത്തു നിലവിലുണ്ടായിരുന്ന സാമൂഹിക, സാമ്പത്തിക വ്യവസ്ഥയോടും മുന്‍വിധികളോടുമുള്ള പ്രതിഷേധം ഈ കലയില്‍ കൂടി സാധ്യമായിരുന്നു.അസാമാന്യ വൈഭവത്തോടുകൂടിയാണ് തുള്ളല്‍ കലാകാരന്‍ ഹസ്യരസം ആസ്വാദകരിലേക്ക് പകരുന്നത്.
‘ഗണപതിപ്രാതല്‍’ തുള്ളല്‍ കഥ കൈകൊട്ടി, മുദ്രകള്‍ കാട്ടി, മുഖത്ത് ഭാവങ്ങള്‍ വരുത്തി അവതരിപ്പിക്കുന്നത് തുള്ളല്‍ ആചാര്യന്‍ കീഴ്വായ്പൂര്‍ താഴത്തു ചക്കാലയില്‍ കുഞ്ഞന്‍പിള്ള ആശാന്‍. ഇത്തവണ വേദിയില്‍ വച്ചല്ല വീട്ടില്‍വച്ചാണ്…
107 വയസ്സ്. ഓര്‍മ്മക്കുറവുണ്ട്. എന്നാലും തുള്ളല്‍ എന്ന് കേട്ടാല്‍ ഇന്നും ഹരമാണ്. കലാമണ്ഡലത്തിലെ ആദ്യകാല തുള്ളല്‍ ആചാര്യനായ കലാമണ്ഡലം ദിവാകരന്‍നായരുടെ സ്മരണാര്‍ത്ഥം ഏര്‍പ്പെടുത്തിയ സൗഗന്ധിക പുരസ്‌കാരം നല്‍കി ഈയിടെ ഇദ്ദേഹത്തെ ആദരിച്ചിരുന്നു.
തുള്ളല്‍ പാരമ്പര്യമുള്ള ആരും കുടുംബത്തില്‍ ഇല്ല. ശാസ്ത്രീയമായി ഇത്തരം കലകള്‍ പഠിപ്പിച്ചിരുന്ന സ്ഥാപനങ്ങളും അന്നുണ്ടായിരുന്നില്ല. കുറിയന്നൂര്‍ വേലുപ്പിള്ള യായിരുന്നു ഗുരു. അദ്ദേഹത്തിന്റെ അച്ഛനും തുള്ളല്‍ കലാകാരനായിരുന്നു.ഈ കലയോടുള്ള താല്‍പര്യം കൊണ്ട് മാത്രമാണ് തുള്ളല്‍ പഠിക്കാനായി ആശാനെ സമീപിച്ചത്. എട്ടു പേരുണ്ടായിരുന്നു.കടുത്താറ്റ് ദാമോദരന്‍, നന്ത്യാട്ട് ചന്ദ്രശേഖരന്‍, ചക്കാല കൃഷ്ണപിള്ള ഇവരൊക്കെ സഹപാഠികളായിരുന്നു. ഒരാള്‍ക്ക് അഞ്ച് രൂപയാണ് ഫീസ്. രണ്ടുകൊല്ലം പഠിച്ചു. പിന്നീട് ചെന്നിത്തല കുഞ്ഞന്‍പിള്ളയുടെ കീഴിലും പഠിച്ചു.
അതിനുശേഷം പ്രോഗ്രാമിന് പോയി തുടങ്ങി.തെക്കന്‍ കേരളത്തിലെ പല പ്രമുഖ ക്ഷേത്രങ്ങളിലും തുള്ളല്‍ അവതരിപ്പിച്ചിട്ടുണ്ട്.
തുള്ളല്‍ കലാകാരന്മാരുടെ മോശമായ സാമ്പത്തികാവസ്ഥ കാരണം അധികമാരും ഈ കലയിലേക്ക് ആകര്‍ഷിക്കപ്പെട്ടിട്ടില്ല. തുള്ളല്‍ ഒരു ജീവനോപാധിയായി കാണാന്‍ സാധിക്കില്ലായിരുന്നു. അതുകൊണ്ടുതന്നെ ശിഷ്യന്മാരും ഇല്ല. കലയോട് ഇഷ്ടം തോന്നി പഠിക്കാന്‍ ആരും വന്നതുമില്ല.
‘സാധാരണക്കാരന്റെ കഥകളി’ എന്ന് അറിയപ്പെട്ടിരുന്ന ഓട്ടന്‍തുള്ളല്‍ കേരളീയ രംഗകലകളില്‍ പ്രധാനമാണ്. പറയന്‍, ശീതങ്കന്‍ എന്നിങ്ങനെ മറ്റു വിഭാഗങ്ങളിലുള്ള തുള്ളലും അവതരിപ്പിച്ചിട്ടുണ്ട്.എന്നാല്‍ ഓട്ടന്‍ തുള്ളലിന് വ്യത്യാസമുണ്ട്.പറയന്‍ തുള്ളലും ശീതങ്കന്‍ തുള്ളലും പതിഞ്ഞ ഈണവും താളവും ഉള്ളതാണെങ്കില്‍ ദൃശ്യഭംഗിയും വേഗവും കൂടുതലുള്ളത് ഓട്ടന്‍തുള്ളലിനാണ്.
‘ചിരിപ്പാന്‍ സംഗതിയുള്ള കവിതകള്‍ ചൊല്ലിയാല്‍ കേട്ടിരിപ്പാന്‍ ആഗ്രഹം ഉണ്ടാകാം’ എന്നാണ്. ചിരിപ്പിക്കുക എന്നത് തുള്ളല്‍ കലാകാരന്റെ ധര്‍മ്മമാണ്. സംഗീതവും, സാഹിത്യവും, ഹാസ്യവും കലര്‍ന്നതാണ് തുള്ളല്‍ പാട്ടുകള്‍. പാട്ടുപാടി നൃത്തം ചെയ്തു കൈമുദ്രകള്‍ കാട്ടി കാണികളെ കൈകൊട്ടി ചിരിപ്പിക്കാന്‍ തുള്ളല്‍ക്കാരന് ഒരു അസാമാന്യ വൈഭവം ഉണ്ട്.
പൂരുട്ടൂകാവ് ദേവീക്ഷേത്രത്തില്‍ പടയണി ഉത്സവത്തിന് ഓട്ടന്‍തുള്ളല്‍ അവതരിപ്പിച്ചിട്ടുണ്ട്.’പണ്ട് പടയണി തുടങ്ങുന്നതിനുമുന്‍പ് ഒരു പ്രോഗ്രാം ഓട്ടന്‍തുള്ളല്‍ ആയിരുന്നു. ആള്‍ക്കാര്‍ക്ക് ഒരു നേരമ്പോക്കിനു വേണ്ടിയായിരുന്നു ഇത്. ചുരുക്കം ചില കല്യാണങ്ങള്‍ക്കും സ്‌കൂള്‍ വാര്‍ഷിക ആഘോഷങ്ങള്‍ക്കും തുള്ളല്‍ നടത്താറുണ്ടായിരുന്നു. പ്രശസ്ത തുള്ളല്‍ കലാകാരന്‍ മലബാര്‍ രാമന്‍നായരും ഒന്നിച്ച് പലസ്ഥലങ്ങളിലും ഓട്ടന്‍തുള്ളല്‍ അവതരിപ്പിച്ചിട്ടുണ്ട്.
‘അമ്പലങ്ങളിലൊക്കെ പ്രോഗ്രാമിന് നടന്നാണ് പോയിരുന്നത്. ദൂരദേശങ്ങളിലാണെങ്കില്‍ ദിവസങ്ങള്‍ക്കു മുന്‍പേ പോകണം. പരിചയമുള്ളവരുടെ വീടുകളില്‍ അന്തിയുറക്കം. പ്രോഗ്രാം കഴിഞ്ഞ് അവിടെത്തന്നെ കിടക്കും. നേരം വെളുത്താല്‍ തിരികെ നടക്കും. ഒരു ചുട്ടിത്തോര്‍ത്തോ അരിയോ ഒക്കെയാണ് പ്രതിഫലം. സാമ്പത്തികമായി വളരെ മോശമായ അവസ്ഥയാണന്ന്. ഓട്ടന്‍തുള്ളലിനോടുള്ള Â താല്പര്യം കൊണ്ടു മാത്രമാണ് ഈ കല കൂടെകൊണ്ടു നടന്നത്. ഒരു ജീവനോപാധി ആയിരുന്നില്ല ഒരിക്കലും.’
വഞ്ചിപ്പാട്ടും തുള്ളല്‍ പാട്ടുകളും ഓര്‍മ്മയില്‍ തെളിയുമ്പോള്‍ ആശാന്റെ മനസ്സില്‍ പഴയ അരങ്ങുണരും. നാട്ടുകുറിഞ്ഞിയും, ഭൂപാളവും ബിലഹരിയുമൊക്കെ ഒഴുകിയെത്തും. ഇപ്പോഴും ഭാവരസം ചോരാതെ ആവേശത്തോടെ പാടിയവതരിപ്പിക്കാന്‍ ഇദ്ദേഹത്തിന് സാധിക്കുന്നു.
ഒരു സാഹിത്യരൂപം എന്ന നിലയിലും ജനകീയ കലാരൂപം എന്ന നിലയിലും ഓട്ടന്‍തുള്ളലിനെ നാം വിലയിരുത്തിയിട്ടുണ്ടോ എന്ന് സംശയം.
ഭാഷാലാളിത്യവും, സാഹിത്യാംശവും, ലളിതമായ വേഷവിതാനങ്ങളും, നാടോടി സ്വഭാവമുള്ള അംഗചലനങ്ങളുമാണ് ഈ കലാരൂപത്തിനുള്ളത്.
പരിമിതമായ വേഷഭൂഷാദികളും ചുരുങ്ങിയ രംഗസജ്ജീകരണങ്ങളും പാകത്തിനു സംഗീത, വാദ്യ, അഭിനയങ്ങളുമേ പണ്ടുണ്ടായിരുന്നുള്ളു. മൂന്ന് വ്യക്തികള്‍ ചേര്‍ന്നുള്ള അവതരണം. രംഗാവതരണത്തില്‍ സംഗീതത്തിന് വളരെയേറെ പ്രാധാന്യമുണ്ട്. നര്‍ത്തകനും രണ്ട് പിന്‍ പാട്ടുകാരും ആണ് രംഗത്ത്.
കിരീടം, തോള്‍വള, മാര്‍മാല, കച്ചകെട്ട്, കൂടാതെ, കാലില്‍ മണിയും. ഇതാണ് അന്നത്തെ തുള്ളല്‍ വേഷം.മുഖത്തെഴുത്തിന് ‘മനയോല’യാണ് ഉപയോഗിച്ചിരുന്നത്. മനയോല വെളിച്ചെണ്ണയൊഴിച്ച് ചാലിച്ചാല്‍ മഞ്ഞ നിറം കിട്ടും.ഇതിലേക്ക് നീലം ചേര്‍ക്കുമ്പോള്‍ പച്ച നിറം ലഭിക്കും. കണ്ണ് ചുവപ്പിക്കാന്‍ കറുത്തചുണ്ടയുടെ പൂവാണ് ഉപയോഗിച്ചിരുന്നത്. വഴുതനയുടെ പൂവും ഉപയോഗിച്ചിരുന്നു.പൊട്ടുകുത്തി, കരിമഷി കൊണ്ട് പുരികവും കണ്ണുമെഴുതി വാലിടും. ഇതാണ് ചമയങ്ങള്‍.
ഒരുപാട് തുള്ളല്‍ കഥകള്‍ അരങ്ങില്‍ അവതരിപ്പിച്ചിട്ടുണ്ട്. കല്യാണ സൗഗന്ധികം, രാമാനുജചരിതം, പാര്‍ത്ഥചരിതം, രുക്മിണീ സ്വയംവരം, സത്യാസ്വയംവരം, ബാണയുദ്ധം ഇങ്ങനെ പലതും. അരങ്ങില്‍ അവതരിപ്പിക്കാന്‍ ഏതാണ് ഏറെ ഇഷ്ടം എന്ന് ചോദിച്ചാല്‍ എല്ലാം ഇഷ്ടമാണെന്ന് ആശാന്‍ പറയും. ഇഷ്ടമായതേ പഠിച്ചിട്ടുള്ളൂ, ചെയ്തിട്ടുമുള്ളൂ.
സിനിമ, സീരിയലുകള്‍, മറ്റ് സാമൂഹ്യ മാധ്യമങ്ങള്‍ എന്നിവയുടെ വരവോടെ വീട്ടിലിരുന്നു ജനം കാഴ്ചക്കാരാവാന്‍ തുടങ്ങി. കാണികളെ ചിരിപ്പിച്ചു നേരിട്ടു കൈയ്യടി നേടിയ കലാകാരന്മാര്‍ക്ക് ഇന്ന് അതൊരു സ്വപ്നമായി മാറി.
തുള്ളലിലും ചില മാറ്റങ്ങള്‍ കടന്നുവന്നിട്ടുണ്ട്. Â ലളിതസുന്ദരമായ ചില ഘടകങ്ങള്‍ ഇന്ന് അപ്രത്യക്ഷമായി.മേളം കൊഴുപ്പിക്കുന്നതിനായി Â പുതിയ സംഗീതോ പകരണങ്ങളും ഇപ്പോള്‍ ഉപയോഗിക്കുന്നുണ്ട്. ചുരുക്കം പറഞ്ഞാല്‍, യുവജനോത്സവവേദികളില്‍ മാത്രം ഒതുങ്ങുന്ന ഒരു കലയായി ഇത് മാറുമോ എന്നാണ് സംശയം.
ജീവിതം ഓട്ടന്‍ തുള്ളലിനായി ഉഴിഞ്ഞുവെച്ച ഈ കലാകാരനെ കലാമണ്ഡലത്തിന്റെ പുരസ്‌കാരം ഒട്ടൊന്നുമല്ല സന്തോഷിപ്പിക്കുന്നത്.
‘രാവിലെ ആറുമണിക്ക് ഉണരും. ചായ കുടിക്കും. ഒമ്പതുമണിക്ക് പ്രഭാതഭക്ഷണം. ഒരു മണിക്ക് ഊണ്. പിന്നെ ഉറക്കം . മൂന്നരയോടെ പത്രവായന. നാലുമണിക്ക് കുഴമ്പ് തേച്ചു കുളി.’ ഈ വാര്‍ദ്ധക്യത്തിലും ചിട്ടയായ ജീവിതമാണ് കുഞ്ഞന്‍പിള്ള ആശാന്.
പുരസ്‌കാര ലബ്ധിയില്‍ ആവേശഭരിതനായ കുഞ്ഞന്‍പിള്ള ആശാന്റെ മനസ്സില്‍ ചിലമ്പിട്ട ഓര്‍മ്മകള്‍ ഒഴുകിയെത്തുന്നു. അരങ്ങത്ത് തരംഗിണി വൃത്തത്തില്‍ തുള്ളല്‍ പാട്ടുയരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: