കൊച്ചി : നടിയെ ബലാത്സംഗം ചെയ്തെന്ന കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി വിജയ് ബാബു ഹൈക്കോടതിയില്‍. തനിക്കെതിരായ പീഡനപരാതി കെട്ടിചമച്ചതാണെന്നും ഭീഷണിപ്പെടുത്തി പണം തട്ടുന്നതിനായാണ് തനിക്കെതിരെ പരാതി നല്‍കിയത്. യുവതിക്കെതിരെ തന്റെ പക്കല്‍ തെളിവുകള്‍ ഉണ്ടെന്നും വിജയ് ബാബുവിന്റെ ഹര്‍ജിയില്‍ പറയുന്നുണ്ട്.
മുന്‍കൂര്‍ ജാമ്യ ഹര്‍ജി ഇന്നു തന്നെ പരിഗണിക്കണമെന്ന് വിജയ് ബാബുവിന്റെ അഭിഭാഷകന് ആവശ്യപ്പെട്ടേക്കും. സമൂഹത്തിലെ ഉന്നതരെ മീ ടു ആരോപണങ്ങളില്‍ കുടുക്കുന്നത് ഒരു ഫാഷനായി മാറി. അത്തരമൊരു ദുരുദ്ദേശത്തോടെയാണ് തനിക്കെതിരേയും പരാതി നല്‍കിയിട്ടുള്ളത്. യുവതിയെ താന്‍ ഏതെങ്കിലും തരത്തില്‍ ബലാത്കാരമായി നടിയെ പീഡിപ്പിച്ചിട്ടില്ല. തന്നെ അപകീര്‍ത്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ പരാതി നല്‍കിയിട്ടുള്ളത്.
തന്റെ നിരപരാധിത്വം തെളിയിക്കാന്‍ സഹായിക്കുന്ന വാട്സ്ആപ്പ് ചാറ്റുകള്‍ ഉള്‍പ്പടെയുള്ള തെളിവുകള്‍ കൈവശമുണ്ട്. കോടതിക്കും അന്വേഷണ സംഘത്തിനും മുമ്പാകെ ഇത് ബോധ്യപ്പെടുത്താനും തനിക്ക് സാധിക്കും. ഇല്ലാത്ത തെളിവുകള്‍ തനിക്കെതിരെ കണ്ടെത്തിയതായി മാധ്യമവാര്‍ത്ത കൊടുക്കുന്നതാണ് അന്വേഷണസംഘവും പരാതിക്കാരിയായ നടിയും ചെയ്യുന്നത്. അന്വേഷണവുമായി എങ്ങനെ വേണമെങ്കിലും സഹകരിക്കാന്‍ താന്‍ തയ്യാറാണ്. തന്നെ പോലീസ് കസ്റ്റഡിയില്‍ വിടേണ്ട ആവശ്യമില്ലെന്നും വിജയ് ബാബുവിന്റെ ഹര്‍ജിയില്‍ പറയുന്നുണ്ട്.
അതേസമയം വിജയ് ബാബുവിന് ഒരു രീതിയിലും ജാമ്യം നല്‍കരുതെന്നതാണ് പോലീസ് നിലപാട്. വിജയ് ബാബു കീഴടങ്ങും എന്നാണ് പ്രതീക്ഷിക്കുന്നതെന്ന് നേരത്തെ കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ പ്രതികരിച്ചിരുന്നു.
വിജയ് ബാബു ദുബായിലേക്ക് കടന്നതായി പോലീസ് നിഗമനം. കഴിഞ്ഞ ഞായറാഴ്ച്ച ബെംഗളൂരു വഴിയാണ് ഇയാള്‍ ദുബായിലേക്ക് കടന്നത്. ്തിനിടെ വിജയ് ബാബുവും പരാതിക്കാരിയായ നടിയും കൊച്ചിയിലെ ആഡംബര ഹോട്ടലില്‍ എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു. നടനെതിരെ തെളിവുകളും പോലീസിന് ലഭിച്ചിട്ടുണ്ട്. സിനിമാ മേഖലയില്‍ നിന്നടക്കം എട്ട് സാക്ഷികളുടെ മൊഴികളും ശേഖരിച്ചിട്ടുണ്ട്. നടിയുടെ മൊഴിയെ സാധൂകരിക്കുന്ന തെളിവുകളാണ് ഇക്കഴിഞ്ഞ ദിവസങ്ങളില്‍ ലഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: