ന്യൂദല്‍ഹി: സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന, കേന്ദ്ര സര്‍ക്കാരിന്റെ വിവിധ പദ്ധതികളെ കുറിച്ചുള്ള 90 ദിവസത്തെ ക്യാമ്പയിന് ‘ആസാദി സെ അന്ത്യോദയ തക്’ തുടക്കമായി. സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലുമായി തെരഞ്ഞെടുത്ത 99 സ്വാതന്ത്ര്യസമരസേനാനികളുടെ ജന്മസ്ഥലങ്ങള് ഉള്‍പ്പെടുന്ന 75 ജില്ലകളിലാണ് ക്യാമ്പയിന് സംഘടിപ്പിക്കുന്നത്. സ്വാതന്ത്ര്യസമര സേനാനികളെ സ്മരിക്കുന്നതിനും അവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നതിനുമുള്ള അവസരമായും ക്യാമ്പയിന് മാറും.
കേരളത്തില്‍ നിന്ന് കേരളഗാന്ധി കെ. കേളപ്പജിയുടെ ജന്മസ്ഥലമായ കോഴിക്കോട്, എ.കെ. ഗോപാലന്റെ ജന്മസ്ഥലമായ കണ്ണൂര്‍, ക്യാപ്റ്റന്‍ ലക്ഷ്മി, സി. ശങ്കരന് നായര്‍ എന്നിവരുടെ ജന്മസ്ഥലമായ പാലക്കാട് എന്നീ ജില്ലകളാണ് ക്യാമ്പയിനായി തെരഞ്ഞെടുത്തത്. കേന്ദ്ര പഞ്ചായത്തീരാജ് മന്ത്രാലയം സംഘടിപ്പിക്കുന്ന ക്യാമ്പയിനില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഒന്‍പത് മന്ത്രാലയങ്ങള്‍ നടപ്പാക്കുന്ന 17 പദ്ധതികളെക്കുറിച്ച് പ്രചാരണം നടത്തും. ഈ പദ്ധതികളെകുറിച്ച് സമൂഹത്തിന്റെ താഴെത്തട്ടിലുള്ളവരിലേക്ക് വിവരങ്ങള്‍ എത്തിക്കുകയാണ് ക്യാമ്പയിനിന്റെ ലക്ഷ്യം.
സ്വാതന്ത്ര്യസമര സേനാനികളുടെ കുടുംബങ്ങള്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, പഞ്ചായത്തീരാജ് സ്ഥാപനങ്ങള്‍, വനിതാ, യുവജന, വിദ്യാര്‍ത്ഥി സംഘടനകള്‍, പൊതുപ്രവര്‍ത്തകര്‍, എന്നിവരെ ഉള്‍പ്പെടുത്തിയാണ് ക്യാമ്പയിന് സംഘടിപ്പിക്കുന്നത്. പ്രതിശീര്‍ഷ പ്രതിമാസ സൂചകങ്ങള്‍, സാമൂഹ്യ-സാമ്പത്തിക, ജാതി സെന്‍സസ് എന്നിവയുടെ അടിസ്ഥാനത്തില്‍ വികസന മാനദണ്ഡങ്ങളില്‍ നേരിയ തോതില്‍ പിന്നാക്കം നില്ക്കുന്ന 75 ജില്ലകളെയാണ് ക്യാമ്പയിനായി തെരഞ്ഞെടുത്തിരിക്കുന്നത്.
ആസാദി സേ അന്ത്യോദയ തക് ക്യാമ്പയിന് അമൃത് മഹോത്സവത്തിലേക്കുള്ള സര്‍ക്കാരിന്റെ മൂര്‍ത്തമായ ചുവടുവെപ്പാണെന്ന് ക്യാമ്പയിന് ഉദ്ഘാടനം ചെയ്ത കേന്ദ്ര ഗ്രാമവികസന, പഞ്ചായത്തീരാജ് മന്ത്രി ഗിരിരാജ് സിങ് അഭിപ്രായപ്പെട്ടു. ഗ്രാമവികസന സഹമന്ത്രി സാധ്വി നിരഞ്ജന് ജ്യോതി, പഞ്ചായത്തീരാജ് സഹമന്ത്രി കപില്‍ മൊറേശ്വര്‍ പാട്ടീല്‍, ഗ്രാമവികസന മന്ത്രാലയം സെക്രട്ടറി നാഗേന്ദ്ര നാഥ് സിന്‍ഹ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: