ലഖ്നൗ : അനധികൃതമായി ഉച്ചഭാഷിണികള്‍ ഉപയോഗിക്കുന്ന മതകേന്ദ്രങ്ങള്‍ക്കെതിരെ നടപടിയുമായി യുപി യോഗി ആദിത്യനാഥ് സര്‍ക്കാര്‍. അമിതശബ്ദത്തില് ഉച്ചഭാഷിണികള്‍ ഉപയോഗിക്കുന്നത് ജനങ്ങള്‍ക്ക് ബുദ്ധിമുണ്ടാക്കുന്നത് തടയുന്നതിനായാണ് ഇത്. കൂടാതെ വര്‍ഗ്ഗീയ കലാപങ്ങളിലേക്ക് വഴിവെയ്ക്കുന്നത് തടയുന്നതിനും വേണ്ടിയാണ് ഈ നടപടി.
അനധികൃതമായി പ്രവര്‍ത്തിച്ചു വരുന്ന ഉച്ചഭാഷിണികള്‍ നീക്കുന്നതിനായി മത കേന്ദ്രങ്ങളിലെ അധികൃതരുമായി സംസാരിച്ച് നടപടികള്‍ കൈക്കൊള്ളാന്‍ യുപി സര്‍ക്കാര്‍ പോലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അനുവദനീയമായതില്‍ ഉയര്‍ന്ന ശബ്ദത്തില്‍ പ്രവര്‍ത്തിക്കുന്ന ഉച്ചഭാഷിണികള്‍ നീക്കം ചെയ്യാനാണ് എല്ലാ പോലീസ് സ്റ്റേഷനുകള്‍ക്കും നല്‍കിയിട്ടുള്ള നിര്‍ദ്ദേശം. തര്‍ക്കങ്ങളൊന്നും ഇല്ലാത്ത വിധത്തില്‍ ഇക്കാര്യം പരിഹരിക്കാനുമാണ് അദ്ദേഹം നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
ഉച്ചഭാഷിണികളുടെ ഉപയോഗം മറ്റുള്ളവര്‍ ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിലാകരുതെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും നേരത്തെ ആവശ്യപ്പെട്ടിട്ടുണ്ട്. അനധികൃത ഉച്ചഭാഷിണികള്‍ നീക്കം ചെയ്യുന്നത് സംബന്ധിച്ച് ഏപ്രില്‍ 30-നകം റിപ്പോര്‍ട്ട് നല്കാന് ജില്ലാ ഭരണകൂടങ്ങളോട് നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്. ഏതെങ്കിലും പ്രത്യേക മതവിഭാഗത്തെ ലക്ഷ്യം വെച്ചുകൊണ്ടല്ല നടപടി. ജനങ്ങള്‍ക്കുള്ള ബുദ്ധിമുട്ടുകള്‍ ഇല്ലാതാക്കുന്നതിനും, വര്‍ഗ്ഗീയ കലഹങ്ങള്‍ ഒഴിവാക്കുന്നതിനുമായാണ് ഈ നടപടിയെന്നും അധികൃതര്‍ വിശദീകരിച്ചിട്ടുണ്ട്.
ഇതുവരെ സംസ്ഥാനത്തെ 128 ഉച്ചഭാഷിണികള്‍ നീക്കം ചെയ്തു. 17,000 ത്തോളം ഉച്ചഭാഷികളിലെ ശബ്ദം സ്വമേധയാ കുറച്ചിട്ടുണ്ട്. നിയമവിരുദ്ധമായി ഇനിയും തുടരുന്ന ഉച്ചഭാഷിണികള്‍ക്കെതിരെ നടപടികള്‍ ആരംഭിച്ച് കഴിഞ്ഞു. രാത്രി 10നും രാവിലെ ആറിനുമിടയില്‍ അമിത ശബ്ദത്തില്‍ ഉച്ചഭാഷിണികള്‍ പ്രവര്‍ത്തിപ്പിക്കരുതെന്ന് സുപ്രീംകോടതി ഉത്തരവുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രയാഗ്രാജ് ഇന്‍സ്പെക്ടര്‍ ജനറല്‍ ജില്ലയിലെ ഉച്ചഭാഷിണികള്‍ നീക്കം ചെയ്യാന്‍ കളക്ടറോട് ഇതിനു മുമ്പ് ആവശ്യപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: