കേരളത്തിന്റെ ശരിയായ വഴിയിലേക്കുള്ള ദിശാസൂചകമാണ് അടുത്തിടെ നടന്ന മൂന്ന് വ്യത്യസ്ത പരിപാടികള്‍. ഒന്നാമത്തേത് ഏപ്രില്‍ 13ന് കോഴിക്കോട് തളിക്ഷേത്ര സന്നിധിയില്‍ നിന്ന് ആരംഭിച്ച് 23ന് പയ്യന്നൂര്‍ ഉളിയത്തുകടവില്‍ ഉപ്പുകുറുക്കി സമാപിച്ച കേളപ്പജി-ഉപ്പു സത്യഗ്രഹ സ്മൃതിയാത്രയാണ്. രണ്ടാമത്തേത് ഏപ്രില്‍ 26ന് ന്യൂദല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്ത ശിവഗിരി തീര്‍ത്ഥാടനത്തിന്റെ നവതി, ബ്രഹ്മവിദ്യാലയത്തിന്റെ കനക ജൂബിലി ആഘോഷങ്ങളാണ്. മൂന്നാമത്തേത് കഴിഞ്ഞ ദിവസം പൂര്‍ണാനദിക്കരയില്‍ സമാപിച്ച തപസ്യ സംസ്ഥാന വാര്‍ഷികോത്സവവും. ഉപ്പുസത്യഗ്രഹസ്മൃതിയാത്ര മുന്നോട്ടു വച്ച ഓര്‍മ്മകളും പ്രധാനമന്ത്രി പകര്‍ന്ന സന്ദേശവും തപസ്യ സമ്മേളനം ഉയര്‍ത്തിയ ചര്‍ച്ചകളും കേരളം ഹൃദയം കൊടുത്ത് ഏറ്റുവാങ്ങേണ്ടതാണ്. ദൗര്‍ഭാഗ്യവശാല്‍ വിലോമകരവും വിനാശകരവുമായ ചര്‍ച്ചകളിലും വാദ, പ്രതിവാദങ്ങളിലും അഭിരമിക്കുകയാണ് സമകാലം. കേരളത്തെയാകെ വിദ്വേഷപ്പട്ടടയിലേക്ക് എടുപ്പിച്ചേ മതിയാകൂ എന്ന് വല്ലാതെ വാശി കാണിക്കുന്ന ഒരു വിഭാഗത്തിന്റെ സൂത്രവിദ്യകളില്‍ ഹരം കൊള്ളുക എന്ന അപകടകരമായ പരിതസ്ഥിതിയിലാണ് നാമിപ്പോള്‍.
പാരമ്പര്യത്തിനും സംസ്കാരത്തിനുമെതിരെ വ്യാജപ്രചരണങ്ങള്‍ കൊണ്ട് ഇടത് കാപട്യക്കാര്‍ സൃഷ്ടിച്ച ഇരുട്ടിന്റെ മറകള്‍ പൊളിച്ചടുക്കിയാണ് നാട് ഉപ്പുസത്യഗ്രഹസ്മൃതിയാത്രയ്ക്കൊരുങ്ങിയത്. ശരിയുടെ വഴി തുറന്നിടുകയും ഭാവിയുടെ യാത്രയ്ക്ക് ദിശാസൂചികള്‍ സ്ഥാപിക്കുകയും ചെയ്തിട്ടും ആ വഴിയേ നടക്കാനല്ല താത്പര്യമെന്നു വരുന്നത് എത്ര ദയനീയമാണ്. ‘കേളപ്പജിയിലൂടെ കേരളത്തെ വീണ്ടെടുക്കുക’ എന്ന മുദ്രാവാക്യത്തിന് അതിരില്ലാത്ത മഹത്വമുണ്ട്. അത് ഭവ്യകേരളത്തിന്റെ പുനഃസ്ഥാപനത്തിന് അടിക്കല്ല് പാകുന്ന ആഹ്വാനമാണ്.
കേളപ്പജി നയിച്ച സ്വാതന്ത്ര്യസമരം സ്വാഭിമാനത്തിന്റെയും സ്വധര്‍മ്മസംരക്ഷണത്തിന്റെയും ആധാരത്തിലുള്ളതായിരുന്നു. ആ ഓര്‍മ്മകളില്‍ ഒളിമങ്ങാതെ ഉണരുന്നത് കേരളത്തെ മതവര്‍ഗീയതയ്ക്ക് തീറെഴുതാനുള്ള ഇടത് ധിക്കാരത്തിനോടുള്ള ധീരമായ പ്രതികരണമാണ്. പരസ്പരം സഹകരിച്ചല്ലാതെ സമത്വസമാജനിര്മ്മിതി സാധ്യമല്ലെന്ന തിരിച്ചറിവാണ്, മതവെറികൊണ്ടവര് അടിച്ചുടയ്ക്കാന്‍ പരിശ്രമിച്ചത്, ഏതെങ്കിലും കല്ക്കെട്ടിടങ്ങളല്ല, ഭക്തിയും പ്രയത്നവും ചാലിച്ച് ഒരു ജനത പടുത്തുയര്‍ത്തിയ അഭയകേന്ദ്രങ്ങളാണെന്ന ഓര്‍മ്മപ്പെടുത്തലാണ്. നായ പാത്തിയ കല്ലെന്ന് അവര്‍ അപഹസിച്ച മഹാശിവചേതനയെ ചന്ദനം ചാര്‍ത്തി സമാജത്തിന് സമ്മാനിച്ച, അതിരില്ലാത്ത ആത്മവിശ്വാസമാണ്. ജാതിയുടെ ഭേദങ്ങള്‍ക്കപ്പുറം സമാജം ഒത്തൊരുമിച്ച് ക്ഷേത്രങ്ങളിലേക്കും ക്ഷേത്രങ്ങള്‍ സൃഷ്ടിക്കുന്ന ആത്മതത്വം സമാജത്തിലേക്കും പ്രവഹിക്കണമെന്ന ആത്മാര്‍ത്ഥമായ പരിശ്രമമാണ്…. ഇത്തരം ഉണര്‍വുകള്‍ അനിവാര്യമായ വര്‍ത്തമാനകാലത്താണ് കേളപ്പജിയും ഉപ്പുസത്യഗ്രഹസ്മൃതിയാത്രയും കേരളത്തില്‍ പുതിയ വഴി വെട്ടിത്തുറന്നത്.
രാജ്യതലസ്ഥാനത്ത് ഏപ്രില്‍ 26ന് കേട്ടത് ശ്രീനാരായണദര്‍ശനങ്ങളുടെ സര്‍വ്വകാല പ്രസക്തിയാണ്. ഗുരു നടന്ന വഴികളിലൂടെയാണ് ഭാരതം മുന്നോട്ടുപോകുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അര്‍ത്ഥശങ്കയ്ക്കിടയില്ലാത്ത വിധം വ്യക്തമാക്കി. ‘ആ ഒരു ജാതി ഭാരതീയതയാണ്. ഒരു മതം രാഷ്ട്രസേവനവും രാഷ്ട്രധര്മ്മവും. ഒരു ദൈവമാകട്ടെ നമ്മുടെ ഭാരത മാതാവും.’ ആത്മനിര്ഭരതയിലൂടെയുള്ള ഭാരതത്തിന്റെ മുന്നേറ്റത്തിന് പാതയൊരുക്കിയത് ശ്രീനാരായണനാണ്. തൊഴിലെടുക്കാനും സ്വന്തം കാലില്‍ നില്‍ക്കാനും ദേശീയജനതയെ പ്രാപ്തമാക്കിയത് ഗുരുദര്‍ശനമാണ്. ഗുരുദേവന് ഭാരതത്തിന്റെ ആധ്യാത്മിക തേജസ്സാണെന്നും അദ്ദേഹത്തിന്റെ ജന്മംകൊണ്ട് കേരളം പരിപാവനമായിത്തീര്ന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
പൂര്‍ണാ നദിയുടെ തീരത്ത്, ആദിശങ്കരന്റെ പാദമുദ്ര പതിഞ്ഞ മണ്ണില്‍ തപസ്യയുടെ പ്രവര്‍ത്തകര്‍ സമ്മേളിച്ചപ്പോള്‍ ഉയര്‍ന്ന ആഹ്വാനവും വ്യത്യസ്തമല്ല. കേരളനവോത്ഥാനത്തിന്റെ പിതൃബിംബമായി എഴുത്തച്ഛനെ പ്രഖ്യാപിക്കണമെന്ന ആഹ്വാനമായിരുന്നു ആകെത്തുക. എഴുത്തച്ഛന്റെ പ്രതിമ സ്ഥാപിക്കാന്‍ ധനം സമാഹരിക്കുന്നതിന് ആവശ്യമെങ്കില്‍ താന്‍ വന്ന് നൃത്തമാടാമെന്ന വിശ്വവിഖ്യാത നര്‍ത്തകി പദ്മഭൂഷണ്‍ ഡോ. പദ്മ സുബ്രഹ്മണ്യത്തിന്റെ പ്രഖ്യാപനം മലയാളിയുടെ പതിവ് മൗഢ്യത്തോടുള്ള വെല്ലുവിളിയാണ്.
ഭാരതമാകെ അതിന്റെ പൂര്‍വകാല ഗരിമയിലേക്ക് മടങ്ങുന്നു. കേദാര്നാഥിനപ്പുറം മഞ്ഞുപാളികളിലേക്ക് നടന്ന് മറഞ്ഞ ആദിശങ്കരന്റെ യാത്രാപഥങ്ങള്‍ ഉണരുന്നു. കാലടി മുതല്‍ കശ്മീരം വരെ അതിന്റെ ഉന്മേഷം അറിയുന്നു. നീലം താഴ്വരയില് കിഷന്‍ഗംഗയുടെ തീരത്ത് ശ്രീശാരദാപീഠം ഉയരുന്നു. വടക്കും തെക്കും കിഴക്കും പടിഞ്ഞാറും അമരസ്മരണകള്‍ പുനര്‍ജനിക്കുകയും പുതിയ കാലം പൂര്‍വഗാമികളുടെ ധീരോദാത്ത ചരിതത്തില്‍ നിന്ന് ഊര്‍ജ്ജം ഉള്‍ക്കൊള്ളുകയും ചെയ്യുന്നു. ധര്‍മ്മരക്ഷകനായ ഗുരു തേഗ്ബഹാദൂറും വീരനായ ബിര്‍സാമുണ്ടയും ധീരബാലരായ ജൊരാവറും ഫതേസിംഹനും രാഷ്ട്രത്തിന്റെ അടയാളങ്ങളാകുന്നു. സന്ത് തുളസീദാസും കബീറും ഗുരുനാനാക് ദേവും രാമാനുജാചാര്യരും തിരുവള്ളുവരുമൊക്കെ ദേശീയാഭിമാനത്തിന്റെ പ്രതീകങ്ങളാകുന്നു. ഭാരതമാകെ തട്ടകമാക്കിയ ആദിശങ്കരന്റെ പ്രകാശം ഐക്യദര്‍ശനത്തിന്റെ വിളംബരമായി മാറുന്നു.
ഇവിടെ ഈ കേരളത്തില്‍ മാത്രം എന്തുകൊണ്ട് അത്തരം ഓര്‍മ്മകള്‍ ജ്വലിച്ചുയരുന്നില്ല എന്ന സൗമ്യമായ ചോദ്യമാണ് വയസ് എഴുപത്തൊമ്പത് പിന്നിടുന്ന, ലോകമാകെ സഞ്ചരിച്ചതിന്റെ അനുഭവമേറെയുള്ള, ഭാരതീയ സംസ്കൃതിയുടെ സന്ദേശവാഹകയായ വിശ്രുത നര്‍ത്തകി ആരും മോഹിക്കുന്ന ആ വാഗ്ദാനത്തിലൂടെ ഉന്നയിച്ചത്. കേരളം ഹൃദയം കൊടുത്ത് കേള്‍ക്കേണ്ട വാക്കുകളായിരുന്നു അത്. ഹിന്ദുദര്‍ശനത്തിന്റെ സര്വാശ്ലേഷിത്വത്തെക്കുറിച്ചാണ് അവര്‍ പറഞ്ഞത്. ആര്‍ക്കും തകര്‍ക്കാനാകാത്ത മഹത്തായ സ്വാതന്ത്ര്യത്തിന്റെ പരമമായ ബലമാണ് ഹിന്ദുത്വം മുന്നോട്ടുവയ്ക്കുന്നതെന്ന് വിവിധ ലോകരാജ്യങ്ങളില്‍ നിന്നുള്ള അനുഭവം പങ്കുവച്ചുകൊണ്ട് പദ്മ സുബ്രഹ്മണ്യം പറഞ്ഞു. പാക് പ്രസിഡന്റ് അയൂബ് ഖാനെ വരവേല്‍ക്കാന്‍ രാമായണം നൃത്തശില്പമൊരുക്കിയ ഇന്‍ഡോനേഷ്യന്‍ ആര്ജ്ജവത്തെക്കുറിച്ച് അഭിമാനത്തോടെ ചൂണ്ടിക്കാട്ടി.
ചോളരാജാവിനോട് കലഹിച്ച് ചേരനാട്ടില്‍ അഭയം തേടിയ കമ്പര്‍ എഴുതിയ രാമായണത്തെക്കുറിച്ച്, അത് മലയാളത്തില്‍ എഴുത്തച്ഛനും ഹിന്ദിയില്‍ തുളസീദാസിനും പ്രേരണയായതിനെക്കുറിച്ച്, എഴുത്തച്ഛന്റെ സാഹിത്യപ്രതിഭയെക്കുറിച്ച്, ലോകത്തിന് വെളിച്ചം പകര്‍ന്ന ആദിശങ്കരന്റെ മണ്ണില്‍ നില്‍ക്കാനായതിന്റെ ധന്യതയെക്കുറിച്ച് അവര്‍ മതിവരാതെ പറഞ്ഞു. ഇവിടെ ഒരു പ്രതിമയെങ്കിലും എഴുത്തച്ഛന് വേണ്ടി ഉയരണമെന്ന് കൊതിയോടെ ആവശ്യപ്പെട്ടു.
രാമായണം വായിക്കുന്ന ഹിന്ദുക്കളില്‍ മാത്രമല്ല മുസ്ലീങ്ങളിലും എഴുത്തച്ഛന് സൃഷ്ടിച്ച പ്രഭാവം സമ്മേളനത്തില്‍ ചര്‍ച്ചയായി. കോഴിക്കോട്ടുകാരന് ഖാസി മുഹമ്മദ് അറബിമലയാളത്തില്‍ എഴുതിയ മൊഹിയുദ്ദീന്‍ മാലയുടെ ദര്‍ശനം എഴുത്തച്ഛന്റേതാണെന്ന് എ.പി. അഹമ്മദ് ചൂണ്ടിക്കാട്ടി. മാപ്പിളപ്പാട്ട് രൂപം കൊണ്ടതും മാപ്പിളരാമായണം പിറന്നതും രാമായണത്തിന്റെ പ്രഭാവത്തിന്റെ അടയാളങ്ങളായി വിലയിരുത്തി. നവോത്ഥാനത്തിന്റെ കാലക്കണക്കും ദേശക്കണക്കും തിരുത്തി എഴുത്തച്ഛനെ ആ മുന്നേറ്റത്തിന്റെ പിതാവായി കണക്കാക്കണമെന്ന ആഹ്വാനമുയര്‍ന്നു.
തകര്ക്കുവാനെത്തിയവരേയും സ്വാംശീകരിച്ച ഹിന്ദുത്വത്തിന്റെ വിശാലതയെയും അതിലൂന്നിനിന്നുകൊണ്ടുള്ള സ്വാഭിമാന, നവോത്ഥാന പോരാട്ടങ്ങളെയും ഉയര്‍ത്തിക്കാട്ടിയ പ്രൗഢമായ മൂന്ന് സംഭവങ്ങളാണ് ഇവിടെ പരാമര്‍ശിച്ചത്. വഴി സുവ്യക്തമാണ്. ഇരുട്ട് കൂമ്പാരം കൂടി എത്രമേല്‍ കട്ട പിടിച്ചാലും ഉഷസ്സിന്റെ വെണ്പലകമേല് പുലരി അതിന്റെ പ്രകാശരേണുക്കള്‍കൊണ്ട് പുതിയ ഉദയം വരച്ചിടാതിരിക്കില്ലെന്ന് മുമ്പ് മഹാകവി പി. കുഞ്ഞിരാമന്‍നായര്‍ പറഞ്ഞിട്ടുണ്ട്. ഇരുട്ടിലേക്ക് മടങ്ങാനും വെളിച്ചത്തിലേക്ക് നടക്കാനും നമുക്ക് സ്വാതന്ത്ര്യമുണ്ട്. വികാരത്തിനപ്പുറമാണ് വിവേകത്തിന്റെ കരുത്തെന്ന് വിവേകം ആനന്ദമാക്കിയ ആ മഹായതിവര്യനും പറഞ്ഞിട്ടുണ്ട്. ലോകത്തിലെ ഏറ്റവും കരുത്തുറ്റ ദര്‍ശനമാണ്, ഇനി മതമാണെങ്കില് മതങ്ങളുടെ മാതാവാണ് ഹിന്ദുത്വമെന്ന് പറയാന്‍ ദേശവും കാലവും അദ്ദേഹത്തിന് തടസ്സമായില്ല. വിദ്വേഷത്തിന്റെയും വെറുപ്പിന്റെയും വാദമുഖങ്ങളുടെ നടുക്കുനിന്ന് ‘സഹോദരീസഹോദരന്മാരെ’ എന്ന് അഭിവാദ്യം ചെയ്യുന്ന മഹത്വമാണ് ഹിന്ദുത്വമെന്ന് ലോകത്തെ ജീവിതം കൊണ്ട് പഠിപ്പിച്ചത് ആ യുവയോഗിയാണ്. അന്യൂനമായ അറിവ് എന്ന് ഈശ്വരനെ നിര്‍വചിക്കുകയായിരുന്നു തുഞ്ചത്തെഴുത്തച്ഛന്‍. വാദേ വാദേ ജായതേ തത്വബോധഃ എന്ന് സംസ്കൃതത്തിലും അറിയാനും അറിയിക്കാനുമെന്ന് എന്ന് മലയാളത്തിലും കാലത്തെയും മറികടന്ന ആചാര്യന്മാര് പറഞ്ഞുവെച്ചിട്ടുണ്ട്. വഴി വ്യക്തമാണെന്ന് സാരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: