ആലപ്പുഴ: കള്ളക്കഥ ചമച്ച് യുവാക്കളെ വീടുകയറി അക്രമിച്ച് വര്‍ഗീയ കലാപത്തിന് പോപ്പുലര്‍ ഫ്രണ്ട്, എസ്ഡിപിഐ ശ്രമം. പിന്തുണയുമായി പോലീസും ഒരു വിഭാഗം മാധ്യമങ്ങളും. മണ്ണഞ്ചേരി പൊന്നാട് ലക്ഷ്മി ഭവനില്‍ എസ്. ശ്രീനാഥ്, സുഹൃത്ത് മണ്ണഞ്ചേരി അമ്പനാകുളങ്ങര പുതുവല്‍ കെ. ബിറ്റു എന്നിവരെയാണ് എസ്ഡിപിഐ മണ്ണഞ്ചേരി ഗ്രാമ പഞ്ചായത്തംഗം നവാസ് നൈന, നിഷാദ് എന്നിവരുടെ നേതൃത്വത്തില്‍ ക്രൂരമായി മര്‍ദിച്ചത്. സാരമായി പരിക്കേറ്റ ഇരുവരെയും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഞായറാഴ്ച രാത്രി 11 ഓടെയായിരുന്നു സംഭവം. ശ്രീനാഥിന്റെ വീട്ടിലെത്തിയതായിരുന്നു സുഹൃത്തായ ബിറ്റു. യാത്ര പറഞ്ഞ് ഇറങ്ങാന്‍ നേരം സംഘടിച്ചെത്തിയ പോപ്പുലര്‍ ഫ്രണ്ടുകാര്‍ യാതൊരു പ്രകോപനവും കൂടാതെ മര്‍ദിക്കുകയായിരുന്നു. പിന്നീട് പോലീസിനെ വിളിച്ചുവരുത്തി സമീപത്തെ ചതുപ്പില്‍ നിന്ന് ആയുധങ്ങള്‍ കണ്ടെത്തുകയും ചെയ്തു. ശ്രീനാഥിന്റെ വീട്ടിലുണ്ടായിരുന്ന സ്ത്രീകളെ ഭീഷണിപ്പെടുത്തി. യുവാക്കളുടെ കൈവശം ഉണ്ടായിരുന്നതാണെന്ന് ഇവര്‍ ആരോപിക്കുന്ന ആയുധങ്ങള്‍ പോപ്പുലര്‍ഫ്രണ്ടുകാര്‍ കൊണ്ടിട്ടതാണെന്നാണ് വിവരം.
പിന്നീട് എസ്ഡിപിഐ പഞ്ചായത്തംഗത്തെ അക്രമിക്കാന്‍ ആയുധവുമായെത്തിയവരെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചെന്ന് പ്രചാരണം നടത്തി. ആലപ്പുഴ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ചില ഓണ്‍ലൈന്‍ ചാനലുകള്‍ വര്‍ഗീയത ആളിക്കത്തിക്കുന്ന രീതിയില്‍ വാര്‍ത്തകള്‍ നല്കി. രാത്രിയില്‍ പള്ളിയില്‍ പോകുന്ന വിശ്വാസികളെ കൊലപ്പെടുത്താന്‍ ആര്‍എസ്എസുകാര്‍ ആയുധവുമായി എത്തിയെന്നായിരുന്നു ഒരു ഓണ്‍ലൈന്‍ ചാനലിന്റെ പ്രചാരണം. ചില ദൃശ്യമാധ്യമങ്ങളും ഇത് ഏറ്റുപിടിച്ച് മതഭീകരരുടെ നീക്കത്തിന് ശക്തിപകര്‍ന്നു. പോപ്പുലര്‍ഫ്രണ്ടുകാരുടെ ആവശ്യപ്രകാരം ശ്രീനാഥിനും ബിറ്റുവിനും എതിരേ വധശ്രമത്തിന് കേസെടുക്കുകയും ചെയ്തു.
കഴിഞ്ഞ കുറച്ചു നാളായി സമാന്തര പോലീസ് സംവിധാനം എന്ന നിലയിലാണ് മണ്ണഞ്ചേരി പൊന്നാടും സമീപപ്രദേശങ്ങളിലും മതതീവ്രവാദ സംഘം പ്രവര്‍ത്തിക്കുന്നത്. പകലും രാത്രിയിലും ഇവര്‍ പ്രദേശത്ത് പട്രോളിങ് പോലും നടത്തുകയാണ്. പുറത്തു നിന്ന് ആരെങ്കിലും വന്നാല്‍ ഇവരെ കാരണം ബോധ്യപ്പെടുത്തണം. കഴിഞ്ഞ ദിവസം ഒരു കമ്പനിയുടെ രണ്ട് റെപ്രസന്റേറ്റീവുമാരെ ഇവര്‍ തടഞ്ഞുവെച്ചിരുന്നു. പോലീസാകട്ടെ ഇത്തരം രാജ്യവിരുദ്ധ ശക്തികള്‍ക്ക് ഒത്താശചെയ്യുകയാണെന്നാണ് ആരോപണം. പൊന്നാടും പരിസര പ്രദേശങ്ങളിലും ഇതര മതസ്ഥര്‍ക്ക് സൈ്വരമായി കഴിയാനുള്ള സാഹചര്യം പോലും നഷ്ടമാകുകയാണ്. ഭീഷണിപ്പെടുത്തലും സാമൂഹ്യപരമായ ഒറ്റപ്പെടുത്തലും കാരണം പല കുടുംബങ്ങളും ഏറെ പ്രയാസമനുഭവിക്കുന്നു. ഇതിനിടെയാണ് നിരപരാധിയായ യുവാവിനെയും സുഹൃത്തിനെയും ക്രൂരമായി മര്‍ദിക്കുകയും കള്ളക്കേസില്‍ കുടുക്കുകയും ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: