Categories: Samskriti

നക്ഷത്രദേവതകളെ ഭജിക്കുക

നിത്യവും മുടങ്ങാതെ ഏറെ നേരം പ്രാര്‍ത്ഥനകളില്‍ മുഴുകുന്നവര്‍ പോലും , സ്വന്തം നക്ഷത്രദേവതയെ അറിയുന്നില്ല; പ്രാര്‍ത്ഥിക്കുന്നുമില്ല. ആയുഷ്‌ക്കാലം മുഴുവന്‍ ജന്മനക്ഷത്രദേവതയെ ഭജിക്കണം. അതാണ് ജ്യോതിഷവിധി. മറ്റുദേവതകളെ നമസ്‌ക്കരിക്കയും പൂജിക്കുകയും ഒക്കെ തീര്‍ച്ചയായും വേണ്ടതുതന്നെയാണ്.

Published by

എസ്. ശ്രീനിവാസ് അയ്യര്‍

ജ്യോതിഷം വ്യക്തമാക്കുന്നത്, ഓരോ നക്ഷത്രത്തിനും ഓരോ ദേവതയുണ്ടെന്നാണ്. ഒറ്റവാക്കില്‍ ‘ജന്മനക്ഷത്രദേവത’ എന്നുപറയും. പക്ഷേ നമ്മില്‍ പലര്‍ക്കും ആ വിഷയത്തില്‍ വേണ്ടത്ര ജ്ഞാനമില്ല. അതാണ് അനുഭവം.  

നിത്യവും മുടങ്ങാതെ ഏറെ നേരം പ്രാര്‍ത്ഥനകളില്‍ മുഴുകുന്നവര്‍ പോലും , സ്വന്തം നക്ഷത്രദേവതയെ അറിയുന്നില്ല; പ്രാര്‍ത്ഥിക്കുന്നുമില്ല. ആയുഷ്‌ക്കാലം മുഴുവന്‍ ജന്മനക്ഷത്രദേവതയെ ഭജിക്കണം. അതാണ് ജ്യോതിഷവിധി. മറ്റുദേവതകളെ നമസ്‌ക്കരിക്കയും പൂജിക്കുകയും ഒക്കെ തീര്‍ച്ചയായും വേണ്ടതുതന്നെയാണ്. നക്ഷത്രദേവതയെ വന്ദിച്ചതിനുശേഷമാണ്. അതെല്ലാം അനുഷ്ഠിക്കേണ്ടത്, എന്നുമാത്രം.    

നാം ഏതോ വിധിനിയോഗത്താലാണ്, മുജ്ജന്മങ്ങളിലെ കര്‍മ്മഫലത്തിന്റെ പരിണതഫലമായിട്ടാണ് ഓരോ നക്ഷത്രങ്ങളില്‍ പിറവിയെടുത്തത്. ജന്മദൗത്യം പൂര്‍ത്തീകരിക്കാന്‍ ജന്മനക്ഷത്രദേവതയുടെ അനുഗ്രഹമാണ് പ്രഥമമായും പ്രധാനമായും വേണ്ടത്. ജനിച്ചതിന്റെ കടം വീട്ടാനും ഇഹജന്മത്തില്‍ സൗഖ്യം പുലരാനും ചതുര്‍വിധ പുരുഷാര്‍ത്ഥങ്ങള്‍ യഥാവിധി പൂര്‍ത്തിയാക്കാനും ജന്മനക്ഷത്രദേവതയുടെ അനുഗ്രഹാശിസ്സുകള്‍ കൂടിയേ കഴിയൂ എന്നാണ് അഭിജ്ഞമാരുടെ പക്ഷം. നിത്യപ്രാര്‍ത്ഥനകളില്‍ പ്രസ്തുതദേവതയെ സ്മരിക്കുകയും വേണം. അല്ലാത്തപക്ഷം അതൊരു  

‘പൂജ്യപൂജാവ്യതിക്രമം’ ആയി മാറും.  

നക്ഷത്രങ്ങളും ദേവതകളും ചുവടെ ചേര്‍ക്കുന്നു.  

1.അശ്വതി -അശ്വനികുമാരന്മാര്‍  

2. ഭരണി -യമന്‍  

3. കാര്‍ത്തിക -അഗ്നി  

4. രോഹിണി -ബ്രഹ്മാവ്  

5. മകീര്യം -ചന്ദ്രന്‍  

6. തിരുവാതിര -രുദ്രന്‍ (ശിവന്‍ )  

7. പുണര്‍തം -അദിതി  

8. പൂയം -ബൃഹസ്പതി (വ്യാഴം)

9. ആയില്യം -സര്‍പ്പങ്ങള്‍  

10. മകം -പിതൃക്കള്‍  

11. പൂരം -ഭഗന്‍  (ആര്യമാവ്)  

12. ഉത്രം -ആര്യമാവ് (ഭഗന്‍)  

13. അത്തം -സവിതാവ്  (ആദിത്യന്‍)  

14. ചിത്തിര -ത്വഷ്ടാവ് (വിശ്വകര്‍മ്മാവ്)  

15. ചോതി -വായു  

16. വിശാഖം -ഇന്ദ്രാഗ്നി (ഇന്ദ്രനും അഗ്നിയും)  

17. അനിഴം -മിത്രന്‍  

18. തൃക്കേട്ട -ഇന്ദ്രന്‍  

19. മൂലം -നിരൃതി  

20. പൂരാടം -ജലം  

21. ഉത്രാടം -വിശ്വദേവകള്‍  

22. തിരുവോണം -മഹാവിഷ്ണു  

23. അവിട്ടം -വസുക്കള്‍    

24. ചതയം -വരുണന്‍  

25. പൂരുട്ടാതി -അജൈകപാത്  

26. ഉത്രട്ടാതി -അഹിര്‍ബുദ്ധ്‌നി  

27. രേവതി -പൂഷാവ്.  

ഇപ്രകാരമുള്ള ഇരുപത്തിയേഴ് നക്ഷത്രദേവതകളില്‍ കുറച്ചു മൂര്‍ത്തികളെങ്കിലും നമ്മുടെ പ്രാര്‍ത്ഥനകളില്‍ നിറസാന്നിദ്ധ്യമാണ്. സാധാരണക്കാരായ വിശ്വാസികള്‍ക്ക് ചില പേരുകള്‍ പരിചയമില്ലെന്നുമാത്രം.    

ജ്യോതിഷത്തിന്റെ പ്രമാണഗ്രന്ഥങ്ങളില്‍ ദേവതകളുടെ നാമങ്ങള്‍ നക്ഷത്രങ്ങളുടെ പേരുകളായും പര്യായങ്ങളായും ഒക്കെ പ്രയോഗിക്കുന്നുണ്ട്. അഗ്നിയുടെ പര്യായങ്ങള്‍  വഹ്നി, അനലന്‍, പാവകന്‍, ഹുതാശന്‍ എല്ലാംതന്നെ കാര്‍ത്തികനാളിനെ വിശേഷിപ്പിക്കാന്‍ ഉപയോഗിക്കുന്നു. കാരണം കാര്‍ത്തികയുടെ ദേവത അഗ്നിയാണ്. രോഹിണിയുടെ ദേവത ബ്രഹ്മാവാണ്. അതിനാല്‍ രോഹിണിയെ പരാമര്‍ശിക്കേണ്ടി വരുമ്പോള്‍ ബ്രഹ്മാവിന്റെ നാമങ്ങളെല്ലാം വിധി,  വിരിഞ്ചന്‍, പിതാമഹന്‍, പത്മഭൂ  സ്വീകരിച്ചിരിക്കുന്നു.  

നക്ഷത്രത്തിന്റെ ദേവതകളെ കുറിക്കുന്ന പഴയപദ്യം പോയതലമുറക്കാര്‍ക്ക് ഹൃദിസ്ഥമായിരുന്നു.  

‘അശ്വതിക്കശ്വനീദേവോ  

ഭരണിക്ക് യമന്‍ തദാ  

കാര്‍ത്തികയ്‌ക്കഗ്നിയാം ദേവന്‍  

ബ്രഹ്മന്‍ രോഹിണി നാള്‍ക്കപി’  

എന്നിങ്ങനെ തുടങ്ങുന്ന സരളമായ അനുഷ്ടുപ് വൃത്തത്തിലുള്ളതായിരുന്നു പ്രസ്തുതപദ്യം.  

നക്ഷത്രങ്ങളുടെ ദേവതാമന്ത്രം ഗ്രന്ഥങ്ങളില്‍ നിന്നറിയാം. അല്ലെങ്കില്‍ കുടുംബ ദൈവജ്ഞനില്‍ നിന്നും അറിയാന്‍ ശ്രമിക്കണം. മറ്റൊരു ലേഖനത്തില്‍ ദേവതാ മന്ത്രങ്ങള്‍ ചേര്‍ക്കുന്നുണ്ട്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by
Tags: Astrology