പട്ടാമ്പി :സിപിഐ ഒറ്റപ്പാലം മണ്ഡലം സെക്രട്ടറിയായ ആര്. അഭിലാഷ് വിശ്വാസവഞ്ചന നടത്തിയതിനാല്‍ താനും കുടുംബവും ആത്മഹത്യയുടെ വക്കിലാണെന്ന് സിപിഐ ഒറ്റപ്പാലം മണ്ഡലം കമ്മി റ്റി അംഗം ഷൊര്‍ണൂര്‍ പരുത്തിപ്ര മഠത്തിപറമ്പില്‍ എം.കെ. മുകേഷ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
2014ല്‍ തന്റെ വീടിന്റെ ആധാരം പണയംവെച്ച് 18 ലക്ഷം രൂപ എടുക്കുകയും ഇതില്‍ നിന്നും 8 ലക്ഷം അഭിലാഷ് വാങ്ങിക്കുകയും ചെയ്തു. തുക ബാങ്കില്‍ അടക്കേണ്ടതില്ലെന്നും താന്‍ വീട്ടിത്തരാം എന്നുമാണ് അഭിലാഷ് പറഞ്ഞിരുന്നത്. തൊടുപുഴയിലെ സ്ഥലം വിറ്റ് അതില്‍ നിന്ന് 60 ലക്ഷം രൂപ മുകേഷിന് നല്‍കാം എന്നും വാക്കാല്‍ പറഞ്ഞു. പക്ഷേ പലിശസഹിതം 38 ലക്ഷം രൂപക്ക് കേരളബാങ്ക് ജപ്തി നോട്ടീസ് പതിച്ചു. ഈ മാസം 30നകം പണമടച്ചില്ലെങ്കില്‍ വീട് ജപ്തി ആവും.
തുക മുകേഷില്‍ നിന്നും തിരികെ കിട്ടാന്‍ സിപിഐ ഒറ്റപ്പാലം മണ്ഡലം കമ്മിറ്റിയെയും, പാര്‍ട്ടി നേതാവ് കെ.പി.സുരേഷ് രാജിനെയും കണ്ട് ആവശ്യപ്പെട്ടു. തുടര്‍ന്ന ചില കൂടികാഴ്ചകള്‍ നടക്കുകയും തുടര്‍ന്ന് മാര്‍ച്ച് മാസം 30നകം 5 ലക്ഷവും ഏപ്രില്‍ ഏഴിനകം 9 ലക്ഷം നല്‍കാമെന്നും പറഞ്ഞിരുന്നെങ്കിലും ലഭിച്ചില്ലെന്ന് മുകേഷ് പറഞ്ഞു. കഴിഞ്ഞവര്‍ഷമാണ് അഭിലാഷ് തന്നെ പറ്റിക്കുകയാണെന്ന് അറിഞ്ഞത്. മറ്റൊരാളില്‍ നിന്നും അപകട ഇന്‍ഷൂറന്‍സായി ലഭിച്ച 3.10 ലക്ഷം രൂപയും, ജോലി വാഗ്ദാനത്തിലൂടെ പലരില്‍ നിന്നും പണംവാങ്ങിയതായും പറയുന്നു.
തൊടുപുഴയിലെ ഒരു സ്ത്രീയില്‍ നിന്നും ഒരു കോടി പത്തു ലക്ഷം രൂപ വാങ്ങിയതായും, ഒറ്റപ്പാലം കണ്ണിയംപുറം ആശുപത്രിക്ക് സമീപം എന്‍എഫ്എസ്എ ഗോഡൗണും , ഓഫീസും സര്‍ക്കാര്‍ പ്രോജക്റ്റിലേക്ക് വാടകക്ക് കൊടുക്കുന്നതുമായി ബന്ധപ്പെട്ട് സിപിഐ നേതാക്കള്‍ക്ക് 30 ലക്ഷം രൂപയോളം ലഭ്യമായതായും, ഷൊര്‍ണൂരില്‍ ജനയുഗം പ്രസ് തുടങ്ങാന്‍ മറ്റൊരു സ്ത്രീയില്‍ നിന്നും 15 ലക്ഷം രൂപ വാങ്ങിയതായും മുകേഷ് ആരോപിച്ചു.
30 നകം ബാങ്കിലെ കടം അടയ്ക്കാനായില്ലെങ്കില്‍ തെരുവിലിറങ്ങേണ്ടിവരുമെന്നും, അങ്ങനെ വന്നാല്‍ ഭാര്യയും നാല് വയസുള്ള ഇരട്ട കുട്ടികളും പ്രായമായ അച്ഛനും അമ്മയും അടങ്ങുന്ന കുടുംബത്തിന് ആത്മഹത്യ ചെയ്യേണ്ടി വരുമെന്ന് മുകേഷ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: