കോഴിക്കോട്: വഖഫ് ബോര്‍ഡ് നിയമനവുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗും സമസ്ത കേരള ജം ഇയ്യത്തുല്‍ ഉലമയും തമ്മില്‍ രൂപപ്പെട്ട ഭിന്നത വീണ്ടും രൂക്ഷമാകുന്നു. ലീഗ് നേതാക്കളെ അധിക്ഷേപിച്ച് സമസ്തയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഖുര്‍ആന്‍ സ്റ്റഡി സെന്ററിന്റെ ആഭിമുഖ്യത്തില്‍ റഹ്മത്തുള്ള ഖാസിമി വിവിധ സ്ഥലങ്ങളില്‍ നടത്തിയ പ്രഭാഷണമാണ് ഇപ്പോള്‍ മുസ്ലിം ലീഗുകാരെ പ്രകോപിപ്പിച്ചിരിക്കുന്നത്. ചില ലീഗ് നേതാക്കള്‍ അടുത്തിടെ കൂടുതലായി വഹാബിസത്തിന്റെ വക്താക്കളായി മാറുന്നതിനെതിരെയാണ് ഖാസിമിയുടെ വിമര്‍ശനം. ലീഗിലെ വഹാബി സ്വാധീനത്തെ ചൊല്ലിയുള്ള സമസ്ത നേതാക്കളുടെ അതൃപ്തിയുടെ ഭാഗം തന്നെയാണ് ഈ ആരോപണത്തിനും പിന്നിലെന്നാണ് സൂചന.
മുസ്ലിം യൂത്ത് ലീഗിന്റെ വിവിധ മണ്ഡലം കമ്മിറ്റികള്‍ റഹ്മത്തുള്ള ഖാസിമിയെ നിലയ്ക്ക് നിര്‍ത്തണമെന്നാവശ്യപ്പെട്ട് പ്രമേയം പസാക്കി. ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍ പോലുള്ള മഹത്തായ വേദികളില്‍ മുസ്ലിം ലീഗിന്റെ എംപിമാരെയും നേതാക്കളെയും അസഭ്യം പറയുന്നത് പതിവാക്കിയിരിക്കുകയാണ് ഖാസിമി എന്നാണ് യൂത്ത് ലീഗിന്റെ ആരോപണം. സമസ്തയുടെ പണ്ഡിത സഭ ഇക്കാര്യത്തില്‍ ഇടപെടണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.
മുന്‍ എസ്വൈഎസ് ഭാരവാഹിയായിരുന്നു റഹ്മത്തുള്ള ഖാസിമി. ലീഗ് നേതാവായ അബ്ദുള്‍ സമദ് സമദാനിയെ പേരെടുത്ത് പറയാതെ തൊപ്പിയിട്ട എംപി എന്ന് വിശേഷിപ്പിച്ചാണ് ഖസാമി പ്രഭാഷണങ്ങളില്‍ അധിക്ഷേപിക്കുന്നത്. കള്ള വഹാബിയാണ് ഈ എംപിയെന്നും സുന്നികളെ വഹാബിസത്തിലേക്ക് റിക്രൂട്ട് ചെയ്യുന്ന ഹമുക്കാണ് ഇയാളെന്നുമാണ് ഖാസിമിയുടെ ആക്ഷേപം. സുന്നി പ്രസ്ഥാനത്തെ അയാള്‍ നശിപ്പിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ലീഗിന്റെ മറ്റ് നേതാക്കളെയും അദ്ദേഹം വിമര്‍ശിക്കുന്നു. ലീഗ് എംഎല്‍എമാരല്ല, കേന്ദ്ര സര്‍ക്കാരാണ് തനിക്ക് റേഷന്‍ കാര്‍ഡ് നല്‍കിയതെന്ന് ഖാസിമി ചില സ്ഥലങ്ങളില്‍ പറഞ്ഞത് ലീഗ് പ്രവര്‍ത്തകരെയും നേതാക്കളെയും ഏറെ അസ്വസ്ഥപ്പെടുത്തിയിരുന്നു.
ലീഗില്‍ വഹാബികളുടെ സ്വാധീനം ഏറുന്നു എന്ന ധാരണയില്‍ നിന്നാണ് സമസ്തയും ലീഗും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ വീണത്. സുന്നികള്‍ ആധിപത്യം ഉറപ്പിച്ചിരുന്ന വഖഫ് പോലും വഹാബികള്‍ കൈയടക്കിയത് ലീഗിന്റെ മറവിലാണെന്ന ആരോപണങ്ങളുയര്‍ന്നപ്പോള്‍ ഭിന്നത രൂക്ഷമാവുകയായിരുന്നു. ഇതിന്റെ തുടര്‍ച്ചയായി സമസ്തയുടെ മതപ്രഭാഷകരില്‍ നിന്നും നേതാക്കളില്‍ നിന്നും നിരന്തരം ലീഗ് നേതൃത്വത്തിനെതിരെ വിമര്‍ശനങ്ങള്‍ ഉയരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: