ആദര്‍ശരാഷ്‌ട്രീയത്തിന്റെ ആള്‍രൂപമായിരുന്നു കെ.ജി.മാരാര്‍. സാധാരണക്കാര്‍ക്കിടയില്‍ സാധാരണക്കാരനായി ജീവിക്കുകയും അസാധാരണ വ്യക്തിപ്രഭാവം നേടുകയും ചെയ്യാന്‍ അദ്ദേഹത്തിന് സാധിച്ചു. ഒരു എംഎല്‍എക്കോ മന്ത്രിക്കോ ജനഹൃദയങ്ങളില്‍ ലഭിക്കാത്ത സ്ഥാനം അദ്ദേഹത്തിന് ജനലക്ഷങ്ങളില്‍ ലഭിച്ചു. ഭരണസംവിധാനങ്ങളുടെ ഭാഗമാകാനുള്ള എല്ലാ അര്‍ഹതയും യോഗ്യതയും അദ്ദേഹത്തിനുണ്ടെന്ന് വ്യക്തിപരമായി അറിയാന്‍ ശ്രമിച്ചവരെല്ലാം തിരിച്ചറിഞ്ഞിട്ടുണ്ട്. പക്ഷേ അതിനുവേണ്ടി നടന്നുവന്ന വീഥികള്‍ വ്യതിചലിക്കാന്‍ അദ്ദേഹം തയ്യാറായിരുന്നില്ല. പരസ്പര ബഹുമാനത്തിന്റെയും സ്‌നേഹത്തിന്റെയും ത്യാഗത്തിന്റെയും അംശങ്ങള്‍ രാഷ്‌ട്രീയത്തില്‍ നിന്നും അകന്നകന്നുപോകുന്ന കാലഘട്ടമാണിത്. രാഷ്‌ട്രീയ പ്രതിയോഗികളെ മാത്രമല്ല സ്വന്തം കക്ഷിക്കാരെ തന്നെ വേട്ടയാടാന്‍ അവസരം നോക്കി നില്‍ക്കുന്ന രാഷ്‌ട്രീയ നേതാക്കള്‍ക്ക് പഞ്ഞമില്ലാത്ത ഇക്കാലത്ത് മാരാര്‍ജിയുടെ സ്മരണപോലും പൊതുസമൂഹത്തിന് ആശ്വാസം നല്‍കുന്നതാണ്.
രാഷ്‌ട്രീയം എന്നത് വര്‍ഗീയത്തിന് വഴിമാറി നില്‍ക്കുകയാണ്. വര്‍ഗീയതയ്‌ക്കെതിരെ നിരന്തരം മാരാര്‍ജി നല്‍കിയ മുന്നറിയിപ്പുകള്‍ ഒന്നൊന്നായി തെളിഞ്ഞു വന്നുകൊണ്ടിരിക്കുന്നു. മുസ്ലീംലീഗിനുമുന്നില്‍ സാഷ്ടാംഗം പ്രണമിക്കുന്ന കോണ്‍ഗ്രസ് ഒരു ഭാഗത്ത്. കോണ്‍ഗ്രസ് ബന്ധം വിട്ടാല്‍ ലീഗുമായി ചങ്ങാത്തം കൂടാന്‍ ഒരുങ്ങി നില്‍ക്കുന്ന കമ്മ്യൂണിസ്റ്റുകാര്‍ മറുഭാഗത്ത്. ദൈവത്തിന്റെ സ്വന്തം നാടെന്ന് അഹങ്കരിക്കുന്ന കേരളം ചെകുത്താന്മാരുടെ വിഹാരഭൂമിയായി മാറിക്കഴിഞ്ഞിരിക്കുന്നു. ചൊടിച്ചുനിന്ന് ലീഗുകാരും ചിരിച്ചുകൊണ്ട് െ്രെകസ്തവ വര്‍ഗീയശക്തികളായ കേരള കോണ്‍ഗ്രസും അധികാരങ്ങളും അനര്‍ഹമായ ആനുകൂല്യങ്ങളും തട്ടിയെടുക്കുന്നു. ഭൂരിപക്ഷമായിപ്പോയി എന്നതിനാല്‍ ഹിന്ദുസമൂഹം അവഹേളനവും അവഗണനയും നേരിടുകയാണ്. ഇത്തരം സന്ദര്‍ഭങ്ങളില്‍ മാരാര്‍ജി ചങ്കുറപ്പുകാട്ടിയ സംഭവങ്ങള്‍ നിരവധിയാണ്. കണ്ണു പോയാലേ കണ്ണിന്റെ വിലയറിയൂ. മാരാര്‍ജിയുടെ അസാന്നിധ്യം അത് അടിവരയിട്ട് ഉറപ്പിക്കുകയാണ്.
പറശ്ശിനിക്കടവ് ഹൈസ്‌കൂളിലെ മലയാളം അധ്യാപകന്‍. ഭാരതീയ ജനസംഘത്തിന്റെ പ്രവര്‍ത്തനത്തിനായി അധ്യാപക ജോലി ഉപേക്ഷിച്ച് ഇറങ്ങിയത് വലിയൊരു സാഹസം തന്നെയായിരുന്നു. പത്തുവര്‍ഷത്തെ അധ്യാപകജോലി കൊണ്ട് ഏതാണ്ട് സാമ്പത്തിക ക്ലേശങ്ങള്‍ അകന്നു തുടങ്ങിയ അദ്ദേഹത്തിന്റെ ആ പ്രവൃത്തിക്ക് അസാമാന്യമായ മനക്കരുത്ത് തന്നെ വേണം. കണ്ണൂര്‍ ജില്ലയില്‍ ജനസംഘത്തിന്റെ പ്രവര്‍ത്തനം ഓരോ കല്ലും വച്ച് അദ്ദേഹം പടുത്തുയര്‍ത്തിയെന്ന് പറയുന്നത് അക്ഷരത്തിലും അര്‍ഥത്തിലും ശരിയാണ്. മാര്‍ക്‌സിസ്റ്റ് ഈറ്റില്ലങ്ങളും ശക്തിദുര്‍ഗങ്ങളുമായി അറിയപ്പെട്ടിരുന്നതും മറ്റു രാഷ്‌ട്രീയ കക്ഷികള്‍ കടന്നുചെല്ലാന്‍ ഭയന്നിരുന്നതുമായ എത്രയെത്ര ഗ്രാമങ്ങളിലാണ് വശ്യമായ പുഞ്ചിരിയും വാചോവിലാസവുമായി കടന്നുചെന്ന് അവിടത്തെ ജനങ്ങളെ ആകര്‍ഷിച്ചതെന്നു പറയാന്‍ പ്രയാസമാണ്. അധികം താമസിയാതെ പ്രവര്‍ത്തനമേഖല സംസ്ഥാനവ്യാപകമായി.
ജനസംഘത്തിന്റെ സംസ്ഥാന കാര്യദര്‍ശിയായും അടിയന്തരാവസ്ഥയ്‌ക്കുശേഷം ജനതാ പാര്‍ട്ടിയുടെ സംസ്ഥാന സമിതി അംഗമായും അദ്ദേഹം പ്രവര്‍ത്തിച്ചു. ഭാരതീയ ജനതാപാര്‍ട്ടി രൂപവത്കൃതമായശേഷം ഔദ്യോഗിക സ്ഥാനത്തിരുന്നപ്പോഴും അല്ലാത്തപ്പോഴും മാരാര്‍ജി അതിന്റെ പര്യായവും വക്താവുമായി അറിയപ്പെട്ടു. സാധാരണപ്രവര്‍ത്തകരുമായി മാത്രമല്ല, അവരുടെ കുടുംബാംഗങ്ങളുമായും ഹൃദയംഗമമായ ബന്ധം പുലര്‍ത്തി. അദ്ദേഹം ഒരു വീട്ടില്‍ ചെന്നാല്‍ അതിഥിയായിട്ടല്ല കുടുംബാംഗമായിത്തന്നെയാണ് വീട്ടുകാര്‍ കരുതിവന്നത്. രാഷ്‌ട്രീയ സ്വയംസേവക സംഘത്തില്‍ നിന്ന് ലഭിച്ച സംസ്‌കാരസമ്പന്നമായ പെരുമാറ്റമാണ് അതിനു സഹായിച്ചത്.
നാറാത്ത് ക്ഷേത്രത്തിന്റെ വാതില്‍മാടത്തില്‍ നിലവിളക്കിന്റെ വെളിച്ചത്തിരുന്ന് പഠിച്ചാണ് വിദ്യാഭ്യാസകാലം കഴിച്ചത്. പീടികത്തിണ്ണയായാലും റെയില്‍വേ പ്ലാറ്റ്‌ഫോമായാലും ജനസംഘത്തിന്റെയും ബിജെപിയുടെയും ആര്‍എസ്എസ്സിന്റെയും കാര്യാലയങ്ങളായാലും സര്‍ക്കാര്‍ അതിഥി മന്ദിരങ്ങളോ പ്രഭു മന്ദിരങ്ങളോ ആയാലും അവധൂതനെപ്പോലെ നിസ്സംഗനായി അവിടെ താമസിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞിരുന്നു.
ജനസംഘത്തിന്റെ സംസ്ഥാന സെക്രട്ടറിയായി പ്രവര്‍ത്തിക്കുന്നതിനിടയിലാണ് അടിയന്തരാവസ്ഥയെത്തിയത്. പൗരാവകാശത്തിനുവേണ്ടി ജയില്‍വാസവും അനുഷ്ഠിച്ചു. ഭാരതീയ ജനതാപാര്‍ട്ടിയിലെത്തിയതോടെ കേരള രാഷ്‌ട്രീയത്തില്‍ അവഗണിക്കാനാവാത്ത വ്യക്തിത്വമായി കെ.ജി. മാരാര്‍ വളര്‍ന്നു. പ്രതിയോഗികള്‍ക്കുപോലും മാരാര്‍ജിയായി. ബിജെപി ഉത്തരേന്ത്യന്‍ കക്ഷിയാണെന്നും സവര്‍ണപാര്‍ട്ടിയാണെന്നുമൊക്കെയുള്ള ആക്ഷേപത്തിന് അദ്ദേഹം മറുപടി നല്‍കിയത് പ്രവര്‍ത്തനത്തിലൂടെയായിരുന്നു. വയനാട്ടിലെ വനവാസികള്‍ക്കിടയില്‍ ജനസംഘത്തിന്റെ സന്ദേശമെത്തിക്കാനും വംശനാശം നേരിട്ടുകൊണ്ടിരുന്ന വനവാസികളെ സംഘടിപ്പിക്കാനും സംരക്ഷിക്കാനും കെ.ജി.മാരാര്‍ സഹിച്ച ത്യാഗവും നടത്തിയ പ്രവര്‍ത്തനവും അഭിമാനപൂര്‍വമാണ് ആദിവാസികള്‍ ഇന്നും ഓര്‍മിക്കുന്നത്.
അമ്പലവാസി സമുദായത്തില്‍ ജനിച്ച മാരാരുടെത് ‘സവര്‍ണത്വവും’ സസ്യാഹാരവും ഒക്കെയാണെങ്കിലും വനവാസികളുടെ ഹൃദയം കവരാന്‍ അദ്ദേഹത്തിന് എളുപ്പം സാധിച്ചു. വനവാസികളോടൊപ്പം അവര്‍ നല്‍കുന്ന ഭക്ഷണം കഴിച്ച് വര്‍ഷങ്ങളോളം ഒരുമിച്ച് പ്രവര്‍ത്തിച്ചു. ‘വയനാട് ആദിവാസി സംഘം’ എന്നൊരു സംഘടനയ്‌ക്ക് രൂപം നല്‍കി. ബ്രിട്ടീഷുകാര്‍ക്കെതിരെ അന്ത്യശ്വാസംവരെ പൊരുതാന്‍ പഴശ്ശിരാജയ്‌ക്ക് കരുത്തുപകര്‍ന്ന വയനാട്ടിലെ വനവാസികള്‍ പട്ടിണിയാണെങ്കിലും പ്രസ്ഥാനത്തിലും വിശ്വാസത്തിനുംവേണ്ടി എന്തുത്യാഗം സഹിച്ചും പൊരുതുന്നവരാണ്. അത് ചൂഷണം ചെയ്യാന്‍ നക്‌സലൈറ്റുകള്‍ ഏറെ ശ്രമിച്ചിരുന്നു. വനവാസികളുടെ പട്ടിണിയും അറിവില്ലായ്മയും മുതലെടുക്കാന്‍ കുടിയേറ്റ കൗശലക്കാര്‍ക്ക് കഴിഞ്ഞിരുന്നു. കള്ളും കഞ്ചാവും പുകയിലയും നല്‍കി കൃത്രിമരേഖകളുണ്ടാക്കി വനവാസികളുടെ ഭൂമി മാത്രമല്ല, മാനവും തട്ടിയെടുത്ത് ആട്ടിയോടിക്കുന്ന കാലത്താണ് കെ.ജി.മാരാര്‍ വയനാട്ടിലെത്തിയത്.
വനവാസികളില്‍ നിന്ന് തട്ടിയെടുത്ത് കൈവശപ്പെടുത്തിയ ഭൂമി അവര്‍ക്ക് തിരിച്ചുനല്‍കണമെന്ന ആവശ്യം ശക്തിപ്പെടുത്തി. ഇതിനായി നിരന്തരം സമരങ്ങളും സമ്മേളനങ്ങളും നടത്തി. വനവാസികളുടെ ആവശ്യങ്ങള്‍ അംഗീകരിപ്പിക്കുന്നതിനായി നിരവധി പ്രസ്താവനകളും ലേഖനങ്ങളും മാരാര്‍ എഴുതിയിട്ടുണ്ട്. അതിന്റെയെല്ലാം ഫലമായാണ് സംസ്ഥാന നിയമസഭ 1975 ല്‍ വനവാസി ഭൂമി തിരിച്ചുനല്‍കുന്നതിന് നിയമം പാസാക്കിയത്. ആ നിയമം നടപ്പാക്കാന്‍ ഒരു സര്‍ക്കാരും തയ്യാറായിട്ടില്ല. വനവാസി ഭൂമി തട്ടിയെടുത്ത പ്രമാണിമാര്‍ക്കൊപ്പം നിലകൊണ്ട സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ മരണംവരെ മാരാര്‍ ശബ്ദമുയര്‍ത്തി. വയനാട്ടില്‍ മലമടക്കുകളിലെ പട്ടിണിപ്പാവങ്ങളോടൊപ്പം മാത്രമല്ല തീരപ്രദേശങ്ങളില്‍ തിരമാലകളോട് മല്ലടിച്ചിട്ടും അര വയറുതികയാന്‍ വകയില്ലാത്ത മത്സ്യത്തൊഴിലാളികളുടെ ക്ഷേമത്തിനുവേണ്ടിയും മാരാര്‍ അനുഷ്ഠിച്ച ത്യാഗപൂര്‍ണമായ പ്രവര്‍ത്തനം മാതൃകാപരമാണ്.
അതിര്‍ത്തിസേനപോലെ കടലോരം കാത്തുസൂക്ഷിക്കുന്ന അനൗദ്യോഗിക രക്ഷാപ്പടയാണ് കടലിന്റെ മക്കള്‍. കടല്‍ത്തീരംകൊണ്ട് അനുഗൃഹീതമായ സംസ്ഥാനത്തിന്റെ സമ്പദ്ഘടനയില്‍ കടല്‍ സമ്പത്ത് വഹിക്കുന്ന പങ്ക് ഏറെ വലുതാണ്. പക്ഷേ, കടലിന്റെ മക്കള്‍ ഇടത്തട്ടുകാരുടെയും കങ്കാണിമാരുടെയും കൈയില്‍ക്കിടന്ന് അമരുകയാണ്. അവരെ സ്വന്തം കാലില്‍ നിര്‍ത്താനുള്ള ഒട്ടനവധി നിര്‍ദ്ദേശങ്ങള്‍ ജനസംഘം മുന്നോട്ടുവച്ചു. അതിനായി ശക്തമായ സംഘടനയും സമരവുമുണ്ടായി. സസ്യാഹാരംമാത്രം കഴിക്കുന്ന മാരാര്‍ മത്സ്യത്തൊഴിലാളികളുടെ ഉറ്റമിത്രവും വഴികാട്ടിയുമായി. മാരാര്‍ മത്സ്യത്തൊഴിലാളികളെ സംഘടിപ്പിക്കുന്നതിനെക്കുറിച്ച് ഒരു യോഗത്തില്‍ തമാശയായി ഒരു നേതാവ് പറഞ്ഞതിനുത്തരം ഞൊടിയിടയില്‍ വന്നു: ‘ദശാവതാരത്തിലൊന്നാമത്തേത് മത്സ്യമാണെന്നറിയില്ലേ?’ മാരാര്‍ജിയടക്കം ആദര്‍ശവും അര്‍പ്പണബോധവും ആത്മാര്‍ത്ഥതയും മുറുകെ പിടിച്ച് പ്രവര്‍ത്തിച്ചവര്‍ നിരവധിയാണ്. അവരുടെ കാല്‍പാടുകള്‍ പിന്‍തുടരുകയെന്ന പ്രതിജ്ഞയാണ് ഈ സ്മൃതിദിനത്തില്‍ ചെയ്യാന്‍ കഴിയുന്ന ഏറ്റവും വലിയ ആദരവ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: