തൃശ്ശൂര്‍: തീരദേശവും ഗ്രാമങ്ങളും ലക്ഷ്യമാക്കി മറ്റു സംസ്ഥാനങ്ങളില്‍നിന്ന് വ്യാപകമായി ലഹരി എത്തുന്നു. കഞ്ചാവിനു പുറമേ എംഎഡിഎംഎയും നാട്ടില്‍ സുലഭമായിത്തുടങ്ങി. യുവാക്കളെയും വിദ്യാര്‍ഥികളെയും ലക്ഷ്യമിട്ടാണ് രാസലഹരി എത്തുന്നത്. മുന്‍പ് കഞ്ചാവ് കടത്തിയിരുന്നവര്‍ കൂടുതല്‍ ലാഭം മോഹിച്ച് എംഡിഎംഎയിലേക്ക് തിരിയുകയായിരുന്നു. അളവില്‍ കുറവായതിനാല്‍ കഞ്ചാവിനെ അപേക്ഷിച്ച് കടത്തിക്കൊണ്ടുവരാന്‍ എളുപ്പമാണെന്നതും കാരണമാണ്.
യുവാക്കളെ സൗഹൃദത്തിലാക്കി തുടക്കത്തില്‍ സൗജന്യമായും പിന്നീട് വില കുറച്ചും നല്കുകയാണു ചെയ്യുന്നത്. പിന്നീട് ഇവര്‍ ആവശ്യക്കാരായി മാറുന്നതോടെ വന്‍ വിലക്കാണ് ലഹരി നല്‍കുക. ബെംഗളൂരുവില്‍നിന്നാണ് ഇത് കച്ചവടക്കാര്‍ക്കു ലഭിക്കുന്നത്. കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്ന വസ്തു ഇവിടെ എത്തിച്ച് 5000 രൂപ വരെ വിലയിട്ടാണ് വില്‍ക്കുന്നത്.
ഈ വര്‍ഷം ഇതുവരെ എംഡിഎംഎ വില്‍ക്കുന്ന 25 പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇതില്‍ 15 പേരില്‍നിന്ന് കൂടിയ അളവിലാണ് രാസലഹരി കണ്ടെടുത്തത്. എക്സൈസും 4 പേരെ പിടികൂടിയിട്ടുണ്ട്. കഞ്ചാവും മറ്റു ലഹരികളും വില്ക്കുന്നവരും അറസ്റ്റിലായിട്ടുണ്ട്. സംസ്ഥാനത്തിന്റെ അതിര്‍ത്തിയില്‍ വച്ചാണ് കഞ്ചാവ് ഇടനിലക്കാരില്‍നിന്ന് വാങ്ങി നാട്ടില്‍ എത്തിക്കുന്നത്. തുടര്‍ന്ന് ചെറുകിട കച്ചവടക്കാര്‍ക്ക് വിലകൂട്ടി വില്‍ക്കും. കഴിഞ്ഞ വര്‍ഷം 300 കിലോയിലേറെ കഞ്ചാവാണ് ജില്ലയില്‍ നിന്നും പിടികൂടിയത്.
വാറ്റ് ചാരായ നിര്‍മ്മാണവും സജീവമാണ്. ഗോവന്‍ നിര്‍മിത വിദേശമദ്യം ഇവിടെ എത്തിച്ചു വില്‍ക്കുന്നവരുമുണ്ട്. ട്രെയിന്‍ വഴിയാണ് ഇവ എത്തിക്കുന്നത്. പുകയില ഉല്പന്നങ്ങളും വ്യാപകമായി ലഭിക്കുന്ന സ്ഥിതിയാണ്. നഗരത്തിലും ഗ്രാമങ്ങളിലും മിക്ക കടകളിലും ഇതു ലഭിക്കും. പോലീസും എക്സൈസും ആര്‍പിഎഫുമെല്ലാം പരിശോധനകളിലൂടെ ഇവ പിടികൂടുന്നുണ്ടെങ്കിലും എത്തുന്നതില്‍ ചെറിയൊരു ശതമാനം മാത്രമാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: