ന്യൂയോര്‍ക്ക്: സോഷ്യല്‍ മീഡിയാ കമ്പനിയായ ട്വിറ്ററിനെ കനത്ത സമ്മര്‍ദത്തിന് ഒടുവില്‍ ഇലോണ്‍ മസ്ക് വാങ്ങിയത്. അതിനു പിന്നാലെ ജീവനക്കാരുടെ ഭാവിയും ആശങ്കയിലാണ്. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി മസ്കിന് ട്വിറ്റര്‍ സ്വന്തമാകുന്നതോടെ എല്ലാവരും ആകാംക്ഷയോടെ ഉറ്റുനോക്കുന്നത് സി.ഇ.ഒ ആയ പരാഗ് അഗ്രവാള്‍ തുടരുമോ അതോ അദ്ദേഹത്തെ മാറ്റുമോ എന്നതാണ്.
ഇലോണ്‍ മസ്ക് ട്വിറ്റര്‍ ഏറ്റെടുത്ത് 12 മാസത്തിനുള്ളില്‍ സിഇഒ പരാഗ് അഗ്രവാളിനെ മാറ്റുകയാണെങ്കില്‍ പരാഗിനു 42 മില്യണ്‍ യുഎസ് ഡോളര്‍ ഏകദേശം (321 കോടി രൂപ) നഷ്ടപരിഹാരമായി നല്‍കണം. നഷ്ടപരിഹാരം എങ്ങനെ വേണമെന്നു തീരുമാനിക്കാന്‍ സഹായിക്കുന്ന ഗവേഷക കമ്പനിയായ ഇക്വിലാര്‍ ആണ് ഈ വിലയിരുത്തല്‍ നടത്തിയത്. അഗ്രവാളിന്റെ അടിസ്ഥാന ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ഉള്‍പ്പെടുത്തിയാണ് ഇക്വിലാറിന്റെ നിഗമനം.
ട്വിറ്ററിന്റെ മുഴുവന്‍ ഓഹരിയും 4400 കോടി ഡോളറിനാണ് ഇലോണ്‍ മസ്ക് ഏറ്റെടുത്തത്.ഏപ്രില്‍ 14 ന് നല്കിയ എസ്ഇസി രേഖയില്‍ ട്വിറ്ററിന്റെ മാനേജ്മെന്റില്‍ തനിക്ക് വിശ്വാസം ഇല്ലെന്ന് ഇലോണ്‍ മസ്ക് വ്യക്തമാക്കിയിരുന്നു.2013 മുതല്‍ പൊതു കമ്പനിയായി പ്രവര്‍ത്തിച്ചിരുന്ന ട്വിറ്റര്‍ ഇതോടെ സ്വകാര്യ കമ്പനിയായി മാറും.
നവംബറിലാണ് പരാഗ് അഗ്രവാള്‍ ട്വിറ്റര്‍ സിഇഒ ആയി ചുമതലയേറ്റത്. നേരത്തെ ചീഫ് ടെക്നോളജി ഓഫീസറായിരുന്നു. പരാഗിന് പകരം ആരാകും ട്വിറ്റര്‍ സിഇഒ എന്ന ചര്‍ച്ചകളും സജീവമാണ്. പരാഗിനൊപ്പം ചെയര്മാന് ബ്രെറ്റ് ടയ്ലറും പുറത്തുപോകാനാണ് സാധ്യത. മസ്ക് തന്നെ സിഇഒ സ്ഥാനം ഏറ്റെടുക്കുമോ എന്നും ടെക് ലോകം ഉറ്റുനോക്കുന്നുണ്ട്. നിലവില്‍, ടെസ്ല, സ്പേസ് എക്സ് കമ്പനികളുടെ സിഇഒയാണ് മസ്ക്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: