ശിവഗിരി തീര്‍ത്ഥാടനത്തിന്റെ തൊണ്ണൂറാം വാര്‍ഷികത്തിന്റെയും, ബ്രഹ്മവിദ്യാലയത്തിന്റെ സുവര്‍ണജൂബിലിയുടെയും സംയുക്ത ആഘോഷ പരിപാടികള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ദല്‍ഹിയില്‍ ഉദ്ഘാടനം ചെയ്തതിന്റെ പേരില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും, എംഎല്‍എയും മുന്‍മന്ത്രിയുമായ കടകംപള്ളി സുരേന്ദ്രനും രംഗത്തുവന്നതിനു പിന്നിലെ ദുഷ്ടലാക്ക് ഇരുവരുടെയും സങ്കുചിത രാഷ്ട്രീയമറിയുന്നവര്‍ക്ക് ഊഹിക്കാവുന്നതേയുള്ളൂ. ഭാരതത്തിന്റെ ആധ്യാത്മിക ചൈതന്യമാണ് ശ്രീനാരായണഗുരുദേവനെന്നും, ജാതിയുടെ പേരില്‍ അരങ്ങേറിയ വിവേചനങ്ങള്‍ക്കെതിരെ യുക്തിസഹവും പ്രായോഗികവുമായ പോരാട്ടമാണ് ഗുരു നടത്തിയതെന്നും പ്രധാനമന്ത്രി മോദി പറയുകയുണ്ടായി. രാജ്യത്ത് ഇന്നോളമുണ്ടായിട്ടുള്ള പ്രധാനമന്ത്രിമാരില്‍ ശിവഗിരിയെയും ശ്രീനാരായണഗുരുദേവനെയും ഏറ്റവും കൂടുതല്‍ അറിഞ്ഞാദരിക്കുകയും, ശിവഗിരിക്കുവേണ്ടി സഹായസഹകരണങ്ങള്‍ നല്‍കുകയും ചെയ്യുന്ന നരേന്ദ്ര മോദിയെപ്പോലെ ഇന്നോളം മറ്റൊരു പ്രധാനമന്ത്രി ഉണ്ടായിട്ടില്ലെന്നും ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പറഞ്ഞതുമാണ് സിപിഎം നേതാക്കളെ പ്രകോപിപ്പിച്ചത്. കോടിയേരി ബാലകൃഷ്ണന് പ്രധാനമന്ത്രിയെ കടന്നാക്രമിക്കുമ്പോള്‍ കടകംപള്ളി ശിവഗിരി സന്യാസിമാരെ അധിക്ഷേപിക്കുകയാണ്. ശ്രീനാരായണ ഗുരുദേവന് തങ്ങളുടെ സ്വകാര്യസ്വത്താണെന്നും, മറ്റാര്‍ക്കും ഗുരുവിനെക്കുറിച്ച് അഭിപ്രായം പറയാന്‍ അധികാരമില്ലെന്നും ഈ നേതാക്കള്‍ ധരിച്ചുവച്ചിട്ടുള്ളതുപോലെ തോന്നുന്നു.
രാഷ്ട്രീയ മുതലെടുപ്പിനുവേണ്ടി ഗുരുദേവന്റെ പേര് ഉപയോഗിക്കുകയും, അതു കഴിഞ്ഞാല്‍ നിന്ദിക്കുകയും അപകീര്‍ത്തിപ്പെടുത്തുകയും ചെയ്യുന്ന ഹീനമായ പാരമ്പര്യമാണ് സിപിഎമ്മിനുള്ളത്. പാര്‍ട്ടി ആചാര്യനായ ഇ.എം.എസ്. നമ്പൂതിരിപ്പാടുതന്നെ ഇതിന് മുന്നിട്ടിറങ്ങുകയുണ്ടായി. ഗുരുദേവന് വെറും ബൂര്‍ഷ്വാ സാമൂഹ്യപരിഷ്കര്‍ത്താവാണെന്ന് പ്രഖ്യാപിച്ച് അയിത്തം കല്‍പ്പിക്കുകയും, ശിവഗിരി സന്ദര്‍ശിക്കുന്നത് തന്നെപ്പോലുള്ള പൊതുപ്രവര്‍ത്തകര്‍ക്ക് അപമാനമാണെന്നും പ്രഖ്യാപിക്കാന്‍ മടി കാണിക്കാതിരുന്ന നേതാവായിരുന്നു ഇഎംഎസ്. ഇക്കാരണത്താല്‍ ക്ഷണം ലഭിച്ചിട്ടുപോലും ശിവഗിരി തീര്‍ത്ഥാടനത്തിന് പോകാതിരുന്നയാളുമാണ്. ഇഎംഎസിന്റെ പാത പിന്തുടര്‍ന്ന സിപിഎം അവസരം കിട്ടിയപ്പോഴൊക്കെ ഗുരുനിന്ദ തുടര്‍ന്നു. ഇ.കെ. നായനാരുടെ ഭരണകാലത്ത് ശിവഗിരി പിടിച്ചെടുക്കാനുള്ള ശ്രമവും നടത്തി. ഗുരുദേവന്റെ പ്രതിമകള്‍ തകര്‍ക്കാനും, ഗുരുവിനെ കുരിശിലേറ്റി തെരുവിലൂടെ പ്രദര്‍ശിപ്പിക്കാനും ഇവര്‍ മടിച്ചിട്ടില്ല. ഇതിനെതിരെ ജനങ്ങളില്‍നിന്ന് രോഷമുയര്‍ന്നപ്പോള്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ജാഗ്രതക്കുറവുണ്ടായി എന്നു മാത്രമാണല്ലോ കോടിയേരി ബാലകൃഷ്ണന് പറഞ്ഞത്. ഗുരുദേവനോടും ശിവഗിരിയോടും ഒരുതരത്തിലുള്ള ആദരവുമില്ലാതെ ഇങ്ങനെയൊക്കെ ചെയ്യുന്നവര്‍ ഗുരുദേവന്റെ ദര്‍ശനത്തെ വാഴ്ത്തുകയും മഹത്വത്തെ ഉയര്‍ത്തിക്കാട്ടുകയും ചെയ്ത പ്രധാനമന്ത്രി മോദിയെ അധിക്ഷേപിക്കാന്‍ ഇറങ്ങിത്തിരിച്ചിരിക്കുന്നത് മിതമായ ഭാഷയില്‍ പറഞ്ഞാല്‍ സാംസ്കാരിക ശൂന്യതയാണ്. ഇത്തരമൊരു അപഹാസ്യമായ രാഷ്ട്രീയ വിദ്യാഭ്യാസമാണ് സിപിഎം നേതാക്കള്‍ക്ക് ലഭിച്ചിട്ടുള്ളത്. അവര്‍ മാറിച്ചിന്തിക്കുമെന്ന് കരുതാനാവില്ല.
ശിവഗിരിയോടും ശ്രീനാരായണ പ്രസ്ഥാനങ്ങളോടും ഒരുതരം കുടിപ്പകതന്നെയാണ് സിപിഎമ്മിനുള്ളത്. കോടിയേരിയും കടകംപള്ളിയും മറയില്ലാതെ പ്രകടിപ്പിക്കുന്നതും അതാണ്. ഗുരുദേവന്റെ ആത്മീയ മഹത്വം ഒരിക്കല്‍പ്പോലും അംഗീകരിക്കാതിരിക്കുകയും, കേരളത്തിന് പുറത്ത് അത് തിരിച്ചറിയുന്നതിന് തടസം നില്‍ക്കുകയുമാണ് ഇക്കൂട്ടര്‍ ചെയ്തിട്ടുള്ളത്. ഇതിന്റെ വിരുദ്ധ ധ്രുവത്തിലാണ് സംഘപരിവാര്‍ പ്രസ്ഥാനങ്ങള്‍ നില്‍ക്കുന്നത്. ശിവഗിരി സന്ദര്‍ശിച്ചും അല്ലാതെയും സാമൂഹ്യപരിവര്‍ത്തനത്തില്‍ ഗുരുദേവന്റെ അമൂല്യമായ സംഭാവനകളെ പ്രകീര്‍ത്തിക്കുകയും, ലോകത്തിന് അത് മാതൃകയാണെന്ന് ആവര്‍ത്തിച്ച് പ്രഖ്യാപിച്ചിട്ടുള്ളയാളുമാണ് നരേന്ദ്ര മോദി. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ശിവഗിരിയോട് വളരെ അടുത്ത ബന്ധമാണ് മോദി പുലര്‍ത്തിയത്. പ്രധാനമന്ത്രിയെന്ന നിലയ്ക്ക് അത് തുടരുകയും ചെയ്യുന്നു. ശിവഗിരി ഉന്നയിച്ചിട്ടുള്ള എല്ലാ ആവശ്യങ്ങളോടും അനുകൂലമായാണ് മോദി സര്‍ക്കാര്‍ പ്രതികരിച്ചിട്ടുള്ളത്. രാഷ്ട്രീയ കാരണങ്ങളാല്‍ ഇതിന് തടസ്സംനില്‍ക്കുകയാണ് പിണറായി സര്‍ക്കാര്‍. ശിവഗിരി തീര്‍ത്ഥാടന ടൂറിസം സര്‍ക്യൂട്ട് അട്ടിമറിച്ചത് ഒരു ഉദാഹരണം മാത്രം. കേന്ദ്രസര്‍ക്കാരിന്റെ ഒരു സഹായവും ശിവഗിരിക്ക് ലഭിക്കരുതെന്ന വാശിയാണ് സിപിഎമ്മിനും പിണറായി സര്‍ക്കാരിനുമുള്ളത്. മറിച്ച് എന്തെങ്കിലും സംഭവിച്ചാല്‍ മുഖ്യമന്ത്രിയുള്‍പ്പെടെ രോഷാകുലരാകും. യാതൊരു തത്വദീക്ഷയുമില്ലാതെ കുപ്രചാരണം നടത്താന്‍ മടിക്കില്ല. ഇതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് കോടിയേരിയുടെയും കടകംപള്ളിയുടെയും ഉറഞ്ഞുതുള്ളല്‍. ഈ ഗുരുനിന്ദകരുടെ തനിനിറം തിരിച്ചറിഞ്ഞ് പാഠം പഠിപ്പിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: