തിരുവനന്തപുരം: ഷവര്‍മ കഴിച്ച് കാസര്‍കോട് വിദ്യാര്‍ത്ഥിനി മരിച്ചതിനു പിന്നാലെ സംസ്ഥാനത്ത് വ്യാപകമായി പരിശോധനകള്‍ നടക്കുകയാണ്. ചെറിയ കടകളില്‍ മാത്രം ഭക്ഷ്യസുരക്ഷ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുന്നു എന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു. അതിനുപിന്നാലെ സ്റ്റാര്‍ ഹോട്ടലുകളിലും പരിശോധന നടത്തി പഴകിയ ഭക്ഷ്യ വസ്തുക്കല് പിടിച്ചെടുത്തു.
ഇന്ന് നടന്ന പരിശോധനയിലും പലയിടത്തുനിന്നും പഴകിയ ഭക്ഷണങ്ങള്‍ പിടിച്ചെടുത്തു. തിരുവനന്തപുരം നെടുമങ്ങാട് സ്റ്റാര്‍ ഹോട്ടലുകളില്‍ നടത്തിയ പരിശോധനയില്‍ ഗുണനിലവാരമില്ലാത്ത ഭക്ഷണ സാധനങ്ങള്‍ പിടിച്ചെടുത്തിരുന്നു. നിരവധി കടകള്‍ക്ക് നോട്ടീസും നല്‍കിയിട്ടുണ്ട്.ഹോട്ടല്‍ ഭക്ഷണത്തില്‍ നിന്നും പാമ്പിന്റെ തോല് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നെടുമങ്ങാട് നഗരസഭാ ആരോഗ്യവിഭാഗം പരിശോധന ശക്തമാക്കിയത്. സ്റ്റാര്‍ ഹോട്ടലുകളായ ഇന്ദ്രപ്രസ്ത, സൂര്യ, സെന്‍ട്രല്‍ പ്ലാസ എന്നിവിടങ്ങളില്‍ നിന്നും പഴകിയ ആഹാര സാധനങ്ങള്‍ കണ്ടെത്തി. വൃത്തിഹീനമായി സൂക്ഷിച്ച കോഴിയിറച്ചിയും പഴകിയ മാവും പിടിച്ചെടുത്തിട്ടുണ്ട്.
എസ് യു ടി ആശുപത്രിയുടെ ക്യാന്റീനില്‍ നിന്നും പഴകിയ എണ്ണയും പൊറോട്ടയും പരിശോധനയില്‍ കണ്ടെത്തി. കൂടാതെ 25 കിലോ ഉപയോഗ ശൂന്യമായ മത്സവും പിടിച്ചെടുത്തിട്ടുണ്ട്. നിരവധി കടകള്‍ക്ക് നോട്ടീസ് നല്കി. കേരള ഹൗസ് മാര്‍ജിന്‍ ഫ്രീ മാര്‍ക്കറ്റും നോട്ടീസ് നല്‍കിയവയില്‍പ്പെടുന്നു. നിരോധിത പ്ലാസ്റ്റിക് കവറുകളും പിടിച്ചെടുത്തവയില്‍ ഉള്‍പ്പെടുന്നു. ഇന്നലെ വരെ സംസ്ഥാനത്ത് 110 കടകള്‍ പൂട്ടിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: