ദിഫു : വര്‍ഷങ്ങളായി വടക്ക് കിഴക്കന്‍ മേഖലയില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള അഫ്സ്പ പിന്‍വലിക്കാനുള്ള ശ്രമത്തിലാണ് കേന്ദ്ര സര്‍ക്കാരെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അസമിലെ ദിഫുവില്‍ നടന്ന സമാധാന റാലിയിലാണ് മോദിയുടെ പ്രഖ്യാപനം.
കഴിഞ്ഞ എട്ട് വര്‍ഷമായി മേഖലയില്‍ ക്രമസമാധാന പ്രശ്നങ്ങള്‍ കുറഞ്ഞുവരികയാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് വര്‍ഷങ്ങളായി വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഏര്‍പ്പെടുത്തിയ അഫ്സ്പ പിന്‍വലിക്കാന്‍ തീരുമാനിച്ചത്. 2014 ന് ശേഷം ഈ മേഖലയിലെ ക്രമസമാധാന പ്രശ്നങ്ങളില്‍ 75 ശതമാനത്തോളം അയവ് വന്നിട്ടുണ്ട്. ഇതിനെ തുടര്‍ന്നാണ് ത്രിപുരയിലും മേഘാലയിലും അഫ്സ്പ പിന്‍വലിച്ചത്. പൂര്‍ണ്ണമായും അഫ്സ്പ പിന്‍വലിക്കുന്നതിനുള്ള ശ്രമങ്ങളിലാണ് കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍. മുന്‍ സര്‍ക്കാരുകള്‍ അഫ്സ്പ ഏര്‍പ്പെടുത്തുന്നത് നീട്ടുകയാണ് ചെയ്തത്. എന്നാല്‍ ഈ സര്‍ക്കാര്‍ അസമില്‍ 23 സ്ഥലങ്ങളില്‍ നിന്നും അഫ്സ്പ നീക്കി കഴിഞ്ഞു. മറ്റ് സ്ഥലങ്ങളില്‍ നിന്നും ഭാവിയില്‍ ഇത് നീക്കും അതിനുള്ള നടപടികള്‍ കൈക്കൊള്ളും. ബിജെപിയുടെ ഇരട്ട എഞ്ചിന് സര്‍ക്കാര്‍ സംസ്ഥാനത്ത് സമാധാനവും വികസനവും കൊണ്ടുവരികയാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.
അസമില്‍ വിവിധ വികന പദ്ധതികളും മോദി ഉദ്ഘാടനം ചെയ്തു. ക്യാന്‍സര്‍ രോഗികള്‍ക്കായി ഏഴ്് ആശുപത്രികളുടെ ഉദ്ഘാടനവും, പുതിയതായി ഏഴ് ആശുപത്രികളുടെ തറക്കല്ലിടലും നിര്‍വഹിച്ചു. നാലായിരം കോടി രൂപ മുടക്കി സംസ്ഥാന സര്‍ക്കാരും ടാറ്റാ ഗ്രൂപ്പും ചേര്‍ന്നാണ് ആശുപത്രികള്‍ നിര്‍മിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: