കോട്ടയം: നഗരത്തെ ബന്ദിയാക്കി കഴിഞ്ഞ വ്യാഴാഴ്ച സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷിക ആഘോഷം ജനങ്ങളെ ദുരിതത്തിലാക്കി. ആഘോഷത്തിന്റെ പേരില്‍ ഭീഷണിയും ധൂര്‍ത്തുമാണ് നടത്തിയത്.
വാര്‍ഷിക ആഘോഷത്തിന്റെ ഭാഗമായി നടത്തിയ റാലിയില്‍ കര്‍ശനമായി പങ്കെടുക്കണമെന്ന് കുടുംബശ്രീ, തൊഴിലുറപ്പ് തൊഴിലാളികള്‍, ഹരിത കര്‍മ്മസേന എന്നിവരോട് നിര്‍ദ്ദേശിച്ചിരുന്നു. റാലിയില്‍ പങ്കെടുക്കാത്തവര്‍ക്ക് യാതൊരു ആനുകൂല്യവും ലഭിക്കില്ലെന്നാണ് ഇവരെ ഭീഷണിപ്പെടുത്തിയത്. ഒരു യൂണിറ്റില്‍ നിന്നും നാലും അഞ്ചും പേര് നിര്‍ബന്ധമായും പങ്കെടുക്കണമെന്ന് കര്‍ശന നിര്‍ദ്ദേശവും നല്കി. രേഖാമൂലമല്ലാതെ വാക്കാലും കുടുംബശ്രീകളുടെ വാട്ട്സ് ആപ്പ് ഗ്രൂപ്പുകളില്‍ ശബ്ദസന്ദേശമായാണ് നല്‍കിയത്.
ജില്ലാ മിഷനില്‍ നിന്ന് സിഡിഎസിലേക്കും അവിടെ നിന്ന് എഡിഎസിലേക്കും സന്ദേശം കൈമാറുകയായിരുന്നു. എഡിഎസ് ഭാരവാഹികളാണ് ഓരോ വാര്‍ഡുകളിലേയും കുടുംബശ്രീ ഗ്രൂപ്പുകളിലേക്ക് സന്ദേശം കൈമാറിയത്. മാത്രമല്ല ആരോഗ്യ മേഖലയിലെ ജീവനക്കാര്‍ ഒഴികെ മറ്റ് എല്ലാ സര്‍ക്കാര്‍ വകുപ്പിലെയും ജീവനക്കാര്‍ എല്ലാദിവസവും മുഴുവന്‍ സമയവും ആഘോഷ പരിപാടിയുടെ ഭാഗമാകണമെന്ന് അതാത് വകുപ്പ് മേധാവികള്‍ നിര്‍ദ്ദേശിച്ചു. ഇങ്ങനെയാണ് സമ്മേളന നഗരിയിലേക്ക് ആളെ കുട്ടിയത്. സമ്മേളനത്തിന്റെ ഭാഗമായി നടന്ന സെമിനാറുകള്‍ക്ക് ജനപങ്കാളിത്തമില്ലായിരുന്നു. സദസിലെത്തിയത് ഏതാണ്ട് മുഴുവന്‍ സര്‍ക്കാര്‍ ജീവനക്കാരായിരുന്നു.
സമ്മേളനവുമായ സഹകരിക്കാത്ത ജീവനക്കാരെ കണ്ടുപിടിക്കാനും നിരീക്ഷിക്കാനും എന്‍ജിഒ യൂണിയന് ഭാരവാഹികള്‍ സദാജാഗരൂകരായിരുന്നു. സ്ഥലം മാറ്റവും സസ്പെന്‍ഷനുമായിരുന്നു ജീവനക്കാര്‍ക്കെതിരെ എന്‍ജിഒ യൂണിയന് നേതാക്കള്‍ കൊടുത്ത ഭീഷണി. ഇതൊക്കെ ഭയന്നാണ് സര്‍ക്കാര്‍ ജീവനക്കാര്‍ രാവിലെ മുതല്‍ വൈകിട്ട് വരെ സമ്മേളന നഗരിയില്‍ എത്തിയത്. കൂടുതലും വനിതാ ജീവനക്കാരാണ് സമ്മേളനത്തിലും സെമിനാറിനും പങ്കെടുത്തത്.
ആഘോഷത്തിന്റെ പേരില്‍ ജില്ലയിലെ ഒട്ടുമിക്ക സര്‍ക്കാര്‍ ഓഫീസുകളും കാലിയായിരുന്നു. ജീവനക്കാരെല്ലാം സമ്മേളനത്തിലും സെമിനാറിലുമാണ്. പേരിന് ഒരാളെങ്കിലും ഓഫീസുകളില്‍ കണ്ടാല്‍ ഭാഗ്യം. ജീവല്‍ പ്രശ്നവുമായി വിവിധ സര്‍ക്കാര്‍ ഓഫീസുകളിലെത്തിയ സാധാരണക്കാര്‍ നിരാശരായി മടങ്ങുന്ന കാഴ്ചയാണ് രണ്ട് ദിവസമായി കോട്ടയത്ത് കാണുന്നത്.
റാലിക്ക് പങ്കെടുക്കാനെത്തുന്ന കുടുംബശ്രീ, തൊഴിലുറപ്പ് തൊഴിലാളികള്‍, ഹരിത കര്‍മ്മസേന എന്നിവരെ കൊണ്ടുവരുന്നതിന് വാഹനത്തിന്റെയും ഭക്ഷണത്തിന്റെയും ചെലവ് പഞ്ചായത്തിന്റെ ഓണ്‍ഫണ്ടില്‍ നിന്നും ചെലവഴിക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു. ഒരു പഞ്ചായത്തില്‍ നിന്നും കഴിവതും ആളുകളെ പങ്കെടുപ്പിക്കണമെന്നും ഒരു പഞ്ചായത്തില്‍ നിന്നും അഞ്ച് വാഹനമെങ്കിലും വേണമെന്നുമായിരുന്നു വാക്കാലുള്ള നിര്‍ദ്ദേശം. സാമ്പത്തിക ഞെരുക്കത്തില്‍ ദൈന്യംദിന ആവശ്യങ്ങള്‍ക്ക് പോലും ബുദ്ധിമുട്ടുന്ന ഈ സമയത്താണ് സര്‍ക്കാരിന്റെ വാര്‍ഷിക ആഘോഷത്തിന്റെ പേരിലുള്ള ധൂര്‍ത്ത്.
റാലി ഗംഭീരമാക്കാന്‍ ലക്ഷങ്ങളാണ് പൊടിച്ചത്. നിശ്ചലദൃശ്യം, വാദ്യോപകരണങ്ങള്‍, വിവിധ ഇനം കലാരൂപങ്ങള്‍, കളരിപ്പയറ്റ് എന്നിങ്ങനെ പണം നല്കി റാലി കൊഴുപ്പിക്കാനാണ് ലക്ഷങ്ങള്‍ ചെലവിട്ടത്. പൊരിവെയിലില്‍ നാട്ടുകാരെ പെരുവഴിയിലാക്കി ജനങ്ങളുടെ നികുതി പണം ധൂര്‍ത്തടിക്കാന്‍ സര്‍ക്കാരിന്റെ ഒരു മാമാങ്കമെന്നാണ് ജനങ്ങളുടെ അഭിപ്രായം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: