കൊച്ചി: കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോയ്ക്ക് പുറമേ മിലിട്ടറി ഇന്റലിജന്‍സും സംസ്ഥാനത്ത് നിരീക്ഷണം ശക്തമാക്കി. കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ക്കൊപ്പം സമാന്തര അന്വേഷണമാണ് മിലിട്ടറി ഇന്റലിജന്‍സ് നടത്തുന്നത്. സംസ്ഥാന സ്പെഷല്‍ ബ്രാഞ്ചിന്റെ സേവനവും മിലിട്ടറി ഇന്റലിജന്‍സ് ഉപയോഗപ്പെടുത്തുന്നുണ്ട്. കേരളത്തിന്റെ കടലോരം വഴി ഭീകരര്‍ ആയുധവും മയക്കുമരുന്നും കടത്തുന്നതായി രഹസ്യവിവരം ലഭിച്ചിരുന്നു.
കഴിഞ്ഞ വര്‍ഷം മിനിക്കോയ് ദ്വീപില്‍ ബോട്ടില്‍ നിന്ന് അഞ്ച് എകെ 47 തോക്കുകളും 300 കിലോ ഹെറോയിനും തീരസംരക്ഷണ സേനയ്ക്കു പിടികൂടാനായത് മിലിട്ടറി ഇന്റലിജന്‍സിന്റെ അന്വേഷണത്തെ തുടര്‍ന്നാണ്. കശ്മീര്‍ അതിര്‍ത്തിയില്‍ 2008 ഒക്ടോബര്‍ 20നു മലയാളി തീവ്രവാദികള്‍ പാകിസ്ഥാനിലേക്കു കടക്കാന്‍ ശ്രമിക്കുന്നതിനിടെ സേനയുടെ വെടിയേറ്റ് കൊല്ലപ്പെട്ടതിനുശേഷം കേരളത്തില്‍ മിലിട്ടറി ഇന്റലിജന്‍സിന്റെ പ്രവര്‍ത്തനം സജീവമാക്കിയിരുന്നു. മാസങ്ങള്‍ക്കു മുമ്പ് പെരുമ്പാവൂരില്‍ നിന്നും കളമശേരിയില്‍ നിന്നും മൂന്നു ഭീകരരെ ദേശീയ അന്വേഷണ ഏജന്‍സി അറസ്റ്റു ചെയ്തതോടെ മിലിട്ടറി ഇന്റലിജന്‍സിന്റെ നിരീക്ഷണം കേരളത്തില്‍ ഊര്‍ജ്ജിതമാക്കി.
ഐബിയും കൂടുതല്‍ ഉപനഗരങ്ങളില്‍ യൂണിറ്റുകള്‍ പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. കേരളം ഉള്‍പ്പെടെയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഇസ്ലാമിക് സ്റ്റേറ്റ് അടക്കമുള്ള തീവ്രവാദ ശൃംഖലകളുടെ ശക്തമായ സാന്നിധ്യമുണ്ടെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി. കിഷന് റെഡ്ഡി വ്യക്തമാക്കിയിരുന്നു. കേരളത്തില്‍ ഭീകര സംഘടനകളുടെ സ്ലീപ്പിങ് സെല്‍ സജീവമാണ്. നിരവധി ഭീകരവാദ പരിശീലന ക്യാമ്പുകള്‍ നടക്കുന്നതായി തിരിച്ചറിഞ്ഞത് മറ്റു സംസ്ഥാനങ്ങളില്‍ മലയാളി ഭീകരര്‍ അറസ്റ്റു ചെയ്യപ്പെട്ടതിനു ശേഷമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: