കണ്ണൂര്‍: സ്വര്‍ണ്ണക്കടത്ത് ഉള്‍പ്പെടെയുള്ള കേസിലെ പ്രതികളും ഡിവൈഎഫ്ഐയുടെ സജീവപ്രവര്‍ത്തകരുമായ അര്ജുന് ആയങ്കി, ആകാശ് തില്ലങ്കേരി എന്നിവരെ തളളാനും കൊളളാനുമാകാതെ സിപിഎം-ഡിഫി നേതൃത്വങ്ങള്‍. പാര്‍ട്ടിയിലും ഡിവൈഎഫ്ഐയിലും ഇവരുമായുളള ബന്ധത്തെ കുറിച്ചും ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന വിവാദങ്ങളെ സംബന്ധിച്ചും ഭിന്നത രൂക്ഷമാകുന്നു.
അര്ജുന് ആയങ്കിയും ആകാശ് തില്ലങ്കേരിയും അടങ്ങുന്ന സംഘങ്ങള്‍ കൊടും ക്രിമിനലുകളാണെന്ന് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് എസ്. സതീഷ് ഇന്നലെ പറഞ്ഞെങ്കിലും കണ്ണൂരിലെ സിപിഎം-ഡിഫി നേതൃനിരയിലെ ഒരു വിഭാഗം ക്വട്ടേഷന്‍ സംഘങ്ങളും പാര്‍ട്ടിയുടെ സഹയാത്രികരും സഹകാരികളുമായ സഖാക്കളെ തളളിപ്പറയുന്നതില് അതൃപ്തരാണ്. എല്ലാ അര്‍ത്ഥത്തിലും പാര്‍ട്ടിയെ സഹായിച്ച ക്വട്ടേഷന്‍ സംഘങ്ങളെ ഒരു സുപ്രഭാതത്തില്‍ തളളിപ്പറയുന്നതിനെതിരേയാണ് ഭിന്നതരൂപപ്പെട്ടിരിക്കുന്നത്.
അര്ജുന് ആയങ്കിയേയും ആകാശ് തില്ലങ്കേരിയേയും വിമര്‍ശിച്ച് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി. ജയരാജനും ഇന്നലെ രംഗത്തെത്തി. എന്നാല്‍ പി. ജയരാജന് ഇതുവരെ വിഷയത്തില്‍ പ്രതികരിക്കാത്തത് പാര്‍ട്ടിയിലെ ഒരു വിഭാഗത്തിന്റെ ക്വട്ടേഷന്‍ സംഘ വിരുദ്ധ നിലപാടില്‍ പ്രതിഷേധമുളളതിനാലാണെന്നാണ് സൂചന.
പി. ജയരാജന്റെ പ്രതിച്ഛായ തെറ്റായി ഉപയോഗപ്പെടുത്തിയാണ് ആകാശ് തില്ലങ്കേരി, അര്ജ്ജുന് ആയങ്കി എന്നീ സ്വര്‍ണ്ണക്കടത്ത് ക്വട്ടേഷന്‍ സംഘാംഗങ്ങളുടെ പ്രവര്‍ത്തനമെന്ന് ഡിവെഎഫ്ഐ നേതാവ് മനു സി വര്‍ഗ്ഗീസ് ആരോപിച്ചിരുന്നു. ഇതിന് പിന്നാലെ മനു പാര്‍ട്ടിയെ ഒറ്റുകൊടുക്കുന്ന ആളാണെന്ന് ആകാശ് തില്ലങ്കേരി ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നു. തുടര്‍ന്ന് ഡിവൈഎഫ്ഐ ഇരുവര്‍ക്കുമെതിരെ പോലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. ഇത്രയുമായിട്ടും പി. ജയരാജന് പ്രതികരിക്കാത്തത് തന്ത്രപരമായ നിലപാടിന്റെ ഭാഗമാണെന്നാണ് സൂചന.
അതേസമയം ഒരു വ്യക്തിക്ക് നേരെ താന്‍ നടത്തിയ ആരോപണത്തെ സംഘടന ഏറ്റെടുത്ത് അത് സംഘടനയ്ക്ക് നേരെയുള്ള ഭീഷണിയാക്കി മാറ്റുന്നത് ശരിയല്ലെന്ന് അര്ജുന് ആയങ്കി ഇന്നലെ ഫെയ്സ്ബുക്കില്‍ കുറിച്ചു. ആകാശ് തില്ലങ്കേരിയും അര്ജുന് ആയങ്കിയും കഴിഞ്ഞദിവസം വാര്‍ത്താസമ്മേളനം വിളിച്ച് ചിലത് വിളിച്ച് പറയുമെന്ന് വെളിപ്പെടുത്തിയിരുന്നു. ഇത് സിപിഎം-ഡിഫി നേതാക്കള്‍ക്കിടയില്‍ ആശങ്കയുയര്‍ത്തിയിരുന്നു. ഒടുവില്‍ ചില നേതാക്കളുടെ ഇടപെടലും അഭ്യര്‍ത്ഥനയും മാനിച്ചാണ് ഇതില്‍ നിന്നും പിന്മാറിയതെന്നാണ് സൂചന. വിവാദം തുടരുന്ന സാഹചര്യത്തില്‍ പാര്‍ട്ടി നേതാക്കളുടെ അവിശുദ്ധ ഇടപാടുകള്‍ വിളിച്ചുപറയുമോയെന്ന ആശങ്ക നേതൃത്വത്തെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: