വടക്കാഞ്ചേരി: വിശ്വ പൂരത്തിന് അസുരവാദ്യഘോഷമൊരുക്കാന് പ്രമുഖ മേളപ്രമാണിമാരുടെ ചെണ്ട ഡോക്ടറായി വയോധികന്. പൂരങ്ങളുടെ പൂരത്തിന് മേളപ്പെരുക്കമൊരുക്കാന് ചെണ്ടകളൊരുക്കി വെളപ്പായ സ്വദേശി വട്ടേക്കാട്ടു പറമ്പില്‍ വീട്ടില്‍ നാരായണനാ(70)ണ് പാരമ്പര്യമായി പകര്‍ന്നു കിട്ടിയ ചെണ്ടനിര്മ്മാണത്തില് മികവിന്റെ പ്രതീകമാവുന്നത്. ലോകത്തിലെ ഏറ്റവും വലിയ സംഗീത ഓര്‍ക്കസ്ട്ര എന്നറിയപ്പെടുന്ന തൃശൂര്‍ പൂരത്തിന്റെ ഭാഗമായ ഇലഞ്ഞിത്തറമേളത്തിലുള്പ്പടെ കേരളത്തിലെ പ്രമുഖ ക്ഷേത്ര ഉത്സവങ്ങളിലൊക്കെ നാരായണനും സഹായികളുമൊരുക്കിയ അസുരവാദ്യോപകരണങ്ങളുടെ സാന്നിദ്ധ്യമുറപ്പാണ്.
പൂരങ്ങളുടെ പൂരത്തിന് മേളാരവം തീര്‍ക്കാനെത്തുന്ന മിക്ക കലാകാരന്മാരുടെ കൈകളിലും വെളപ്പായയില്‍ പിറവി കൊണ്ട ചെണ്ടകളുടെ സാന്നിദ്ധ്യമുറപ്പാണ്. അഞ്ചര പതിറ്റാണ്ടായി ചെണ്ടനിര്‍മാണം ഉപജീവനമാക്കിയ വയോധികന് പ്രമുഖ മേളപ്രമാണിമാരായ പെരുവനം കുട്ടന്മാരാര്, നെട്ടിശ്ശേരി അനിയന്മാരാര്, പെരുവനം സതീശന്മാരാര്, കേളത്ത് അരവിന്ദാക്ഷന്, ചേറൂര് രാജന്, പഴുവില്‍ രഘു തുടങ്ങിയ നിരവധി കലാകാരന്മാര്ക്ക് ചെണ്ടകള്‍ നിര്‍മിച്ചു നല്കി വരുന്നുണ്ട്. പഴയ ചെണ്ടകളുടെ കേടുപാടുകള്‍ തീര്‍ക്കുന്നതിനും പുതിയവ വാങ്ങിക്കാന്‍ എത്തുന്നവരുമൊക്കെയുണ്ട് ഇക്കൂട്ടരില്‍.
വര്‍ഷം തോറും സീസണ് അടിസ്ഥാനത്തില്‍ നൂറോളം ചെണ്ടകള്‍ നിര്‍മിക്കുന്ന നാരായണന് സഹായികളായ സഹോദരന് രഘു (65) ,മകന് സനല്‍കുമാര്‍(36) എന്നിവരുടെ പിന്തുണയും കരുത്താണ് . ശിങ്കാരിമേളം, തായമ്പക, പറക്കൊട്ട് എന്നിവക്കെല്ലാം വ്യത്യസ്തങ്ങളായ ചെണ്ടകള്‍ വേണം ഒരുക്കാന്‍ . മൃഗത്തുകല്‍ ശാസ്ത്രീയമായി ഉണക്കിയെടുത്ത് പ്ലാവിന് കുറ്റികളില്‍ ഉറപ്പിച്ച് ചെണ്ടകളാക്കി മാറ്റുന്നതുള്‍പ്പടെ മുഴുവന്‍ പ്രവര്‍ത്തനങ്ങളും വെളപ്പായയിലെ നിര്‍മാണശാലയിലാണ് നടന്നു വരുന്നത്. കോവിഡ് കാലം തങ്ങള്‍ക്ക് വലിയ വെല്ലുവിളിയായതായി അദ്ദേഹം പറയുന്നു.
ആഘോഷങ്ങള്‍ ഒഴിഞ്ഞ രണ്ട് വര്‍ഷം ദുരിതപൂര്‍ണമായിരുന്നു. ഇപ്പോള്‍ തൃശൂര്‍ പൂരമുള്പ്പടെ ഉത്സവങ്ങള്‍ സജീവമായതോടെ ചെണ്ടകള്‍ക്കും ആവശ്യക്കാരേറെയാണ്. വൈകാതെ പഴയ സ്ഥിതിയിലേക്ക് മടങ്ങാനാകുമെന്നാണ് പ്രതീക്ഷയെന്നും നാരായണന് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: