ന്യൂദല്‍ഹി: 2030ഓടെ രാജ്യത്ത് നിന്ന് മലമ്പനി നിര്‍മാര്‍ജനം ചെയ്യുകയെന്ന ലക്ഷ്യം കൈവരിക്കുന്നതിലും, മലമ്പനിയ്ക്കെതിരായ കൂട്ടായ പോരാട്ടത്തിലും, രോഗനിര്‍ണ്ണയവും ചികിത്സയും മാത്രമല്ല, വ്യക്തിപരവും സാമൂഹികവുമായ ശുചിത്വവും, രോഗനിയന്ത്രണവും പ്രതിരോധവും സംബന്ധിച്ച സാമൂഹിക അവബോധവും ഒരുപോലെ പ്രധാനമാണെന്ന് ലോക മലമ്പനി ദിനാചരണത്തോട് അനുബന്ധിച്ച് നടത്തിയ പ്രഭാഷണത്തില്‍ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രി ഡോ. മന്‍സുഖ് മാണ്ഡവ്യ പറഞ്ഞു.
ദേശീയവും പ്രാദേശികവുമായ പരിശ്രമങ്ങളില്‍ മലമ്പനി നിര്‍മാര്‍ജനത്തിന് മുന്‍ഗണന നല്കാന് ഡോ. മാണ്ഡവ്യ ആഹ്വാനം ചെയ്തു. ഇന്ത്യയുടെ മലമ്പനി നിര്‍മ്മാര്‍ജ്ജന പദ്ധതി മുന്നോട്ട് കൊണ്ടുപോകുന്നതിന് അനുയോജ്യമായ പുതു പരിഹാരങ്ങള്‍ വികസിപ്പിക്കുന്നതിന് സാങ്കേതികവിദ്യയും നവീന രീതികളും പ്രയോജനപ്പെടുത്താവുന്നതാണെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.
രോഗനിര്‍ണ്ണയം, സമയബന്ധിതവും ഫലപ്രദവുമായ ചികിത്സ, കൊതുക് നിയന്ത്രണ നടപടികള്‍ എന്നിവയെക്കുറിച്ച് ബഹുജന അവബോധം സൃഷ്ടിക്കുന്നതിന് ആശ വര്‍ക്കര്‍മാര്‍, എഎന്‍എമ്മുകള്‍, അനുബന്ധ സംഘടനകള്‍ താഴെത്തട്ടിലെ മുന്‍നിര ആരോഗ്യ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്വകാര്യ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ, സ്വകാര്യ മേഖലയും മലമ്പനി കേസുകളുടെ മാനേജ്മെന്റും റിപ്പോര്‍ട്ടിംഗും അനുബന്ധ പ്രവര്‍ത്തനങ്ങളും ദേശീയ പരിപാടിയുമായി സംയോജിപ്പിക്കണമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു.
രാജ്യത്തിന്റെ ശ്രമഫലമായി 2015 നെ അപേക്ഷിച്ച് 2021ല്‍ മലമ്പനി കേസുകളില്‍ 86.45% കുറവും മലമ്പനി മരണങ്ങളില്‍ 79.16% കുറവും ഉണ്ടായതായി കേന്ദ്ര ആരോഗ്യമന്ത്രി പറഞ്ഞു. രാജ്യത്തെ 124 ജില്ലകളില്‍ മലമ്പനി കേസുകള്‍ ‘സീറോയാണ്’ അഥവാ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല, അദ്ദേഹം വ്യക്തമാക്കി. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ സഹമന്ത്രി ഡോ. ഭാരതി പ്രവീണ്‍ പവാറും ചടങ്ങില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: