ഹുബ്ലി: ഹുബ്ലി പൊലീസ് സ്റ്റേഷനിലേക്ക് ആള്‍ക്കൂട്ടത്തെ കലാപത്തിനായി എത്തിച്ച മതപുരോഹിതനായ വാസിം പത്താനെ അഞ്ച് ദിവസം ചോദ്യം ചെയ്യലിനായി പൊലീസ് കസ്റ്റഡിയില്‍ വിട്ട് ഹുബ്ലി ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ഫസ്റ്റ് ക്ലാസ് കോടതി ഉത്തരവായി. പള്ളിയില്‍ കാവിക്കൊടി പറക്കുന്നതായുള്ള വ്യാജ സമൂഹമാധ്യമ പോസ്റ്റ് കാണിച്ചാണ് വാസിം പത്താന് പ്രദേശത്തെ മുസ്ലിം യുവാക്കളെ കലാപത്തിനായി പഴയ ഹുബ്ലി പൊലീസ് സ്റ്റേഷനിലേക്കെത്തിച്ചത്.
വാസിം പത്താന് ഒരു വാഹനത്തിന് മുകളില്‍ കയറിയിരുന്ന് അണികളോട് പ്രകോപനപരമായ പ്രസംഗം നടത്തിയതായി കണ്ടവരുണ്ട്. ഒരു കോണ്‍ഗ്രസ് നേതാവിന്റെ അടുത്തിരുന്നാണ് വാസിം പത്താന് വെറിപ്രസംഗം നടത്തിയതെന്ന് പറയുന്നു. ഇതിന്റെ ഫോട്ടോകളും പ്രചരിക്കുന്നുണ്ട്. ഇത് കര്‍ണ്ണാടകയില്‍ വര്‍ഗ്ഗീയ കലാപം സൃഷ്ടിക്കുന്നതിലുള്ള കോണ്‍ഗ്രസിന്റെ പങ്കാണ് പുറത്ത് കൊണ്ട് വരുന്നത്. തുടര്‍ന്ന് നിയന്ത്രണം വിട്ട ആള്‍ക്കൂട്ടം നിരവധി പൊലീസ് വാഹനങ്ങള്‍ നശിപ്പിച്ചു. 12 പൊലീസുകാര്‍ക്ക് പരിക്കേറ്റു. പൊലീസ് സ്റ്റേഷന് അടുത്തുള്ള ഒരു ക്ഷേത്രവും ആശുപത്രിയും ഈ അക്രമാസക്തരായ ജനക്കൂട്ടം ആക്രമിച്ചു. പ്രതിയായ വാസിം പത്താനെ കണ്ടെത്തിയത് മുംബൈയില്‍ നിന്നാണെന്നത് ഈ കലാപം സംസ്ഥാനാന്തര ഗൂഢാലോചനയുടെ ഭാഗമാണോ എന്നും സംശയിക്കപ്പെടുന്നു.
ഈ കലാപത്തിന് പിന്നില്‍ വ്യക്തമായി ചില സംഘടനകളുടെ ആസൂത്രണമുള്ളതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഈ സംഘടനകള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് പൊലീസ് പറയുന്നു. ഇതുവരെ 134 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഹനുമാന് ജയന്തിയോടനുബന്ധിച്ച് നടന്ന ചില സംഘര്‍ഷങ്ങളും ഇതിന് മുന്നോടിയായി നടന്നിരുന്നു. അതുപോലെ ഒരു മുസ്ലിം വൃദ്ധന്റെ തണ്ണിമത്തന് നശിപ്പിക്കുന്ന ഒരു വീഡിയോ വൈറലായിരുന്നു. ഇതിന് പിന്നില്‍ കര്‍ണ്ണാടകയിലെ കോണ്‍ഗ്രസിന്റെ ആസൂത്രിത നീക്കമാണെന്ന് ബിജെപി ആരോപിക്കുന്നു. പക്ഷെ ഈ വീഡിയോ വൈറലായത് സംഘര്‍ഷ സാധ്യത വര്‍ധിപ്പിച്ചിരുന്നു.
1980കളിലും ’90 കളിലും വര്‍ഗ്ഗീയ സംഘര്‍ഷം നടന്ന പ്രദേശമാണ് ഹുബ്ലി. ഹുബ്ലിയിലെ ഇദ്ഗാ മൈതാനം പണ്ട് മുസ്ലിങ്ങള്‍ സ്ഥിരം പ്രാര്‍ത്ഥന നടത്തിയ സ്ഥലമായിരുന്നു. എന്നാല്‍ പിന്നീട് അഞ്ജുമാന്‍-ഇ-ഇസ്ലാം എന്ന സംഘടന ഈ മൈതാനത്തിന്റെ ഉടമസ്ഥാവകാശം ഉന്നയിച്ചതോടെ വലിയ സംഘര്‍ഷമുണ്ടായി. വര്‍ഷങ്ങളോളം കേസ് നടന്നു. 1994ല്‍ ബിജെപിയുടെ നേതൃത്വത്തില്‍ ഈദ്ഗാഹ് മൈതാനത്ത് ത്രിവര്‍ണ്ണപ്പതാക ഉയര്‍ത്തിയത് വലിയ സംഘര്‍ഷങ്ങള്‍ക്ക് കാരണമായി. ഒരു കര്‍ഫ്യൂവിനിടയിലായിരുന്നു ബിജെപി ഇത് സാധിച്ചെടുത്തത്. ആറ് പേര് അന്നത്തെ കലാപത്തില്‍ കൊല്ലപ്പെട്ടു. അതോടെ ബിജെപിയുടെ സ്വാധീനം ഈ മേഖലയില്‍ വര്‍ധിച്ചു. ഇപ്പോള്‍ അതിനെതിരെ ചില മൗലികവാദ സംഘടനകളുടെ നേതൃത്വത്തില്‍ കലാപത്തിന് നീക്കം നടക്കുകയാണ്. എന്തായാലും പൊലീസ് ഇവിടെ അതീവ ജാഗ്രത പുലര്‍ത്തുന്നതിനാല്‍ കാര്യങ്ങള്‍ കൈവിട്ടുപോകുന്നില്ലെങ്കിലും അസ്വസ്ഥത നിറഞ്ഞ ശാന്തതയാണ് ഇവിടെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: