കെ റെയില്‍,കാലന്റെയില്‍,കേരള റെയില്‍… എന്നിങ്ങനെ പേരുകള്‍ പലതുള്ള ഒരു പദ്ധതി കേരളത്തിന്റെ ജനസാമാന്യത്തിന്റെ മുമ്പില്‍ വലിയൊരു ചോദ്യമായി നില്‍ക്കുകയാണ്.കേരളം എന്നാല്‍ ഭരിക്കുന്നവരുടെ സ്വന്തം സാമ്രാജ്യമാണെന്ന തരത്തിലാണല്ലോ കാര്യങ്ങള്‍ പോകുന്നത്.വോട്ടു വഴി നിങ്ങള്‍ അധികാരം തന്നാല്‍ കോട്ടു വഴി കാര്യങ്ങള്‍ ഞങ്ങള്‍ ശരിയാക്കും എന്നാണല്ലോ സാധാരണക്കാരുടെ കണ്‍കണ്ട ഭരണ നേതൃത്വം പറയുന്നത്.
കെ റെയില്‍ എന്നാല്‍ നമ്പര്‍വണ്‍ സംസ്ഥാനത്തെ സ്വര്‍ഗമാക്കാനുള്ള എളുപ്പവഴിയാണെന്നും പലവിധേനെ തെര്യപ്പെടുത്തിയിട്ടുണ്ട്.പത്തും പന്ത്രണ്ടും മണിക്കൂര്‍ യാത്ര ചെയ്ത് തിര്വന്തോരത്ത് എത്തുകയെന്നാല്‍ ഈ ന്യൂജന്‍ കാലത്ത് അട്ടര്‍നോണ്‍സെന്‍സ് ആണ്.ഇതാ പോയി ദാ വന്നു എന്ന രീതിയില്‍ മുമ്പോട്ടു പോയാലേ കാര്യങ്ങള്‍ക്ക് ഒരു നിലയും വിലയും വരൂ.എല്ലാ സംഭവഗതികളിലും അതു തന്നെയല്ലേ നടക്കുന്നത്. പണ്ട് ചാവറിയിക്കാനും പുടമുറി അറിയിക്കാനും എത്രകാതം നടന്നു പോകേണ്ടിയിരുന്നു.ഇന്നോ?ഒറ്റ വാട്സാപ്പ്,ഇന്‍സ്റ്റ… തുടങ്ങിയ കൊയമാന്തരങ്ങള്‍ വഴി സംഗതി നടന്നില്ലേ?അതാണ് പറഞ്ഞത്,നാട് ഓടുമ്പോള്‍ നടുവെ ഓടണംന്ന്.എന്നാലെ ഒരിദ് ഉള്ളൂ.
പണ്ട് കുഞ്ഞൂഞ്ഞിന്റെ കാലത്ത് അവസാന ബസ് പിടിക്കാനുള്ള നെട്ടോട്ടം ഓര്‍മയില്ലേ?വികസനത്തിന്റെ അവസാന ബസ്സും പോയതോടെ വെളിമ്പറമ്പില്‍ പായ വിരിച്ചു കിടക്കേണ്ട അവസ്ഥയായി.അതില്‍ നിന്ന് മലയാളത്താന്മാരെ കൈ പിടിച്ച് കെ റെയിലില്‍ കയറ്റാനുള്ള അടവുനയവുമായാണ് കുട്ടിപ്പടയെക്കൂട്ടി നേതൃമ്മന്യന്മാര്‍ എത്തിയിരിക്കുന്നത്.വികസനം അതിവേഗം വന്നെങ്കിലേ നാട്ടുകാര്‍ക്ക് വല്ലതും തരപ്പെടൂ.ഇതിനെക്കുറിച്ചൊന്നും കൃത്യമായി മനസ്സിലാക്കാന്‍ കഴിയാത്തത് പാര്‍ട്ടിക്ലാസില്‍ എത്താഞ്ഞതിനാലാണ്.കെ റെയിലായാലും കേഡര്‍ പൊളിറ്റിക്സ് ആയാലും പാര്‍ട്ടി ക്ലാസില്‍ പങ്കെടുത്താലേ വിവരം അറിയാനാവൂ.ഇന്നത്തെ സാഹചര്യത്തില്‍ ഇത്തരം ക്ലാസില്‍ പങ്കെടുക്കുകയാണ് എല്ലാത്തിനുമുള്ള ഉത്തരം.
അങ്ങനെ പെട്ടെന്നൊന്നും ആരും ക്ലാസിലെത്തില്ല.ഇക്കാര്യം ബിസി (ബ്രാഞ്ച് കമ്മറ്റി) മുതല്‍ പി ബി വരെ അറിയാം.അതിനുള്ള ഒരു’ഞെട്ടല്‍ ചികിത്സ’യാണ് കെ റെയില്‍ കല്ലിടല്‍.വെരി കാല്‍ക്കുലേറ്റഡ് പോളിസി എന്ന താത്വിക നിലപാട് ഫലപ്രദമായി നടപ്പാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.ചെല്ലും ചെലവും കൊടുത്ത് കാക്കിപ്പടയെ ഒരുക്കി നിര്‍ത്തിയിരിക്കുന്നതും അതിനാണ്.
ഒരു പദ്ധതി ജനകീയമാകുന്നത് ജനമുന്നേറ്റം വഴി ആയത് നടപ്പിലാവുമ്പോഴാണ്.കെ റെയിലിന്റെ കാര്യത്തിലും അങ്ങനെ തന്നെ.സ്വാഗതം ചെയ്യുന്നവര്‍,ചെറിയ ചെറിയ വിമര്‍ശനം ഉന്നയിക്കുന്നവര്‍,നിശ്ശേഷം എതിര്‍ക്കുന്നവര്‍,എന്തായാലെന്ത് എന്ന സമീപനം സ്വീകരിക്കുന്നവര്‍ എന്നിങ്ങനെ പല തരത്തിലാണ് ജനങ്ങള്‍.ഇവരോടെല്ലാം ഒരേ സമീപനം സ്വീകരിക്കാന്‍ പറ്റാത്തതിനാല്‍ ‘ഒത്തവര്‍ക്ക് ഒത്ത തോതില്‍’എന്നതാണ് രീതി.എല്ലാവരെയും ബാധിക്കുന്നതിനാല്‍ കെ റെയില്‍ ഒരു ജനകീയ പദ്ധതിയെന്നാണ് പാര്‍ട്ടി ഭാഷ്യം.ഈ ഭാഷ്യം മനസ്സിലാകാത്തവരെ അതു പഠിപ്പിക്കുകയെന്ന ഉത്തരവാദിത്തവും പാര്‍ട്ടിക്കുണ്ട്.കാരണം പാര്‍ട്ടിയും ജനകീയമാണല്ലോ.അങ്ങനെ പഠിപ്പിക്കുമ്പോള്‍ രീതികളിലും വ്യത്യാസമുണ്ടാവും.നെഞ്ചുകീറി നേരു കാട്ടാന്‍ തുനി
യുന്നവരുടെ നെഞ്ചില്‍ സീലു കുത്തുക എന്നത് പ്രാഥമിക ഘട്ടം.തിര്വന്തോരം ജില്ലയിലെ മുരുക്കും പുഴയ്ക്കടുത്ത് മംഗലപുരം സ്റ്റേഷനിലെ സി പി ഒ ഷബീര്‍ എന്ന ചുണക്കുട്ടനാണ് തല്ക്കാലം നെഞ്ചില്‍ സീലു കുത്താനുള്ള അധികാരം. വൈകാതെ സംസ്ഥാന നെഞ്ചുസീല്‍ ഡീജിപിയായി ടിയാന് നിയമിക്കപ്പെടാന്‍ സാധ്യത ഏറെയാണ്.കാരണഭൂതന്റെ കണ്ണോട്ടത്തില്‍ മേപ്പടി കലാവിദ്യ പ്രശംസനീയമാംവണ്ണം തെളിഞ്ഞിട്ടുണ്ട്.ഈദൃശ കോഴ്സുകളില്‍ ഡോക്ടറേറ്റ് എടുത്ത ബഹുമാനിതനാണ് ഷബീര്‍ എന്ന് പാണന്മാര് നല്ല പ്രചാരം കൊടുക്കുന്നുമുണ്ട്. നമ്പര്‍വണ്‍ സംസ്ഥാനം അങ്ങനെ പുതു പുതു വിദ്യകളിലൂടെ മുന്നേറുകയാണ്.അടിയന്തരാവസ്ഥ കാലഘട്ടത്തിലാണ് ഇത്തരം കോഴ്സ് വിജയകരമായി പൂര്‍ത്തിയാക്കിയവര്‍ വന്‍ പ്രകടനങ്ങള്‍ കാഴ്ചവെച്ചിരുന്നത്.അന്നവര്‍ക്ക് നേരിട്ട് നിയമനം നല്‍കുകയും ചെയ്തിരുന്നു.ഈ മുരുക്കുംപുഴയ്ക്ക് മറ്റൊരു ചരിത്രം കൂടിയുണ്ട്.പത്ത് മുപ്പത്തൊന്ന് കൊല്ലം മുമ്പ് മൂന്ന് ചെറുപ്പക്കാരെ കോമ്രേഡ്സ് നെഞ്ചില്‍ ചവിട്ടി പാടത്തെ ചെളിയിലും ചേറിലും പൂഴ്ത്തിക്കൊന്ന സ്ഥലമാണ്.അതിന്റെ ആവേശമോ മറ്റോ ഷബീര്‍ബ്രോയെ ഉത്തേജിതനാക്കിയോ എന്ന സംശയം അസ്ഥാനത്തല്ല.ആ നവയൗവനങ്ങള്‍ക്കു വേണ്ടി പ്രാര്‍ഥിച്ച് അക്കൊല്ലം ഓണം കണ്ണീരോണമായാണ് കേരളം ആചരിച്ചത്.
അന്നത്തേക്കാള്‍ അതിഭീകരമായ അന്തരീക്ഷം സംജാതമായതിനാല്‍ ഇമ്മാതിരി കോഴ്സുകളില്‍ പ്രശംസനീയമാം വിധം വിജയിച്ചവരെ വിവിധ ജില്ലകളില്‍ നിയമിക്കാന്‍ നിശ്ചയിച്ചിട്ടുണ്ട്.നെഞ്ചുകീറി നേരു കാട്ടലും നെഞ്ചു കലക്കി നഞ്ഞ് പുരട്ടലും ഒരേ ഗ്രേഡിലുള്ള കാര്യമാണെന്ന നിയമോപദേശം ലഭ്യമായിട്ടുണ്ട്.ആയതിനാല്‍ കെ റെയിലിനായി സകല ടിയാന്മാര്ക്കും ഒരു കാര്യം ചെയ്യാം. തക്കല മുതല്‍ ബേക്കല്‍ വരെ ഒരു ചങ്ങല പിടിക്കാം.അല്ലെങ്കില്‍ മതിലായി നില്ക്കാം.പാര്‍ട്ടി ഇവ്വണ്ണം വളരാനുള്ള വെള്ളവും വളവും നാനാ ഭാഗത്തു നിന്നും ഒഴുകിയെത്തിയത് ഇങ്ങനെയല്ലേ?ജനങ്ങളെ ഊണിലും ഉറക്കിലും സംരക്ഷിക്കുന്ന പാര്‍ട്ടിയോട്,സര്‍ക്കാറിനോട് ഒരു സ്നേഹമൊക്കെ വേണ്ടായോ ഫ്രണ്ട്സ്!
നേര്‍മുറി
ജോലി തടസ്സപ്പെടുത്തിയവരെ ഏതെങ്കിലും പൊലീസ് ഉമ്മ വെച്ചിട്ടുണ്ടോ: കാനം ഉമ്മകളുടെ നേട്ടം മുഖത്തുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: