മുംബൈ: മുസ്ലിം പള്ളികളിലെ ലൗഡ് സ്പീക്കറിലൂടെ ഉച്ചത്തില്‍ വാങ്ക് വിളിക്കുന്നതിനെതിരെ മെയ് ഒന്നിന് ഔറംഗബാദില്‍ മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേന(എംഎന്‍എസ്) നേതാവ് രാജ് താക്കറെ നടത്താന്‍ നിശ്ചയിച്ചിരുന്ന റാലി തടയാന്‍ നിരോധനാജ്ഞയുമായി ശിവസേന-എന്‍സിപി-കോണ്‍ഗ്രസ് സര്‍ക്കാരിന്റെ നീക്കം.
ലൗഡ് സ്പീക്കറില്‍ വാങ്ക് വിളിക്കുന്നതിനെതിരെ ഹനുമാന് ചാലിസ ചൊല്ലുമെന്ന രാജ് താക്കറെയുടെ വെല്ലുവിളി മഹാരാഷ്ട്രയില്‍ വലിയ ക്രമസമാധാനപ്രശ്നമായി മാറുകയാണ്. രാജ് താക്കറെ മെയ് ഒന്നിന് ഔറംഗബാദില്‍ നടത്താന്‍ നിശ്ചയിച്ച റാലി തടയുക എന്ന ഉദ്ദേശ്യത്തോടെ ഇവിടെ ശിവസേനയുടെ നിര്‍ദേശപ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. ഔറംഗബാദ് പൊലീസ് കമ്മീഷണര്‍ നിഖില്‍ ഗുപ്തയുടെ നിര്‍ദേശപ്രകാരം ഏപ്രില്‍ 25 അര്‍ധരാത്രി മുതല്‍ നിരോധനാജ്ഞ നടപ്പാക്കിക്കഴിഞ്ഞു. മെയ് 9 വരെയാണ് നിരോധനാജ്ഞ.
ഇതോടെ രാജ് താക്കറെയുടെ മെയ് ഒന്നിന്റെ (മഹാരാഷ്ട്ര ദിനം കൂടിയാണ് മെയ് 1) റാലി നടക്കാന്‍ സാധ്യത മങ്ങിയിരിക്കുകയാണ്. രാജ് താക്കറെയ്ക്കെതിരെ മുസ്ലിം വിഭാഗത്തില്‍പ്പെട്ട സംഘടനകളും ചില റാലികള്‍ ആസൂത്രണം ചെയ്യുന്നതോടെയാണ് അക്രമം ഒഴിവാക്കാന്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചതെന്നാണ് ഔറംഗബാദ് ജില്ലാ ഭരണകൂടത്തിന്റെ പ്രഖ്യാപനം. ഇതോടെ നാല് പേരില്‍ കൂടുതല്‍ കൂട്ടം ചേര്‍ന്നാല്‍ അവര്‍ക്കെതിരെ ക്രിമിനല്‍ നടപടി സ്വീകരിക്കും. പാട്ടുകളും പ്രകടനങ്ങളും കുത്തിയിരിപ്പ് സമരങ്ങളും നിരോധിച്ചിരിക്കുകയാണ്. മഹാരാഷ്ട്ര ദിനം, റംസാന് ഈദ്, മറ്റ് ചില ആഘോഷങ്ങള്‍ എന്നിവ കൂടി പരിഗണിച്ചാണ് ക്രമാസമാധാന പാലനത്തിന്റെ ഭാഗമായി നിരോധനാജ്ഞ പ്രഖ്യാപിച്ചതെന്ന് ഔറംഗബാദ് ജില്ലാ ഭരണകൂടം വിശദീകരിക്കുന്നു.
മെയ് മൂന്നിന് പള്ളികളില്‍ നിന്നും ലൗഡ് സ്പീക്കറുകള്‍ നീക്കം ചെയ്യണമെന്ന അന്ത്യശാസനം രാജ് താക്കറെ നല്‍കിയതോടെ മഹാരാഷ്ട്ര ഡിജിപി എല്ലാ പൊലീസ് യൂണിറ്റകളോടും നിയമവും സുപ്രീംകോടതി മാര്‍ഗ്ഗനിര്‍ദേശങ്ങളും കര്‍ശനമായി പാലിക്കാന്‍ ഉത്തരവ് നല്‍കിയിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: