കോഴിക്കോട്: തിരുവനന്തപുരത്ത് സംസ്ഥാന സര്‍ക്കാര്‍ നടത്തിയ കെറെയില്‍ പാനല്‍ ചര്‍ച്ച പ്രഹസനമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. തങ്ങള്‍ക്ക് താത്പര്യം ഇല്ലാത്തവരെ ഒഴിവാക്കി പാനലുണ്ടാക്കിയ സര്‍ക്കാര്‍ ആദ്യം പാനലില്‍ ഉള്‍പ്പെടുത്തിയവരെ പോലും ചര്‍ച്ചയില്‍ മാറ്റി നിര്‍ത്തി. ഒരു പ്രയോജനവുമില്ലാത്ത നാടകമാണിത്. വണ്‍വെ ട്രാഫിക്ക് ചര്‍ച്ചകള്‍ നടത്തി ജനങ്ങളുടെ കണ്ണില്‍പ്പൊടിയിടാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. സംവാദം നടക്കുമ്പോള്‍ തന്നെ പൊലീസിനെ ഉപയോഗിച്ച് പ്രതിഷേധക്കാരെ നേരിടുകയാണ് സര്‍ക്കാരെന്നും കോഴിക്കോട് മാദ്ധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെ സുരേന്ദ്രന്‍ പറഞ്ഞു.
ഗുജറാത്ത് മോഡല്‍ പഠിക്കാനുള്ള കേരള സര്‍ക്കാരിന്റെ തീരുമാനം വൈകി വന്ന വിവേകമാണ്. അബ്ദുള്ളക്കുട്ടിയോട് സിപിഎം മാപ്പ് പറയണം. പാര്‍ട്ടി കോണ്‍ഗ്രസ് കഴിഞ്ഞപ്പോള്‍ സിപിഎമ്മിന് നേരം വെളുത്തെന്നാണ് തോന്നുന്നത്. ഗുജ്‌റാത്ത് മോഡല്‍ നടപ്പാക്കുമ്പോള്‍ എങ്കിലും അഴിമതി ഒഴിവാക്കാന്‍ ഇടതു സര്‍ക്കാര്‍ തയ്യാറാകണം.
ഇന്ധനനികുതി കുറയ്‌ക്കാതെ ധനമന്ത്രി ബാലഗോപാല്‍ ജനങ്ങളെ പരിഹസിക്കുകയാണ്. ആകെ നികുതിയുടെ 42 ശതമാനവും ഈടാക്കുന്ന കേരളം ഇന്ധന നികുതി കുറച്ച് ജനങ്ങള്‍ക്ക് ആശ്വാസം നല്‍കണം. എയിംസിന് സ്ഥലം കണ്ടുപിടിക്കേണ്ടത് സംസ്ഥാന സര്‍ക്കാരാണ്. എവിടെ സ്ഥലം നല്‍കിയാലും കേന്ദ്രം അവിടെ എയിംസ് സ്ഥാപിക്കുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: