ജമ്മു കശ്മീരില്‍ രചിച്ചുകൊണ്ടിരിക്കുന്നത് പുതു ചരിത്രമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപനം രാജ്യം തലകുലുക്കി സമ്മതിക്കും. വികസന കാര്യത്തിലും ജനാധിപത്യത്തിലും ജമ്മുകശ്മീര്‍ പുതിയ മാതൃകയാകുകയാണെന്ന അവകാശവാദവും അടിവരയിട്ട് അംഗീകരിക്കും. പൂവ് പറിക്കുന്ന ലാഘവത്തോടെ 370-ാം വകുപ്പ് കേന്ദ്രസര്‍ക്കാര്‍ എടുത്തുകളഞ്ഞതിനുശേഷമുള്ള കാശ്മീര്‍. മറ്റ് സംസ്ഥാനങ്ങളെ പോലെ രാജ്യത്തിന്റെ വികസനക്കുതിപ്പില്‍ ഒപ്പമോ ഒരു പടിയോ മുന്നിലാണിന്ന്. ജമ്മുകശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിന് ശേഷം ആദ്യമായി സംസ്ഥാനത്ത് ഔദ്യോഗിക ചടങ്ങില്‍ പങ്കെടുക്കാനെത്തിയ പ്രധാനമന്ത്രി അത് ലോകരോട് അഭിമാനത്തോടെ വിളിച്ചു പറഞ്ഞു. സംസ്ഥാനത്ത് 20,000 കോടി രൂപയുടെ പദ്ധതികള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കവേയാണ് ഇക്കാര്യം അറിയിച്ചത്.
2019 ആഗസ്റ്റ് 5 ഭാരത ചരിത്രത്തിലെ അവിസ്മരണീയ നിമിഷമായിരുന്നു. ഇന്ത്യന്‍ ജനതയെ പ്രാദേശികമായി വിഭജിച്ച രാഷ്ട്രീയ മേലാളന്മാരുടെ മഹാപാതകത്തിന് പ്രായശ്ചിത്തം നരേന്ദ്രമോദി സര്‍ക്കാര്‍ ചെയ്തു. ഇന്ത്യന്‍ ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 35 (എ), 370 എന്നിവ എടുത്തുകളഞ്ഞു. നടപടിയിലൂടെ ജമ്മുകാശ്മീരിന്റെ പ്രത്യേക പദവിയാണ് എടുത്തുമാറ്റപ്പെട്ടത്. കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെ കശ്മീരികളുടെയും ന്യൂനപക്ഷങ്ങളുടെയും ഒരു വൈകാരികവിഷയമായി ആളിക്കത്തിക്കാന്‍ തീവ്രവാദികളുമായും ഭീകരവാദികളുമായും ഇന്ത്യയിലെ പ്രധാനപ്പെട്ട പ്രതിപക്ഷപാര്‍ട്ടികളായ കോണ്‍ഗ്രസ്സുകാരും കമ്മ്യൂണിസ്റ്റുകളും ശ്രമിച്ചു. ശത്രുരാജ്യങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയും രാജ്യത്തെ അസ്ഥിരപ്പെടുത്തുന്ന ‘ആസാദി’ മുദ്രാവാക്യങ്ങള്‍ രാജ്യത്തെ സര്‍വകലാശാലകളിലൂടെയും പത്രമാധ്യമങ്ങളിലൂടെയും പ്രചരിപ്പിക്കുകയും ചെയ്തു. രാജ്യത്തുടനീളം ഒട്ടനവധി പ്രക്ഷോഭങ്ങളും പ്രതിഷേധങ്ങളും അതിന്റെ പേരില്‍ ഉയര്‍ത്തികൊണ്ടുവരാന്‍ പ്രതിപക്ഷ പാര്‍ട്ടികളും അയല്‍ രാജ്യങ്ങളായ പാക്കിസ്ഥാനും ചൈനയും തീവ്രമായി ശ്രമിച്ചു. പക്ഷേ ഒന്നും ഫലിച്ചില്ല. കശ്മീര്‍ ജനത അത്തരം ശ്രമങ്ങളെ പരാജയപ്പെടുത്തി. വീണ്ടും സ്വര്‍ഗ്ഗമാകുന്ന കാശ്മീരിനെ ലോകം കാണുന്നു. കാശ്മീരില്‍ നടന്ന നരഹത്യ വിവരിക്കുന്ന സിനിമ ഭാരതത്തിന്റെ വേദനയായി മാറി.
പ്രത്യേക പദവിയും പരിഗണനയും നല്‍കിയിട്ടും പദ്ധതികളുടെ നിര്‍വ്വഹണത്തിലും ജമ്മുകശ്മീര്‍ വളരെ പിന്നിലായിരുന്നു. എല്ലാ പദ്ധതികളും അഴിമതിക്കും സര്‍ക്കാര്‍ പണം കട്ടുമുടിക്കാനുമുള്ള അവസരങ്ങളാക്കി. തീവ്രവാദികള്‍ക്ക് തഴച്ചുവളരാനും ഒളിഞ്ഞിരിക്കാനും ഉള്ള ഒരു സുരക്ഷിതതാവളമാക്കി കശ്മീരിനെ മാറ്റാനാണ് ഭരണകൂടങ്ങള്‍ ഈ പദവിയും പരിഗണനയും ഉപയോഗിച്ചുവന്നിരുന്നത്.
നരേന്ദ്രമോദി സര്‍ക്കാര്‍ കൂടുതല്‍ വികസന പദ്ധതികള്‍ ആരംഭിച്ചതോടെ ആഭ്യന്തരപ്രതിരോധ രംഗത്തും വൈദ്യുതി ഉത്പാദന രംഗത്തും തൊഴില്‍ മേഖലകളുടെ വികസനത്തിലും ജമ്മു കാശ്മീര്‍ ഏറെ മുന്നോട്ടുപോയി. സ്വാതന്ത്ര്യാനന്തര ഭാരതം പതിറ്റാണ്ടുകള്‍ക്കുശേഷം കണ്ട ഏറ്റവും വലിയ വിപ്ലവമാണ് കാശ്മീരില്‍ കണ്ടത്. വിദ്യാഭ്യാസം, ആരോഗ്യം, തൊഴില്‍ എന്നീ രംഗത്ത് കാര്യമായ ചുവടുവയ്പ്പ് നടത്താന്‍ സാധിച്ചു. അതിലേറെ ആശ്വാസകരമായിട്ടുള്ളത് കശ്മീരി യുവാക്കളുടെ മനോഭാവത്തിലുണ്ടായ മാറ്റങ്ങളാണ്. അവര്‍ വസ്തുതകളെ തിരിച്ചറിയാന്‍ തുടങ്ങി. ശത്രുരാജ്യത്തിന്റെ ചട്ടുകങ്ങളായി ഭീകരവാദികളാവുന്ന പ്രവണത അവസാനിച്ചു. നോട്ട് കെട്ടുകള്‍ക്കും ദിവസക്കൂലിക്കും വേണ്ടി മാതൃരാജ്യത്തിന്റെ പട്ടാളത്തെയും പോലീസിനെയും കല്ലെറിയുകയും അക്രമിക്കുകയും ചെയ്യുന്ന മനോനിലയില്‍നിന്നും മാറി. ശാന്തിയോടെയും സമാധാനത്തോടെ ഈ രാജ്യത്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കാനും തയ്യാറായി. വ്യവസായികരംഗത്തും ടൂറിസം രംഗത്തും കശ്മീര്‍ ഒരു നൂതന പന്ഥാവിലാണ്. പല പ്രമുഖ ഇന്ത്യന്‍ കമ്പനികളും വിദേശ കമ്പനികളും ജമ്മു കശ്മീരിലും ലഡാക്കിലും വ്യവസായശാലകളും കമ്പനികളും ആരംഭിക്കാന്‍ തയ്യാറാവുകയും പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുകയും അതുവഴി ചെറുപ്പക്കാര്‍ക്കും സ്ത്രീകള്‍ക്കും തൊഴില്‍ ലഭ്യത വര്‍ധിക്കുകയും ചെയ്തിരിക്കുന്നു.
കശ്മീര്‍ എങ്ങനെയാണ് കേന്ദ്രസര്‍ക്കാരിനേയും നരേന്ദ്രമോദിയേയും കാണുന്നത് എന്നതിന് കൂടുതല്‍ ഉദാഹരണങ്ങളൊന്നും തിരയേണ്ടതില്ല. കശ്മീര്‍ സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരിപാടിയില്‍ പങ്കെടുക്കാനെത്തിയ അതിഥികള്‍ക്കു നല്കാന് ഓരോ വീടുകളില്‍നിന്നും 20 റൊട്ടി വീതം നല്കിയ പള്ളി ഗ്രാമത്തിന്റെ പെരുമാറ്റം മാത്രം മതി തെളിവായി. പഞ്ചായത്തിലെ ഓരോ വീടുകളില്‍ നിന്നും സ്നേഹോപഹാരമായാണ് അതിഥികള്‍ക്ക് ഭക്ഷണം നല്‍കിയത്.
വികസനപദ്ധതികള്‍ക്കൊപ്പം ഈ വര്‍ഷത്തെ പഞ്ചായത്തിരാജ് ദിനം ആഘോഷത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കാന്‍ കൂടിയാണ് പ്രധാനമന്ത്രി കശ്മീരില്‍ എത്തിയത്. വലിയൊരു മാറ്റത്തെയാണ് ജമ്മുവിലെ ഈ ആഘോഷം സൂചിപ്പിക്കുന്നത്. ജനാധിപത്യം താഴെത്തട്ടില്‍ എത്തിയിരിക്കുന്നു. ജമ്മു കശ്മീരിലെ ജനങ്ങള്‍ക്ക് വര്‍ഷങ്ങളോളം ത്രിതല പഞ്ചായത്ത് രാജ് സംവിധാനം നിഷേധിക്കപ്പെട്ട നിലയായിരുന്നു. ജനങ്ങളെ ശാക്തീകരിക്കുന്നതിനായി സര്‍ക്കാര്‍ എല്ലാ കേന്ദ്ര നിയമങ്ങളും ജമ്മു കശ്മീരില്‍ നടപ്പിലാക്കിയിട്ടുണ്ട്. ഇവിടെ വര്‍ഷങ്ങളായി സംവരണത്തിന്റെ ആനുകൂല്യം നിഷേധിക്കപ്പെട്ടവര്‍ക്ക് ആ അവകാശങ്ങള്‍ തിരികെ ലഭിച്ചിരിക്കുന്നു. അടുത്ത 25 വര്‍ഷത്തില്‍ ജമ്മുകശ്മീരിന്റെ മുഖച്ഛായ തന്നെ മാറുമെന്ന് നരേന്ദ്രമോദി ലോകത്തോട് വിളിച്ചു പറയുമ്പോള്‍ പുത്തന്‍ പ്രതീക്ഷകളുടെ തങ്കത്തോണിയില് നൃത്തമാടുകയാണ് കശ്മീര്‍ജനത.
പ്രതികരിക്കാൻ ഇവിടെ എഴുതുക: