പോപ്പുലര്‍ ഫ്രണ്ടിന്റെയും മറ്റും ഭീകരപ്രവര്‍ത്തനം ശക്തവും വ്യാപകവുമായ സാഹചര്യത്തില്‍ കേരളത്തില്‍ കൂടുതല്‍ യൂണിറ്റുകള്‍ തുടങ്ങുന്നത് കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ(ഐബി) എടുത്തിട്ടുള്ള ഉചിതമായ തീരുമാനമാണ്. അല്‍പ്പം വൈകിയാണെങ്കിലും ഇങ്ങനെയൊരു തീരുമാനമുണ്ടായത് കേരളത്തില്‍ മാത്രമല്ല രാജ്യമെമ്പാടുമുള്ള ഇസ്ലാമിക ഭീകരവാദ ശക്തികളെ ഫലപ്രദമായി നേരിടാന്‍ സഹായിക്കും. സാധാരണ നിലയില്‍ ജില്ലാ അടിസ്ഥാനത്തിലാണ് ഐബി യൂണിറ്റുകളുള്ളത്. ഭീകരപ്രവര്‍ത്തനം താഴെത്തട്ടിലേക്ക് വ്യാപിച്ചതിനെ തുടര്‍ന്നാണ് കേരളത്തില്‍ ജില്ലകള്‍ക്കു താഴെ ഐബി യൂണിറ്റുകള്‍ തുടങ്ങാന്‍ തീരുമാനിച്ചത്. ഈരാറ്റുപേട്ട, പെരുമ്പാവൂര്‍, പത്തനംതിട്ട, കരുനാഗപ്പള്ളി, മലപ്പുറം ജില്ലയിലെ കൊടുവള്ളി, ആലപ്പുഴയിലെ മണ്ണഞ്ചേരി എന്നിവിടങ്ങള്‍ ഇതിനായി തെരഞ്ഞെടുത്തിട്ടുണ്ട്. ഇതില്‍ ചിലയിടങ്ങളില്‍ ഇതിനോടകം ഐബി യൂണിറ്റുകള്‍ പ്രവര്‍ത്തനം ആരംഭിച്ചതായാണ് വിവരം. സമീപകാലത്ത് തുടര്‍ച്ചയായ കൊലപാതകങ്ങളടക്കം പോപ്പുലര്‍ ഫ്രണ്ടിന്റെ ഭീകരപ്രവര്‍ത്തനം വ്യാപകമായിരിക്കുന്നു എന്നതിന് തെളിവാണിത്. ആലപ്പുഴ ജില്ലയിലെ നന്ദുവിന്റെയും രണ്‍ജീത് ശ്രീനിവാസന്റെയും, പാലക്കാട്ടെ സഞ്ജിത്തിന്റെയും ശ്രീനിവാസന്റെയും കൊലപാതകങ്ങള്‍ പരിശീലനംലഭിച്ച ഭീകരവാദികളുടെ ചെയ്തികളാണെന്ന് വ്യക്തമായിരിക്കുന്നു. കൊലപാതകങ്ങള്‍ നടത്തുന്ന രീതിയും അതിനുശേഷം കൊലയാളികള്‍ ഒളിവില്‍പ്പോകുന്നതും കുപ്രചാരണം നടത്തുന്നതുമൊക്കെ കണക്കിലെടുക്കുമ്പോള്‍ പോപ്പുലര്‍ ഫ്രണ്ടു പോലുള്ള സംഘടനകള്‍ പലയിടങ്ങളിലും സ്വന്തം സ്വാധീന കേന്ദ്രങ്ങള്‍ സൃഷ്ടിച്ചിരിക്കുന്നു എന്നാണ് മനസ്സിലാക്കേണ്ടത്.
പോപ്പുലര്‍ ഫ്രണ്ടിന്റെ തലസ്ഥാനമെന്നുവരെ കേരളത്തെ വിശേഷിപ്പിക്കാം. അടല്‍ബിഹാരി വാജ്പേയി സര്‍ക്കാരിന്റെ കാലത്ത് നിയമം മൂലം നിരോധിക്കപ്പെട്ട ‘സിമി’ എന്ന ഭീകരസംഘടനയുടെ നേതാക്കളാണ് പോപ്പുലര്‍ ഫ്രണ്ടിന്റെ രൂപീകരണത്തിന് നേതൃത്വം നല്‍കിയത്. ഇസ്ലാമിക വര്‍ഗീയവാദികളുടെയും ജമാഅത്തെ ഇസ്ലാമിയെപ്പോലുള്ള മതമൗലികവാദികളുടെയും ഭീകരവാദികളുടെയും പറുദീസയായ കേരളത്തില്‍ ഇവര്‍ക്ക് ലഭിച്ച രാഷ്ട്രീയ-ഭരണ പിന്തുണയാണ് പോപ്പുലര്‍ ഫ്രണ്ടിനും ആവേശമായത്. ജമാഅത്തെ ഇസ്ലാമിയുടെ നേതാക്കളുമായും അബ്ദുള്‍ നാസര്‍ മദനിയുമായും മറ്റും തെരഞ്ഞെടുപ്പ് സഖ്യത്തിലേര്‍പ്പെട്ട ഇടതു-വലതു മുന്നണികള്‍ പോപ്പുലര്‍ ഫ്രണ്ടിനോടും മൃദുസമീപനമാണ് പുലര്‍ത്തുന്നത്. പോപ്പുലര്‍ ഫ്രണ്ടിന്റെ ദേശവിരുദ്ധ നയങ്ങളെയും വിധ്വംസക പ്രവര്‍ത്തനങ്ങളെയും എതിര്‍ക്കുന്നവര്‍ സിപിഎമ്മിന്റെയും കോണ്‍ഗ്രസ്സിന്റെയും ശത്രുക്കളായി മാറുന്ന കാഴ്ചയാണ് കേരളത്തില്‍ കാണുന്നത്. ലൗജിഹാദിനും നാര്‍ക്കോട്ടിക് ജിഹാദിനുമൊക്കെ എതിരെ ശബ്ദമുയര്‍ത്തുന്നവരെ കേസില്‍പ്പെടുത്തിയും കൊലപ്പെടുത്തിയും നിശ്ശബ്ദരാക്കുകയാണ്. പോപ്പുലര്‍ ഫ്രണ്ടിന്റെയും മറ്റും താത്പര്യപ്രകാരവും ആവശ്യപ്രകാരവുമാണ് കേരളം ഭരിക്കുന്നവര്‍ ഇങ്ങനെ ചെയ്യുന്നതെന്ന് നിസ്സംശയം പറയാം. സാമ്പത്തികമുള്‍പ്പെടെ പലതരത്തിലുള്ള സ്വാധീനങ്ങള്‍ ഇക്കാര്യത്തില്‍ പ്രവര്‍ത്തിക്കുന്നു എന്നുറപ്പാണ്. വര്‍ഷങ്ങളായി തുടരുന്ന ഈ അന്തരീക്ഷമാണ് അല്‍ഖ്വയ്ദ ഭീകരര്‍ അടക്കമുള്ളവര്‍ കേരളത്തെ താവളമാക്കാന്‍ ഇടയാക്കിയത്. ഈ പശ്ചാത്തലമാണ് പോപ്പുലര്‍ ഫ്രണ്ട് മുതലാക്കുന്നതും.
കേരളത്തിലെ ഭരണസംവിധാനത്തിന് ഇസ്ലാമിക ഭീകരവാദത്തെ അടിച്ചമര്‍ത്താനാവില്ലെന്ന് പകല്‍പോലെ വ്യക്തം. ഇതിന്റെ പ്രധാന കാരണം ഭരിക്കുന്നവരുടെ താല്‍പ്പര്യം കണക്കിലെടുത്ത് പോലീസ് പോപ്പുലര്‍ ഫ്രണ്ടിനെപ്പോലുള്ള സംഘടനകള്‍ക്ക് കീഴടങ്ങിയിരിക്കുന്നതാണ്. ഈ ഭീകരസംഘടന ഉള്‍പ്പെടുന്ന ഒരു കേസും പോലീസ് സത്യസന്ധമായി അന്വേഷിക്കുന്നില്ല. ഇക്കൂട്ടരുടെ രാജ്യദ്രോഹ-വിധ്വസംക പ്രവര്‍ത്തനങ്ങള്‍ പുറത്തുവരുന്നതിനെ പോലീസ് അനുകൂലിക്കുന്നുമില്ല. വാഗമണ്‍, നാറാത്ത് ആയുധ പരിശീലനങ്ങളടക്കം കേരളത്തില്‍ നടന്ന പല ഭീകര പ്രവര്‍ത്തനങ്ങളും കണ്ടെത്തിയതും പ്രതികളെ പിടികൂടിയതും മറ്റു സംസ്ഥാനങ്ങളിലെ പോലീസും എന്‍ഐഎയുമാണ്. സംഘപരിവാറിനെ വിമര്‍ശിക്കുന്നതിനൊപ്പം പോപ്പുലര്‍ ഫ്രണ്ട് പോലീസിനെ ‘തള്ളിപ്പറയുന്നത്’ പരസ്പര ധാരണയോടെയാണ്. പാലക്കാട് സഞ്ജിത് വധക്കേസ് സിബിഐ അന്വേഷിക്കണമെന്ന ഹര്‍ജിയെ ഹൈക്കോടതിയില്‍ സര്‍ക്കാര്‍ എതിര്‍ത്തത് ഈ സംഘടനയുടെ രാജ്യദ്രോഹ മുഖം വെളിപ്പെടുമെന്നതിനാലാണെന്ന് കരുതേണ്ടിയിരിക്കുന്നു. മാറാട് കൂട്ടക്കൊലക്കേസും സിബിഐ അന്വേഷിക്കുന്നതിനെതിരെ ഉയര്‍ന്ന എതിര്‍പ്പ് കേരളം കണ്ടതാണല്ലോ. സിബിഐയെയും എന്‍ഐഎയെയും പോലുള്ള കേന്ദ്ര ഏജന്‍സികള്‍ക്കു മാത്രമേ അന്തര്‍സംസ്ഥാന ബന്ധങ്ങളും രാജ്യാന്തര ബന്ധവുമുള്ള ഭീകരവാദ സംഘടനകളുടെ ചെയ്തികള്‍ പുറത്തുകൊണ്ടുവരാനാകൂ. പുതിയ യൂണിറ്റുകള്‍ വ്യാപിപ്പിച്ച് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാനുള്ള ഐബിയുടെ തീരുമാനം ഭീകരവാദ സംഘടനകളുടെ പ്രവര്‍ത്തനം തടയുന്നതിനും, കുറ്റവാളികളെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരുന്നതിനും സഹായിക്കും. സമാധാനപൂര്‍ണമായ സാമൂഹ്യജീവിതത്തിന് ഇത് അത്യന്താപേക്ഷിതമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: