ഗുവാഹത്തി: കന്നുകാലി കള്ളക്കടത്ത് നടത്തുന്നവര്‍ ജിഹാദി ശൃംഖലയ്ക്ക് ധനസഹായം നല്‍കുന്നതായി കണ്ടെത്തിയെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ. അസമില്‍ മാത്രമല്ല, വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും ജിഹാദി പ്രവര്‍ത്തനങ്ങള്‍ക്ക് ഇക്കൂട്ടര്‍ പണം വാരിയെറിയുകയാണെന്നും ഹിമന്ത പറഞ്ഞു.
കന്നുകാലിക്കടത്ത് എന്നത് കോടികളുടെ അനധികൃത വ്യാപാരമേഖലയാണ്. ഈ അനധികൃതക്കടത്തിന്റെ ഇരകളാണ് അസമും തൊട്ടടുത്ത സംസ്ഥാനങ്ങളും. പശുക്കള്ളക്കടത്ത് റാക്കറ്റുകള്‍ക്കും ജിഹാദി ശൃംഖലകള്‍ക്കും നേരെ അതിശക്തമായ നടപടിയാണ് അസം പൊലീസ് കൈക്കൊള്ളുന്നതെന്ന് ഹിമന്ത പറഞ്ഞു. ഈയടുത്തിടെ ഉത്തര്‍പ്രദേശില്‍ നിന്നുള്ള രണ്ട് അന്താരാഷ്ട്ര കന്നുകാലി കള്ളക്കടത്തുകാരായ അക്ബര്‍, സല്മാന് ബഞ്ജാര എന്നിവരെ വെടിവെച്ച് കൊന്നിരുന്നു.
കന്നുകാലി കള്ളക്കടത്തുകാരെ അധോലോക സായുധ സേനകളാണ് വലിയ ഫീസ് വാങ്ങി സംരക്ഷിക്കുന്നത്. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ കന്നുകാലി കള്ളക്കടത്തുകാര്‍ കള്ളപ്പണം വെളുപ്പിക്കുന്നതിലും മുഴുകുന്നു. ഇങ്ങിനെ കിട്ടുന്ന തുകയില്‍ വലിയൊരു പങ്ക് അവര്‍ തീവ്രവാദ സംഘടനകള്‍ക്ക് നല്‍കുകയാണ്. വെടിയേറ്റ് കൊല്ലപ്പെട്ട അക്ബറും സല്‍മാനും മ്യാന്മറില് നിന്നും അനധികൃത സ്വര്‍ണ്ണം കള്ളക്കടത്ത് നടത്തിയിരുന്നതായി പൊലീസ് വൃത്തങ്ങള്‍ പറയുന്നു. ‘പശു നമ്മുടെ അമ്മയാണ്. അതിനെ അറുക്കുന്നത് നിര്‍ത്തണം. ‘- ഹിമന്ത ബിശ്വ ശര്‍മ്മ പറയുന്നു.
അസമിലെ നാഗോണ്‍ പൊലീസ് ഈയിടെ 58 കന്നുകാലിക്കൂട്ടങ്ങളെയും കണ്ടെത്തി. രണ്ട് പ്രമുഖ കന്നുകാലിക്കടത്തുകാരായ റഫീഖുള്‍ ഹഖ്, മൊഞ്ജുല്‍ ഹഖ് എന്നിവരെ പിടികൂടുകയും ചെയ്തു. അസമിലെ ജഖനബാന്ദ പൊലീസ് അനധികൃതമായി കന്നുകാലികളെ കടത്തിപ്പോകുന്ന മൂന്ന് വാഹനങ്ങളാണ് പിടിച്ചത്. ഏകദേശം 39 കന്നുകാലിസംഘങ്ങളെ പിടികൂടി. നാഗോണ്‍ പൊലീസ് ഈയിടെ ദേശീയ പാതയില്‍ നിന്നും അനധികൃതമായി കടത്താന്‍ ശ്രമിച്ച 19 പശുക്കളെ പിടികൂടി. എന്നാല്‍ കള്ളക്കടത്തുകാര്‍ ഓടി രക്ഷപ്പെട്ടു.
കള്ളക്കടത്തുകാരുടെ ലക്ഷ്യം ബംഗ്ലാദേശ് അറവുശാകള്‍; പ്രതിഫലം ഹവാല റാക്കറ്റ് വഴി
ഇന്ത്യ അതിര്‍ത്തിക്ക് കുറുകെ ബംഗ്ലാദേശിലേക്കും മ്യാന്മറിലേക്കും മറ്റുമുള്ള കന്നുകാലിക്കടത്ത് വന്‍ ബിസിനസ്സാണ്. ദിവസം 5000 മുതല്‍ 15000 കന്നുകാലികളെ വരെ കടത്തുന്നവരുണ്ട്. സാധാരണ പശുമാംസം ഭക്ഷിക്കാന്‍ വടക്കും പടിഞ്ഞാറും സംസ്ഥാനങ്ങളില്‍ നിന്നാണ് കന്നുകാലികളെ മോഷ്ടിച്ച് കടത്തുന്നത്. ഹരിയാന, പഞ്ചാബ്, ഗുജറാത്ത്, ബീഹാര്‍, ഉത്തര്‍പ്രദേശ്, ഒഡീഷ എന്നിവിടങ്ങളില്‍ നിന്നെല്ലാമാണ് കള്ളക്കടത്തുകാര്‍ കന്നുകാലികളെ മോഷ്ടിക്കുന്നത്. അതിര്‍ത്തിയിലെ ബംഗ്ലാ പൊലീസിനും ഇന്ത്യ ഉദ്യോഗസ്ഥര്‍ക്കും കൈക്കൂലി കൊടുത്താണ് ഇവര്‍ കന്നുകാലികളെ കടത്തുന്നത്. പലപ്പോഴും ബംഗ്ലാദേശ് അറവുശാലയിലെത്തുന്ന കന്നുകാലികളുടെ പണം ഹവാല റാക്കറ്റുകള്‍ വഴിയാണ് കൈമാറുന്നത്. ചിലപ്പോള്‍ മയക്കമരുന്നായോ, കള്ള സ്വര്‍ണ്ണമായോ പ്രതിഫലം പറ്റുന്നവരുമുണ്ട്. ഇതാണ് ജിഹാദി പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നത്.
ഒരു വര്‍ഷം കടത്തപ്പെടുന്നത് 15 ലക്ഷം കന്നുകാലികള്‍
ബംഗ്ലാദേശിലെ അറവുശാലയിലേക്ക് ദിവസേന ആയിരക്കണക്കിന് പശുക്കളെ കടത്തപ്പെടുന്നതായി ദി ഇന്‍ഡിപെന്റന്റ് പത്രം നടത്തിയ സര്‍വ്വേയില്‍ പറയുന്നു. ഏകദേശം 15 ലക്ഷം കന്നുകാലികള്‍ ഒരു വര്‍ഷം കടത്തപ്പെടുന്നുണ്ട്. പലപ്പോഴും ക്രിമിനല്‍ സംഘങ്ങളാണ് ഇന്ത്യയില്‍ നിന്നും കന്നുകാലികളെ മോഷ്ടിച്ച് അതിര്‍ത്തി കടത്തുന്നത്. ഇത്തരം സംഘങ്ങള്‍ കോടിക്കണക്കിന് ഡോളറുകള്‍ സമ്പാദിക്കുന്നു.
പഴുതുകളുള്ള അതിര്‍ത്തിയിലൂടെ കടത്തുന്നു
പലപ്പോഴും ഇന്ത്യന്‍ അതിര്‍ത്തിയില്‍ നിറയെ ഓട്ടകളുള്ളതായി പറയപ്പെടുന്ന അസം, ബംഗാള്‍, ത്രിപ എന്നിവിടങ്ങളിലൂടെയാണ് സുഗമമായി കന്നുകാലികളെ കടത്തുന്നത്. ഇതിനാണ് ഇപ്പോള്‍ അസം മുഖ്യമന്ത്രി ശക്തമായ നടപടിയെടുക്കുന്നത്. ഇന്ത്യയും ബംഗ്ലാദേശും തമ്മില്‍ 4000 കിലോമീറ്റര്‍ അതിര്‍ത്തിപ്രദേശം പങ്കിടുന്നു. ഇവിടെ നദികളും കുന്നുകളും ഹൈവേകളും ഗ്രാമീണ റോഡുകളുമാണ്. ഈ അതിര്‍ത്തിയില്‍ കര്‍ശനമായ നിയന്ത്രണങ്ങളില്ലാത്തതിനാല്‍ ആളുകള്‍ക്കും ചരക്കുകള്‍ക്കും അനായാസം കടന്നുപോകാനാവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: