ഗുവാഹത്തി: പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കെതിരെ ട്വീറ്റ് ചെയ്ത ഗുജറാത്ത് എംഎല്‍എ ജിഗ്നേഷ് മേവാനിയെ അറസ്റ്റ് ചെയ്യാന്‍ വഴിവെച്ച പരാതി പൊലീസില്‍ നല്‍കിയത് ബിജെപി നേതാവും ബോഡോ ലാന്റ് ടെറിറ്റോറിയല്‍ കൗണ്‍സില്‍ അംഗവും സര്‍വ്വോപരി മോദി ആരാധകനുമായ അരൂപ് കുമാര്‍ ഡേ.
“പ്രധാനമന്ത്രി നരേന്ദ്രമോദിയെക്കുറിച്ചുള്ള നെഗറ്റീവ് കമന്റുകള്‍ ബിജെപി പ്രവര്‍ത്തകരെ വേദനിപ്പിയ്ക്കും. അതുകൊണ്ട് അത്തരം കമന്റുകള്‍ ട്വീറ്റ് ചെയ്യുമ്പോള്‍ ആളുകള്‍ സൂക്ഷിക്കണം”- മോദി ആരാധകന് കൂടിയായ അരൂപ് കുമാര്‍ ഡേ പറയുന്നു. “തന്റെ ട്വീറ്റിലൂടെ എപ്പോഴും ആളുകളെ വിഭജിക്കാനാണ് ജിഗ്നേഷ് മേവാനി ശ്രമിക്കുന്നത്. എപ്പോഴും ഇദ്ദേഹം മോദിയെക്കുറിച്ച് നെഗറ്റീവ് മാത്രമാണ് പറയുന്നത്”- അരൂപ് കുമാര്‍ ഡേ പറയുന്നു.
‘പ്രധാനമന്ത്രി മോദി മോദി (നാഥുറാം) ഗോഡ്സെയെ ആരാധിക്കുന്നു, അദ്ദേഹത്തിന് ഗോഡ്സെയാണ് ദൈവം’- എന്ന ട്വീറ്റാണ് ജിഗ്നേഷ് മേവാനിയ്ക്ക് വിനയായത്. ഗുജറാത്തിലെ വര്‍ഗ്ഗീയ കലാപം നടന്ന പ്രദേശത്ത് ഏപ്രില്‍ 20ന് സന്ദര്‍ശിക്കുമ്പോള്‍ ഐക്യത്തിനായി അഭ്യര്‍ത്ഥന നടത്തൂ എന്ന മേവാനിയുടെ ഉപദേശം പ്രദേശത്തെ സമാധാനം തകര്‍ക്കാന്‍ പര്യാപ്തമായ ഒന്നാണെന്ന് അസമില്‍ നിന്നുള്ള പരാതിക്കാരന് ആരോപിക്കുന്നു. കൊക്രജാര്‍ സ്വദേശി അരൂപ് കുമാര്‍ ഡേ ആണ് മേവാനിയ്ക്കെതിരെ ഏപ്രില്‍ 19ന് അസം പൊലീസില്‍ പരാതി നല്‍കിയത്.
ജിഗ്നേഷ് മേവാനിയുടെ ട്വീറ്റ് ഒരു വിഭാഗത്തില്‍പ്പെട്ട ജനങ്ങളെ അക്രമത്തിന് പ്രേരിപ്പിക്കുന്നതാണെന്നും വിവിധ സമുദായങ്ങള്‍ ഇടകലര്‍ന്ന് ജീവിക്കുന്ന പ്രദേശത്തിന്റെ സാമുദായിക ഐക്യം തകര്‍ക്കുന്നതാണെന്നും അരൂപ് കുമാര്‍ ഡേ പരാതിയില്‍ പറയുന്നു. “മോദിയെപ്പോലെ ഒരു പ്രധാനമന്ത്രിയെ ലഭിച്ചത് നമ്മുടെ ഭാഗ്യമാണ്. എന്നാല്‍ മോദിയുടെ പേര് ഈയിടെ ഗുജറാത്തില്‍ നടന്ന കലാപവുമായി ബന്ധപ്പെടുത്താനാണ് ജിഗ്നേഷ് മേവാനി ശ്രമിച്ചത്.”- അരൂപ് കുമാര്‍ ഡേ പറയുന്നു.
പരാതിയെ തുടര്‍ന്ന് ഗുജറാത്തിലെ ബനസ്കാന്ത ജില്ലയിലെ സര്‍ക്യൂട്ട് ഹൗസില്‍ നിന്നാണ് സ്വതന്ത്ര എംഎല്‍എയായ ജിഗ്നേഷ് മേവാനിയെ അസം പൊലീസ് അറസ്റ്റ് ചെയ്തത്. പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കെതിരെ അപകീര്‍ത്തിപരമായ ട്വീറ്റ് ചെയ്തതിന്റെ പേരില്‍ അറസ്റ്റിലായ ഗുജറാത്ത് എംഎല്‍എ ജിഗ്നേഷ് മേവാനിയുടെ ജാമ്യാപേക്ഷ അസമിലെ കൊക്രജാര്‍ കോടതി പിന്നീട് തള്ളിയതോടെ മേവാനി ഇപ്പോള്‍ കസ്റ്റഡിയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: