ന്യൂദല്‍ഹി: ആരോടും കൂട്ടുചേരാനും ആരെയും ഏത് നിമിഷവും തള്ളിപ്പറയാനും മടിയില്ലാത്ത വ്യക്തിയാണ് പ്രശാന്ത് കിഷോര്‍ എന്ന് 2014 മുതലുള്ള ചരിത്രം നോക്കിയാല്‍ ആര്‍ക്കും മനസ്സിലാക്കാം. 2014ല്‍ മോദിയ്ക്ക് വേണ്ടി പ്രചാരണം നടത്തിയ ഈ തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പിന്നെ പല വീടുകളും കയറിയിറങ്ങി. ഒടുവില്‍ കോണ്‍ഗ്രസ് കൂടാരത്തില്‍ എത്തിയിരിക്കുകയാണ്.
ഇതിനിടയില്‍ ബീഹാറില്‍ നിതീഷ്കുമാറുമായി ഒരു കൂട്ടുകെട്ടുണ്ടാക്കാന്‍ ശ്രമിച്ചു. പലപ്പോഴും കടിച്ചാലൊതുങ്ങാത്ത ആവശ്യങ്ങളാണ് മിക്കവാറും പ്രശാന്ത് കിഷോര്‍ മുന്നോട്ട് വെയ്ക്കുക. പൊതുവെ നവമാധ്യമങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ പുറകോട്ടായ പാര്‍ട്ടിനേതാക്കള്‍ പലപ്പോഴും വഴങ്ങിക്കൊടുക്കുകയും ചെയ്തു. ബീഹാറില്‍ പക്ഷെ നിതീഷ് കുമാര്‍ വൈകാതെ പ്രശാന്ത് കിഷോറുമായി പിരിഞ്ഞു. ആദ്യം ജനതാദള്‍ (യു)വില്‍ പദവിയടക്കം നല്‍കിയതാണ്. എന്നാല്‍ നിതീഷില്‍ നിന്നും കൂടുതല്‍ വിട്ടുകിട്ടില്ലെന്ന് തോന്നിയതോടെ അദ്ദേഹത്തെ വിട്ടു.
ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്ങിന് വേണ്ടി കുറച്ചുകാലം പഞ്ചാബില്‍ പ്രവര്‍ത്തിച്ചു. പക്ഷെ അത് എവിടെയും തൊടാതെ പ്രശാന്ത് കിഷോര്‍ വിട്ടുപോയി. മഹാരാഷ്ട്രയില്‍ ശിവസേനയ്ക്ക് വേണ്ടി പ്രവര്‍ത്തിച്ചപ്പോള്‍ ഓര്‍ക്കാപ്പുറത്ത് ഭരണം കിട്ടിയത് പ്രശാന്ത് കിഷോറിന് നേട്ടമായി. പിന്നീട് ഇക്കാര്യം ഉയര്‍ത്തിക്കാട്ടി തമിഴ്നാട്ടില്‍ സ്റ്റാലിന്, പശ്ചിമബംഗാളില്‍ മമത എന്നിവരുമായി കൂട്ടു കൂടി. മമത ബാനര്‍ജിയുടെ മരുമകന് അഭിഷേക് ബാനര്‍ജിയുമായി കൂട്ടുചേര്‍ന്ന് തൃണമൂണ്‍ കോണ്‍ഗ്രസില്‍ തലമുറകള്‍ തമ്മില്‍ വിടവുണ്ടാക്കാന്‍ നോക്കി. ഒരു പാര്‍ട്ടിയില്‍ ഒരു പോസ്റ്റ് എന്ന ക്യാമ്പയിന് കൊണ്ടുവന്ന് പഴയ തലമുറയിലെ നേതാക്കളെ ഇല്ലാതാക്കാന്‍ പ്രശാന്ത് കിഷോറിന്റെ ഐ പാകും അഭിഷേക് ബാനര്‍ജിയും ചേര്‍ന്ന് ശ്രമം നടത്തിയത് വലിയ കോലാഹലം ഉണ്ടാക്കിയിരുന്നു. തൃണമൂല്‍ കോണ്‍ഗ്രസ് തന്നെ നെടുകെ പിളര്‍ന്നുപോകുമോ എന്ന തോന്നിച്ച നാളുകളായിരുന്നു അത്. പക്ഷെ മമത തന്നെ ഇടപെട്ട് അഭിഷേക് ബാനര്‍ജിയെ ഒതുക്കിയതോടെ പ്രശാന്ത് കിഷോറിന്റെ മറ്റ് പദ്ധതികളൊന്നും അവിടെ വിലപ്പോയില്ല.
ഇതിനിടെ കോണ്‍ഗ്രസ് അടുപ്പിക്കാതായപ്പോല് കുറച്ചുകാലം തെലുങ്കാനയിലെ കെ. ചന്ദ്രശേഖരറാവുവുമായി സഖ്യമുണ്ടാക്കാന്‍ ശ്രമിച്ചിരുന്നു പ്രശാന്ത് കിഷോര്‍. തെലുങ്കാനയില്‍ ചന്ദ്രശേഖര റാവുവുമായി കരാറിലൊപ്പിടാനുള്ള നീക്കത്തിലാണ് പ്രശാന്ത് കിഷോര്‍. എന്നാല്‍ തെലുങ്കാനയില്‍ ചന്ദ്രശേഖര റാവുവിന്റെ പ്രധാന പ്രതിപക്ഷമാണ് കോണ്‍ഗ്രസ്. എന്നാല്‍ ഇപ്പോള്‍ കോണ്‍ഗ്രസ് അവിടെ ആഭ്യന്തരകലഹങ്ങളില്‍ കുടുങ്ങി തകര്‍ന്നുകൊണ്ടിരിക്കുകയാണ്. കേന്ദ്രത്തില്‍ കോണ്‍ഗ്രസിനെ സഹായിക്കുന്ന പ്രശാന്ത് കിഷോര്‍ തന്നെ എങ്ങിനെ തെലുങ്കാനയില്‍ ചന്ദ്രശേഖരറാവുവിനെ സഹായിക്കും? കോണ്‍ഗ്രസിലെ ചില നേതാക്കള്‍ക്ക് പ്രശാന്ത് കിഷോറിന്റെ ഈ ഇരട്ടത്താപ്പ് പിടിക്കുന്നില്ല.
ഇപ്പോള്‍ സോണിയാഗാന്ധി മാനസികമായ ആഘാതത്തിലാണ്. എട്ട് വര്‍ഷമായി കേന്ദ്ര ഭരണം കൈവിട്ടുപോയിട്ട്. ഇനി എന്ന് ഭരണം തിരികെ കിട്ടും എന്ന് ഒരു ഉറപ്പുമില്ല. ഉറച്ച സംസ്ഥാന ഭരണങ്ങള്‍ ഒന്നൊന്നായി കൈവിട്ടുപോവുകയാണ്. രാഹുല്‍ ഗാന്ധിയാകട്ടെ ഒരു ഉറച്ച തീരുമാനമില്ലാതെ, ഉത്തരവാദിത്വങ്ങള്‍ എറ്റെടുക്കാന്‍ കെല്പില്ലാതെ മുന്നോട്ട് പോവുകയാണ്. ഇതില്‍ നിന്നും ഒരു മാറ്റമുണ്ടാക്കാന്‍ ആരുമായും കൂട്ടുകൂടണമെന്ന വിഭ്രാന്തിയിലാണ് അവരുള്ളത്. പക്ഷെ പ്രശാന്ത് കിഷോറിന്റെ വരവ് കോണ്‍ഗസില്‍ പലരെയും അന്പരപ്പിക്കുന്നു. ഏത് റൂട്ടിലൂടെയാണ് പ്രശാന്ത് കിഷോറിന്റെ വരവ് എന്ന് ആര്‍ക്കും ഊഹിക്കാന്‍ കഴിയുന്നില്ല. സോണിയ നേരിട്ട് വിളിച്ചതാണോ അതോ പ്രിയങ്കയുടെ ബലത്തിലാണോ. എന്തായാലും രാഹുല്‍ ഗാന്ധിയല്ല പ്രശാന്ത് കിഷോറിനെ കൊണ്ടുവന്നിരിക്കുന്നത്. ഇത് വേണുഗോപാലിനെപ്പോലുള്ള കോണ്‍ഗ്രസിലെ ഒരു ലോബിക്ക് തിരിച്ചടിയാകുമെന്ന് കണക്കുകൂട്ടുന്നു. കോണ്‍ഗ്രസില്‍ പ്രിയങ്കയും ഭര്‍ത്താവ് റോബര്‍ട്ട് വധേരയും പിടിമുറുക്കിയേക്കുമെന്ന് രാഹുല്‍ പക്ഷക്കാര്‍ കരുതുന്നുണ്ട്. എന്തായാലും കോണ്‍ഗ്രസില്‍ പുതിയ ഉരുള്‍പൊട്ടല്‍ പ്രശാന്ത് കിഷോര്‍ വഴി ഉണ്ടാകാന്‍ സാധ്യത ഏറെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: