കെ.എം. നായര്‍
(സ്മോള്‍ ഇന്‍ഡസ്ട്രീസ് ഡെവലപ്മെന്റ് ബാങ്ക് ഓഫ് ഇന്ത്യ മുന്‍ കണ്ട്രിഹെഡാണ് ലേഖകന്‍)
ഏപ്രില്‍ 19 ലെ പുതിയ കമ്പനി നിബന്ധനകള്‍, ജോലിയില്‍ പ്രവേശിക്കുമ്പോള്‍ സ്ഥാപനങ്ങളില്‍ സമര്‍പ്പിക്കുന്ന സത്യവാങ്മൂലം പോലെ തോന്നി. ജീവനക്കാര്‍ പാലിക്കാതെ പോകുന്ന ചട്ടങ്ങള്‍ പോലെ ഇവയും കൈകാര്യം ചെയ്യപ്പെടുമോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
എല്ലാ നിധി കമ്പനികളും 2014 ലെ നിധി കമ്പനി നിയമപ്രകാരം സര്‍ക്കാര്‍ അംഗീകാരം നേടിയവയാണ്. 2019 ലെ ഭേദഗതിപ്രകാരം എന്‍ഡിഎച്ച്-4 എന്ന അപേക്ഷ മുഖേന, നിയമങ്ങള്‍ പാലിക്കപ്പെടുന്നു എന്ന് ഉറപ്പുവരുത്തണം. അതിനുശേഷം കമ്പനിയുടെ പേര് കേന്ദ്ര ഗസറ്റില്‍ പ്രസിദ്ധീകരിക്കും. ഈ നിയമങ്ങളിലെ കുറവുകള്‍ പരിഹരിക്കാനാവാം ഇപ്പോഴത്തെ പുതിയ നിബന്ധനകള്‍. എന്നാല്‍, ഞങ്ങള്‍ ഒരു കുറ്റവും ഇല്ലാത്ത കളങ്കമറ്റവരാണെന്ന് ഉടമസ്ഥരില്‍ നിന്നും എഴുതി മേടിച്ചതുകൊണ്ടോ, എന്‍ഡിഎച്ച്-4 വിപുലീകരിച്ചതുകൊണ്ടോ എല്ലാത്തിനും പരിഹാരമാകും എന്നു കരുതാമോ?
നിധി കിട്ടിയതുപോലെ ആയിരുന്നു 2014 ലെ നിധി കമ്പനി എന്ന ആശയം ഒരു സാധാരണ സംരംഭകന്. കയ്യില്‍ ഒതുങ്ങുന്ന മുതല്‍മുടക്കുകൊണ്ട് ലളിതവും സുതാര്യവും മാന്യവുമായ ഒരു ധനകാര്യ സ്ഥാപനം സ്വായത്തമാക്കാം. അതുകൊണ്ടുതന്നെയാവാം, 600-ല്‍ പരം നിധി കമ്പനികള്‍ കേരളത്തില്‍ തന്നെ ഉടലെടുത്തത്. ഒരുവശത്ത് ദുര്‍ബല-പിന്നാക്ക വിഭാഗങ്ങള്‍ക്ക് താങ്ങാകാനും അതിലൂടെ ‘ഫിനാന്‍ഷ്യല്‍ ഇന്‍ക്ലൂഷന്‍’ എന്നു ജനകീയ പ്രസ്ഥാനം ശക്തിപ്പെടുത്താനും, മറുവശത്ത് അസംഘടിത മേഖലയിലുള്ള ധനവാണിഭക്കാരെ മുഖ്യധാരയില്‍ കൊണ്ടുവരാനും വേണ്ടിയുള്ള ഒരു ഉത്തമ മാതൃകയാണ് സര്‍ക്കാര്‍ വിഭാവനം ചെയ്തത്.
പക്ഷേ, എല്ലാ നല്ല പദ്ധതികളേയും പേലെ ഇവിടെയും ബ്യൂറോക്രാറ്റിക് നടപടി ക്രമങ്ങള്‍ കാര്യം സങ്കീര്‍ണമാക്കി എന്നു കരുതേണ്ടിവരും. വമ്പിച്ച ധനശേഖരണവും അനേകം ശാഖകളും ഒട്ടനേകം ജീവനക്കാരും കോടികളുടെ ലാഭവും വന്‍ സ്വാധീനശക്തിയുമുള്ള ബാങ്കിതര സ്ഥാപനങ്ങള്‍ക്കും വന്‍ മൈക്രോഫിനാന്‍സ് കമ്പനികള്‍ക്കും നിധി ലൈസന്‍സ് കൊടുത്തത് ശരിയോ? അത് സാമ്പത്തിക ദുര്‍വിനിയോഗം പ്രോത്സാഹിപ്പിക്കാന്‍ വഴിതെളിക്കില്ലേ? ഈ ഭീമന്മാരുടെ കൂടെ മത്സരിക്കാന്‍ ധര്‍മ്മനിഷ്ഠയോടെ മിനക്കെട്ടിറങ്ങിയ ചെറു സ്റ്റാര്‍ട്ട് അപ്പ് കമ്പനികള്‍ക്കു കഴിയുമോ? മറ്റു നിബന്ധനകള്‍ പുതുസംരംഭങ്ങള്‍ക്കു താങ്ങാനാകുേമാ? ഇവയൊക്കെയാണ് പ്രശ്നങ്ങള്‍.
ഉദാഹരണമായി ഒരു ലക്ഷത്തില്‍ കൂടുതല്‍ തുക ഒരാള്‍ക്ക് വായ്പ കൊടുക്കണമെങ്കിലും, ഒന്നില്‍ കൂടുതല്‍ ശാഖകള്‍ ഇറക്കണമെങ്കിലും തുടര്‍ച്ചയായി മൂന്നുവര്‍ഷം ലാഭം കൊടുക്കുവാന്‍ 200 ലക്ഷം രൂപയുടെ മുകളില്‍ നിക്ഷേപം സമാഹരിക്കണം. ബാങ്ക് വായ്പയോ പുനര്വായ്പയോ എടുക്കാന്‍ പാടില്ല… അങ്ങനെ പലതും.
വന്‍കിടക്കാര്‍ക്ക് ഇതൊന്നും പ്രശ്നമല്ല. ഇതെല്ലാം അവര്‍ക്കു പണ്ടേ ഉള്ളതാണ്. ചെറു സ്റ്റാര്‍ട്ട് അപ്പുകാര്‍ക്ക് ഇതെല്ലാം പ്രയാസമാണ്. ആത്മാര്‍ത്ഥതയോടെ പ്രവര്‍ത്തിക്കുന്ന ഒരു പുതുസംരംഭം ലാഭത്തിലെത്താന്‍ സാധാരണഗതിയില്‍ കുറഞ്ഞത് മൂന്നുവര്‍ഷം വേണം. ഭാരിച്ച പ്രാഥമിക ചെലവുകള്‍ മൂലം. ബാങ്കിങ് അറിവുള്ളവര്‍ക്ക് ഇത് നന്നായി അറിയാം. (അതുകൊണ്ടാണ് ബാങ്കുകള്‍ വായ്പ അടവിന് 2-3 വര്‍ഷത്തെ കാലാവധി കൊടുക്കുന്നത്.) ഇവ്വിധം നിയമങ്ങള്‍ സ്റ്റാര്‍ട്ട് അപ്പ് കമ്പനികളെ തകര്‍ക്കാനേ ഉതകൂ.
സ്റ്റാര്‍ട്ട് അപ്പ് കമ്പനികളെ പ്രോത്സാഹിപ്പിക്കാനും ദുര്‍ബ്ബല സമൂഹത്തെ അതുവഴി സഹായിക്കാനും ആണ് ഉദ്ദേശമെങ്കില്‍ നിലവിലെ നിയമങ്ങളില്‍ മാറ്റം വരണം. മേല്പറഞ്ഞ അപ്രായോഗിക നിയമങ്ങളില്‍നിന്ന് സ്റ്റാര്‍ട്ട് അപ്പുകളെ ഒഴിവാക്കണം. നിധി കമ്പനികളെ മൂന്നായി തിരിക്കുക എന്നതാണ് യുക്തമായ നടപടി. അതായത്, (1) സ്റ്റാര്‍ട്ട്-അപ്പ് (2) പരിവര്‍ത്തനം ചെയ്തത് (3) ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങള്‍.
സ്റ്റാര്‍ട്ട് അപ്പ് നിധി കമ്പനികള്‍ക്ക് വേണ്ടി ഉദാരമായ നിയമങ്ങളും നടപടിക്രമങ്ങളും ആവിഷ്കരിക്കണം, പരിവര്‍ത്തനം ചെയ്ത നിധികമ്പനികള്‍ക്ക് നിലവിലെ നിയമങ്ങള്‍ തുടരാന്‍ പ്രയാസമുണ്ടാവില്ല. ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങള്‍ക്കും മൈക്രോഫിനാന്‍സ് സ്ഥാപനങ്ങള്‍ക്കും വീണ്ടും ഒരു ഫിനാന്‍സ് കമ്പനി ലൈസന്‍സ് കൊടുക്കേണ്ട ആവശ്യമുണ്ടോ എന്ന് ഒന്നുകൂടി പരിശോധിക്കണം. ഒഴിവാക്കാന്‍ സാധ്യമല്ലെങ്കില്‍ അവര്‍ക്കുവേണ്ടി അവരുടെ ആസ്തിയുടെയും ലാഭത്തിന്റെയും ശാഖകളുടെയും ജീവനക്കാരുടെയും മറ്റും അടിസ്ഥാനത്തില്‍ സെബിയുടെയും റിസര്‍വ്വ് ബാങ്കിന്റെയും അനുമതിയോടുകൂടിയുള്ള പുതിയ നിയമങ്ങള്‍ രൂപീകരിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: