തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട പാനല്‍ ചര്‍ച്ചയില്‍ നിന്നും സാമൂഹിക നിരീക്ഷകനായ ജോസഫ് സി മാത്യുവിനെ ഒഴിവാക്കി. പകരം പരിസ്ഥിതി ഗവേഷകന്‍ ശ്രീധർ രാധാകൃഷ്ണനെ ഉൾപ്പെടുത്തി. ഏപ്രില്‍ 28 ന് രാവിലെ 11 മണിക്ക് ഹോട്ടല്‍ താജ് വിവാന്തയിൽവെച്ചാണ് പരിപാടി നടക്കുക.
വി.എസ് സര്‍ക്കാരിന്റെ കാലത്ത് ഐ ടി ഉപദേഷ്ടാവായിരുന്ന ജോസഫ് സി മാത്യു തുടക്കം മുതല്‍ പിണറായി സര്‍ക്കാരിനെ വിമര്‍ശിക്കുന്ന ആളാണ്. ഇന്ത്യന്‍ റെയില്‍വേ റിട്ടയേര്‍ഡ് ചീഫ് എന്‍ജിനീയര്‍ അലോക് കുമാര്‍ വര്‍മ, കണ്ണൂര്‍ ഗവ. കോളേജ് ഓഫ് എന്‍ജിനീയറിംഗ് റിട്ട, പ്രിന്‍സിപ്പല്‍ ഡോ. ആര്‍ വി ജി മേനോന്‍, പരിസ്ഥിതി ഗവേഷകന്‍ ശ്രീധര്‍ രാധാകൃഷ്ണന്‍ എന്നിവരാകും ഇനി പദ്ധതിയെ എതിർത്ത് പരിപാടിയിൽ പങ്കെടുക്കുക.
ജോസഫ് സി മാത്യുവിനെ സംവാദത്തിൽ പങ്കെടുപ്പിക്കാനായിരുന്നു നേരത്തെ തീരുമാനം. ഇതിന്റെ അടിസ്ഥാനത്തിൽ ജോസഫിനെ നേരത്തെ ഔദ്യോഗികമായി ക്ഷണിക്കുകയും സംവാദത്തിൽ പങ്കെടുക്കാൻ തയ്യാറാണെന്ന് അദ്ദേഹം മറുപടി നൽകുകയും ചെയ്തിരുന്നു. എന്നാൽ അവസാന നിമിഷം അദ്ദേഹത്തെ ഒഴിവാക്കി പകരം പരിസ്ഥിതി ഗവേഷകന്‍ ശ്രീധര്‍ രാധാകൃഷ്ണനെ പാനലിലേക്ക് ഉൾപ്പെടുത്തുകയായിരുന്നു. എന്നാൽ ജോസഫ് സി മാത്യുവിനെ ഒഴിവാക്കിയതിന്റെ കാരണം വ്യക്തമാക്കാൻ സർക്കാരോ കെ റെയിലോ തയ്യാറായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: