തിരുവനന്തപുരം: വനിതാ ശിശുക്ഷേമ വകുപ്പിനു കീഴിലുള്ള സംസ്ഥാന ബാലാവകാശ കമ്മിഷനില്‍ പീഡനം നേരിടേണ്ടിവരുന്നെന്ന പരാതിയുമായി വനിതാ കരാര്‍ ജീവനക്കാര്‍. ലൈംഗികച്ചുവയുള്ള വാക്ക് ഉപയോഗിച്ചുള്ള അധിക്ഷേപം നേരിടേണ്ടിവന്നിട്ടും പരാതി പോലീസിന് കൈമാറാതെ കമ്മിഷന്‍. പരാതി നല്‍കിയവരെ ജോലിയില്‍ നിന്ന് തരംതാഴ്‌ത്തിയെന്നും ആക്ഷേപം.
ജുവനൈല്‍ ജസ്റ്റിസ് സെല്ലിലെ ഉദ്യോഗസ്ഥനായ കരാര്‍ ജീവനക്കാരനെതിരെയാണ് നാലു പേര്‍ പരാതി നല്‍കിയത്. 2020 മുതലുള്ള പീഡനങ്ങളാണ് പരാതിയിലുള്ളത്. നിരന്തരം അപമര്യാദയായി പെരുമാറുന്നു, അസഭ്യം പറയുന്നു, അശ്ലീല പ്രയോഗങ്ങള്‍ ആവര്‍ത്തിക്കുന്നു എന്നടക്കം വിശദമാക്കിയാണ് പരാതി. 2014 മുതല്‍ കരാര്‍ ജീവനക്കാരനാണ് ആരോപണവിധേയന്‍. ഇടത് അനുകൂല രാഷ്‌ട്രീയമുള്ളതിനാല്‍ നടപടിയെടുക്കാതെ കമ്മിഷന്‍ സെക്രട്ടറിയും കമ്മിഷനും പരാതി പൂഴ്‌ത്തിവയ്‌ക്കുകയാണെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്. പരാതി പോലീസിന് കൈമാറിയിട്ടുമില്ല. തൊഴിലിടങ്ങളിലെ സ്ത്രീകളുടെ പരാതികള്‍ പരിഹരിക്കാനുള്ള ഇന്റേണല്‍ കംപ്ലയിന്റ് കമ്മിറ്റിയുടെ അധ്യക്ഷയായ സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഭീഷണിയും പ്രതികാര നടപടിയും തുടങ്ങിയെന്നും പരാതിയുണ്ട്.
പരാതി പിന്‍വലിച്ചില്ലെങ്കില്‍ ക്രിമിനല്‍ കുറ്റം ചുമത്തി ജോലിയില്‍നിന്ന് പിരിച്ചുവിടുമെന്നായിരുന്നു ആദ്യം ഭീഷണി. കഴിഞ്ഞ മാസം രണ്ടുപേരെ തരംതാഴ്‌ത്തി. എംഎസ്ഡബ്ല്യുവും പത്ത് വര്‍ഷത്തിലധികം പ്രവൃത്തി പരിചയവുമുള്ള ജീവനക്കാരിയെ ഏഴാം ക്ലാസ് യോഗ്യതയുള്ള ഓഫീസ് അറ്റന്‍ഡന്റ് പോസ്റ്റിലേക്കും ഒരാളെ തപാല്‍ സെക്ഷനിലേക്കും മാറ്റി. അവധി അപേക്ഷ ഒളിപ്പിച്ചശേഷം മെമ്മോ നല്‍കുക, ഫയലുകള്‍ മാറ്റിവച്ചശേഷം ഫയല്‍ ചോദിക്കുക തുടങ്ങിയവ നിരന്തരം നേരിടേണ്ടിവരുന്നുവെന്നും ആരോപണമുണ്ട്.
മറ്റൊരു ജീവനക്കാരിയെ സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഔദ്യോഗിക കാര്യങ്ങളുടെ പേരില്‍ വിളിച്ചുവരുത്തി മണിക്കൂറുകളോളം മാനസികമായി പീഡിപ്പിച്ചു. തുടര്‍ന്ന് ബോധം കെട്ടുവീണ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതാണ് ഒടുവിലത്തെ സംഭവം. ഇത്രയും സംഭവമുണ്ടായിട്ടും അര്‍ധ ജുഡീഷ്യല്‍ അധികാരമുള്ള കമ്മിഷന്‍ ഇടപെട്ടിട്ടില്ല. വകുപ്പ് മന്ത്രി വീണാ ജോര്‍ജിന് നല്‍കിയ പരാതിയില്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി നടപടിക്ക് നിര്‍ദേശിച്ചിരുന്നു. അതിലും നടപടിയു ഉണ്ടായിട്ടില്ലെന്നും പരാതിയുണ്ട്. ഇതോടെ കടുത്ത മാനസിക സമ്മര്‍ദത്തിലാണ് വനിതാ ജീവനക്കാര്‍.
ഇന്റേണല്‍ കംപ്ലയിന്റ് കമ്മിറ്റി അന്വേഷിക്കുന്നു
പരാതി ലഭിച്ചിട്ടുണ്ട്. ജീവനക്കാരുടെ പരാതിയില്‍ ഇന്റേണല്‍ കംപ്ലയിന്റ് കമ്മിറ്റി അന്വേഷിക്കുകയാണ്. ജീവനക്കാര്‍ തമ്മിലുള്ള വാക്കുതര്‍ക്കമാണ് പരാതിക്ക് കാരണം. പരാതിക്കാരുടെ മൊഴിയെടുത്തിട്ടുണ്ട്. റിപ്പോര്‍ട്ട് അവസാന ഘട്ടത്തിലാണ്. യുവതി ബോധം കെട്ടുവീണത് ആരോഗ്യപ്രശ്‌നങ്ങളുള്ളതിനാലാണ്.
കെ.വി. മനോജ്കുമാര്‍
ചെയര്‍മാന്‍,ബാലവകാശ കമ്മിഷന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: