മഞ്ചേരി: 2018ല്‍ കൊല്‍ക്കത്തയില്‍ ബംഗാളിനെ ഷൂട്ടൗട്ടില്‍ കീഴടക്കിയതിന്റെ തനിയാവര്‍ത്തനമായിരുന്നു കഴിഞ്ഞ ദിവസം മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തില്‍ നടന്ന ഫൈനലും. 1992-93ന് ശേഷം ആദ്യമായാണ് കേരളത്തില്‍ നടന്ന കലാശപ്പോരാട്ടത്തില്‍ കേരളം കപ്പ് ഉയര്‍ത്തുന്നത്. നേരത്തെ 2000ല്‍ തൃശൂരില്‍ 1-0ന് മഹാരാഷ്ട്രയോട് തോറ്റും 2013ല്‍ കൊച്ചിയില്‍ സര്‍വീസസിനോട് 4-3നും പരാജയപ്പെട്ടിരുന്നു.
കഴിഞ്ഞ ദിവസം നടന്ന ഫൈനലില്‍ നിശ്ചിത സമയത്ത് ഗോള്‍രഹിതവും അധിക സമയത്ത് 1-1 സമനിലയും പാലിച്ചതോടെയാണ് കളി ഷൂട്ടൗട്ടിലേക്ക് നീണ്ടത്. ഷൂട്ടൗട്ടില്‍ കേരളത്തിനായി സഞ്ജു, ബിബിന്‍ അജയ്, ജിജോ ജോസഫ്്, ജെസിന്, ഫസലു റഹ്മാന് എന്നിവര്‍ ലക്ഷ്യം കണ്ടപ്പോള്‍ ബംഗാളിനായി ദിലീപ് ഒറാന്‍, ബബ്ലു ഒറാന്‍, തന്മയ് ഘോഷ്, പ്രിയന്ത്കുമാര്‍ എന്നിവര്‍ ലക്ഷ്യം കണ്ടു. സാജല്‍ ബാഗിന്റെ കിക്ക് പുറത്തേക്ക് പറന്നു. ഒരു ഗോളിന് പിന്നിട്ടുനില്‍ക്കുമ്പോള്‍ ഷിഗിലിന്റെ പകരക്കാരനായി കളത്തിലെത്തി സമനില ഗോള്‍ നേടിയ മുഹമ്മദ് സഫ്നാദായിരുന്നു കളി തിരിച്ചുവിട്ടത്. ഇതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ സമനില ഗോള്‍ നേടിയത്് ഇന്നും വിശ്വസിക്കാനാവുന്നില്ലെന്നാണ് മുഹമ്മദ് സഫ്നാദിന്റെ മറുപടി. സമനില ഗോള്‍ നേടിയതോടെ താന്‍ വല്ലാത്തൊരു അവസ്ഥയിലായിപ്പോയി. ആ സമയത്ത്് മനസ്സില്‍ തോന്നിയ വികാരം പറഞ്ഞറിയിക്കാനാവില്ല. കൈവിട്ടെന്ന് കരുതിയ കളിയാണ് ആ ഗോളിലൂടെ തിരിച്ചുപിടിച്ചത്. കേരളത്തിനുള്ള പെരുന്നാള്‍ സമ്മാനമാണ് കിരീട ധാരണം. ഗ്രൂപ്പ് മത്സരത്തില്‍ ബംഗാളിനോട് കളിച്ചതിനേക്കാള്‍ കടുപ്പമായിരുന്നു ഫൈനലെന്നും സഫ്നാദ് കൂട്ടിച്ചേര്‍ത്തു. നൗഫലുമായുള്ള ധാരണയും തുണയായി. മികച്ച പാസ് താന്‍ നല്‍കുമെന്നും ഗോളടിക്കാന്‍ തയ്യാറായിരിക്കണമെന്നും നൗഫല്‍ പറഞ്ഞെന്ന് സഫ്നാദ് പറഞ്ഞു. മികച്ച പ്രൊഫഷണല്‍ ക്ലബുകളില്‍ കളിച്ച് കൂടുതല്‍ ഉയരങ്ങളിലെത്തണമെന്നും ഇന്ത്യക്കായി കളിക്കണമെന്നുമാണ് സഫ്്നാദിന്റെ ആഗ്രഹം.
ഒത്തൊരുമയുടെ വിജയം
വ്യക്തിഗത മികവിനേക്കാള്‍ ഒത്തൊരുമയുടെ വിജയമായിരുന്നു ഇതെന്ന് പറയാം. നായകന് ജിജോ ജോസഫ് മുന്നില്‍ നിന്ന് നയിച്ചപ്പോള്‍ യുവതാരങ്ങള്‍ അരങ്ങുതകര്‍ക്കുകയും ചെയ്തു. ബംഗാളിനെതിരെ നാലാം തവണയായിരുന്നു കേരളം ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ കളിക്കാനിറങ്ങിയത്. നാല് ഫൈനലുകളിലും വിജയികളെ തീരുമാനിച്ചത് ഷൂട്ടൗട്ടില്‍. രണ്ട് ടീമുകളും രണ്ട് തവണ വീതം ചാമ്പ്യന്മാരാവുകയും ചെയ്തു. 2018ല്‍ 4-2നായിരുന്നു കേരളത്തിന്റെ വിജയമെങ്കില്‍ ഇത്തവണ 5-4ന്.
വംഗനാടിന്റെ വമ്പുമായെത്തിയ ബംഗാളിനെ തകര്‍ത്ത് തങ്ങളുടെ 15-ാം ഫൈനലില്‍ കേരളം സ്വന്തമാക്കിയത് ഏഴാം സന്തോഷക്കിരീടം കൂടിയാണ്. ക്യാപ്റ്റന്‍ മണിക്കും, വി.പി. സത്യനും കുരികേശ് മാത്യുവിനും വി. ശിവകുമാറിനും സില്‍വസ്റ്റര്‍ ഇഗ്നേഷ്യസിനും രാഹുല്‍ വി. രാജിനും ശേഷം കേരളത്തിനായി സന്തോഷ് ട്രോഫി കിരീടം ഏറ്റുവാങ്ങിയ നായകനായി ജിജോ ജോസഫ്. കേരളത്തിന് സന്തോഷ് ട്രോഫി നേടിത്തന്ന ചരിത്ര നായകന്മാരുടെ ഇടയിലാണ് ഇനി തൃശൂര്‍ സ്വദേശിയും എസ്ബിഐ ഉദ്യോഗസ്ഥനുമായ ജിജോ ജോസഫിന്റെയും സ്ഥാനം.
തുടക്കം മുതല്‍ ആധികാരികം
ഇത്തവണത്തെ ഫൈനലില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ ഏറ്റവും മികച്ച പ്രകടനം നടത്തിയവരാണ് കേരളവും ബംഗാളും. യോഗ്യതാ റൗണ്ടില്‍ ഗോള്‍മഴ പെയ്യിച്ചു. ഏപ്രില്‍ 16ന് രാജസ്ഥാനെതിരേ നടന്ന ആദ്യ മത്സരത്തില്‍ ക്യാപ്റ്റന്‍ ജിജോ ജോസഫിന്റെ ഹാട്രിക്കില്‍ എതിരില്ലാത്ത അഞ്ചു ഗോള്‍ക്ക് തകര്‍ത്താണ് കേരളം തുടങ്ങിയത്. രണ്ടാം മത്സരത്തില്‍ ബംഗാളിനെ എതിരില്ലാത്ത രണ്ടു ഗോളിനും. സമനിലയിലേക്ക് നീങ്ങുകയായിരുന്ന ഈ കളിയെ കേരളത്തിന്റെ വരുതിയിലാക്കിയത് കോച്ച് ബിനോ ജോര്‍ജിന്റെ ആവനാഴിയിലെ രണ്ട് ബ്രഹ്മാസ്ത്രങ്ങളായിരുന്നു. നൗഫലും ജെസിനും. പകരക്കാരായിറങ്ങി കേരളത്തിനായി സ്കോര്‍ ചെയ്തു. മൂന്നാം മത്സരത്തില്‍ പക്ഷേ മേഘാലയ വേഗക്കളിയിലൂടെ കേരളത്തെ സമനിലയില്‍ പിടിച്ചു. ഈ മത്സരത്തിലെ നിര്‍ണായകമായ പെനാല്‍റ്റി ജിജോ ജോസഫിന് ലക്ഷ്യത്തിലെത്തിക്കാന്‍ സാധിക്കാതെ പോയത് കേരളത്തിന് തിരിച്ചടിയായെങ്കിലും പഞ്ചാബിനെതിരായ അവസാന കളിയില്‍ ആ പിഴവിന് ഇരട്ട ഗോളുകളോടെ ജിജോ പ്രായശ്ചിത്തം ചെയ്തപ്പോള്‍ ഗ്രൂപ്പ് ജേതാക്കളായി കേരളം സെമിയിലേക്ക്. സെമിയില്‍ എതിരാളികളായത് കര്‍ണാടകയായിരുന്നു. കര്‍ണാടക ആദ്യം ഗോളടിച്ച് കേരളത്തെ ഞെട്ടിച്ചു.
എന്നാല്‍ ആദ്യപകുതിയുടെ കൂള്‍ ഓഫ് ടൈമില്‍ സ്ട്രൈക്കര്‍ വിഘ്നേഷിനെ പിന്‍വലിച്ച് പത്താം നമ്പര്‍ ജേഴ്സിയണിഞ്ഞ കെ.ടി. ജെസിനെ കോച്ച് ബിനോ കളത്തിലിറക്കിയതോടെ കളിയുടെ ജാതകം തിരുത്തപ്പെട്ടു.
കേരളത്തിന്റെ സൂപ്പര്‍ ബ്രെയ്ന്‍
നേട്ടത്തിന്റെ പിന്നിലെ സൂപ്പര്‍ ബ്രെയ്നാണ് കോച്ച് ബിനോ ജോര്‍ജ്. കളിക്കളത്തില്‍ നടപ്പാക്കേണ്ട മാസ്റ്റര്‍ പ്ലാന്‍ മുന്‍കൂട്ടി തയ്യാറാക്കി താരങ്ങളെക്കൊണ്ട് അത് മൈതാനത്ത് നടപ്പാക്കുന്നതില്‍ ബിനോ നൂറുശതമാനം വിജയിച്ചു. ഏഷ്യന്‍ ഫുട്ബോള്‍ കോണ്‍ഫഡറേഷന്റെ പ്രൊഫഷണല്‍ കോച്ചിങ് ഡിപ്ലോമ കരസ്ഥമാക്കിയ കേരളത്തിലെ ആദ്യത്തെ പരിശീലകനാണ് ബിനോ. ടീം തെരഞ്ഞെടുപ്പില്‍ നിരവധി വിമര്‍ശനങ്ങള്‍ നേരിട്ടുവെങ്കിലും അതൊന്നും വകവയ്ക്കാതെ കളി മൈതാനത്ത് കാണിച്ചുതരാം എന്ന നിലപാടിലായിരുന്നു കോച്ച്. അതിനു പറ്റിയ കളിക്കാരെയായിരുന്നു ടീമിലേക്ക് തെരഞ്ഞെടുത്തതും. കോച്ചിന്റെ തീരുമാനം
നൂറുശതമാനം ശരിയാണെന്ന് തെളിയിച്ചാണ് നായകന് ജിജോ ജോസഫും സംഘവും മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തില്‍ നിന്ന് കപ്പുയര്‍ത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: