തൃശ്ശൂര്‍: തൃശ്ശൂര്‍ പൂരത്തിന്റെ ഏറ്റവും വലിയ ആകര്‍ഷണങ്ങളില്‍ ഒന്നാണ് കുടമാറ്റം. കഴിഞ്ഞ വര്‍ഷം കൊവിഡ് മഹാമാരി ആഞ്ഞടിച്ചപ്പോള്‍ പൂരം പോലും ചടങ്ങിലൊതുങ്ങി. പക്ഷേ ഇത്തവണ പൂര പ്രേമികള്‍ നിറഞ്ഞ പ്രതീക്ഷയിലാണ്. പൂരപ്രേമികളുടെ കണ്ണും മനസും നിറയ്ക്കുന്ന കൂടമാറ്റത്തിനുള്ള വര്‍ണ്ണക്കുടകളുടെ ഒരുക്കത്തില്‍ തിരുവമ്പാടി-പാറമേക്കാവ് വിഭാഗങ്ങളുടെ ചമയപ്പുരകള്‍ സജീവം.
പൂരനാളില്‍ അസ്തമയ സൂര്യന്റെ പൊന്കിരണങ്ങള് പതിക്കുന്ന സായം സന്ധ്യയില്‍ തെക്കേ ഗോപുരനടയില്‍ ഇരു ഭഗവതിമാരും അഭിമുഖമായി നില്ക്കുമ്പോള് നടക്കുന്ന കുടമാറ്റത്തിനുള്ള വര്‍ണ്ണശോഭ വിടര്‍ത്തുന്ന കുടകള്‍ക്ക് പുറമേ കരിവീരന്മാര്ക്ക് സൂര്യശോഭ പകരുന്ന നെറ്റിപ്പട്ടങ്ങളും ആനകള്‍ക്കുള്ള ആടയാഭരണങ്ങളുടെ ഒരുക്കങ്ങളും അവസാന ഘട്ടത്തിലാണ്. പൂരത്തിന്റെ പ്രധാന ആകര്‍ഷണങ്ങളിലൊന്നായ വര്‍ണക്കുടകളുടെ. നിര്‍മ്മാണം പൂരത്തിന് മാസങ്ങള്‍ക്ക് മുമ്പ് തന്നെ ആരംഭിക്കും. വര്‍ണക്കുടകളും കുടമാറ്റത്തിന് മത്സരിക്കാനുള്ള സ്പെഷ്യല്‍ കുടകളും എല്ലാമായി അണിയറയില്‍ തിരക്കോട് തിരക്കാണിപ്പോള്‍.
തിരുവമ്പാടി-പാറമേക്കാവ് ദേവസ്വങ്ങള്‍ കുടമാറ്റത്തിനുള്ള രഹസ്യകുടകള് അണിയറയില്‍ ഒരുക്കി കഴിഞ്ഞു. വസന്തന് കുന്നത്തങ്ങാടിയുടെ നേതൃത്വത്തിലുള്ള ഇരുപതോളം പേരടങ്ങുന്ന സംഘമാണ് പാറമേക്കാവ് ദേവസ്വത്തിന് കുടകളൊരുക്കുന്നത്. നാല്‍പ്പതിലധികം വര്‍ഷമായി വസന്തന് കുടനിര്‍മാണത്തിന് പാറമേക്കാവിലുണ്ട്. പുരുഷോത്തമന് അരണാട്ടുകരയാണ് തിരുവമ്പാടി വിഭാഗത്തിനായി കുടകള്‍ ഒരുക്കുന്നത്. പുരുഷോത്തമന് 43 വര്‍ഷമായി ഈ രംഗത്തുണ്ട്.
ഇതുവരെ 45 സെറ്റോളം കുടകള്‍ നിര്‍മിച്ചു കഴിഞ്ഞു. ഇനിയും 10 സെറ്റോളം കുടകള്‍ കൂടി നിര്‍മിക്കുമെന്ന് പുരുഷോത്തമന് പറഞ്ഞു. ഒരു സെറ്റില്‍ 15 കുടകളുണ്ടാകും. വെല്‍വെറ്റ്, സാറ്റിന്, ബ്രൊക്കേഡ് തുടങ്ങി കാണാന്‍ ഭംഗിയുള്ള തുണികളാണ് ഇതിനായി ഉപയോഗിക്കുക. സാധാരണ ഡിസൈനുകനുള്ള ഒരു കുട തയ്യാറാക്കാന്‍ ഒന്നര ദിവസമെങ്കിലും എടുക്കും.. സ്പെഷ്യല്‍ കുടകള്‍ ഇല്ലാതെ തന്നെ 40 സെറ്റിലധികം കുടകള്‍ മുന്‍ വര്‍ഷങ്ങളില്‍ ഉണ്ടാക്കിയിരുന്നു.
പരസ്യപ്പെടുത്താതെ കുടമാറ്റ സമയത്തു മാത്രം പുറത്തെടുക്കുന്നവയെ സ്പെഷ്യല്‍ കുടകളെന്നാണ് അറിയപ്പെടുന്നത്. തിരുവമ്പാടിയിലും പാറമേക്കാവിലും ഇത്തരം കുടകളില്‍ ഒന്നോ, രണ്ടോ ഇനം അന്നേ ദിവസം നടക്കുന്ന ചമയ പ്രദര്‍ശനത്തില്‍ മാത്രമാണ് പുറത്തെടുക്കുക. തുണിത്തരമനുസരിച്ച് ഒരു സെറ്റിന് 3500 രൂപ മുതല്‍ 7,500 രൂപയില്‍ അധികം ചെലവ് വരും. എന്നാല്‍ തുണികളും നിര്‍മാണസാമഗ്രികളും വ്യത്യസ്തമാകുന്നതോടെ കുടയുടെ വില മൂന്നിരട്ടിയാകും. മുംബൈയില്‍ നിന്നും സൂറത്തില്‍ നിന്നുമാണ് തുണിത്തരങ്ങള്‍ ഇതിനായി എത്തിക്കുന്നത്.
ഇരു ദേവസ്വങ്ങളുടെയും ചമയ കമ്മിറ്റികള്‍ അവിടങ്ങളില്‍ നേരിട്ട് പോയി സാമഗ്രികള്‍ എടുക്കുകയും തുണികളില്‍ സ്വീകന്‍സും പ്രിന്റിങ്ങിലൂടെയുമുള്ള ചിത്രങ്ങളും തുന്നിപ്പിടിപ്പിക്കുകയുമാണ് ചെയ്യുന്നത്. 45 മുതല്‍ 50 സെറ്റ് കുടകള്‍ വരെ കുടമാറ്റത്തില്‍ മാറ്റാറുണ്ട്. ഇത്തവണ ഇത് 65 സെറ്റ് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: