ന്യൂദല്‍ഹി: ദല്‍ഹിയും ദേശീയ രാഷ്ട്രീയവും വിടുകയാണെന്ന് പ്രഖ്യാപിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി. ദല്‍ഹിയിലെ ജന്ദര്‍മന്തര്‍ റോഡിലെ രണ്ടാം നമ്പര്‍ വസതിയും ആന്റണി ഒഴിഞ്ഞു. ഇനി തിരുവനന്തപുരത്തെ വീട്ടിലാവും സ്ഥിര താമസം. കേരളം കേന്ദ്രീകരിച്ച് രാഷ്ട്രീയ പ്രവര്‍ത്തനം നടത്താനാണ് തീരുമാനമെന്ന് ദല്‍ഹിയില്‍ നിന്ന് മടങ്ങും മുമ്പ് മാധ്യമങ്ങളെ കണ്ട ആന്റണി പറഞ്ഞു.
എല്ലാത്തിനും ഒരു സമയമുണ്ട്. സമയമാകുമ്പോള്‍ ഒഴിയണം എന്നതാണ് അഭിപ്രായം. ഇതുവരെയും ഒരു സ്ഥാനത്തുനിന്നും ആരും ഇറക്കിവിട്ടിട്ടില്ല. ഇറങ്ങിപ്പോകണം എന്നു തോന്നുമ്പോഴെല്ലാം ഇറങ്ങിയിട്ടുണ്ട്. സമയമാകുമ്പോള്‍ ഒരു ഉള്‍വിളി വരും. ഇനി തുടരുന്നത് ശരിയല്ല എന്ന് തോന്നും. ഈ തീരുമാനത്തിനും അടിസ്ഥാനമിതാണ്. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയില്‍ നിന്നും അച്ചടക്ക സമിതി നേതൃത്വത്തില്‍ നിന്നും ഒഴിയുകയാണ്, ആന്റണി പറഞ്ഞു.
മുപ്പത്തഞ്ചു വര്‍ഷം വര്‍ക്കിങ് കമ്മിറ്റിയില്‍ പ്രവര്‍ത്തിച്ചു. ഇതിനപ്പുറം ആഗ്രഹിക്കുന്നത് ശരിയല്ല. കേരളത്തില്‍ പാര്‍ട്ടി നേതൃത്വത്തിന് പ്രയാസമുണ്ടാക്കുന്ന തരത്തിലുള്ള യാതൊന്നും തന്നില്‍ നിന്ന് ഉണ്ടാവില്ലെന്നും ആന്റണി പറഞ്ഞു. സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കളില്‍ തനിക്ക് ലഭിച്ചതു പോലുള്ള പദവികളും സഹായങ്ങളും മറ്റാര്‍ക്കും പാര്‍ട്ടി നല്‍കിയിട്ടില്ല. അതിശയകരമാണ് ഇതെല്ലാം.
പാര്‍ട്ടി നല്കിയ സ്ഥാനമാനങ്ങളില്‍ നൂറ്റൊന്ന് ശതമാനവും സംതൃപ്തനാണ്. നെഹ്റു കുടുംബത്തെ ഒരുകാലത്തും മറക്കാനാവില്ല. നെഹ്റു കുടുംബത്തിന്റെ നേതൃത്വമില്ലാതെ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് മുന്നോട്ട് പോകാനാവില്ല. അവരെ മാറ്റിനിര്‍ത്തി കോണ്‍ഗ്രസ് ഉണ്ടാക്കാനുമാവില്ല. കോണ്‍ഗ്രസിന്റെ മുഖ്യ പങ്കാളിത്തമില്ലാത്ത പ്രതിപക്ഷ നിരയ്ക്ക് ദേശീയ രാഷ്ട്രീയത്തില്‍ പ്രസക്തിയില്ലെന്നും ആന്റണി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: