ന്യൂദല്‍ഹി: ഇന്ത്യയില്‍ കോടികളുടെ തട്ടിപ്പ് നടത്തി ബ്രിട്ടണില്‍ കഴിയുന്ന വിജയ് മല്യയെയും നീരവ് മോദിയെയും കൈമാറാന്‍ തയാറെന്ന് ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോണ്സണ്. വിചാരണയ്ക്കായി ഇരെ ഉടന്‍ തന്നെ മടക്കിയയക്കും. ഇന്ത്യന്‍ നിയമത്തെ വെട്ടിക്കാനായി ബ്രിട്ടനെ ഉപയോഗിക്കുന്നവരെ സ്വാഗതം ചെയ്യില്ലെന്നും ബോറിസ് ജോണ്സണ് വ്യക്തമാക്കി. ഖലിസ്ഥാന്‍വാദികളെ ഉള്‍പ്പെടെ നേരിടാനായി കര്‍മസേന രൂപീകരിച്ചിട്ടുണ്ടെന്നും ഇത്തരക്കാരോട് വിട്ടുവീഴ്ചയില്ലെന്നും ബോറിസ് വ്യക്തമാക്കി.
ഇന്ത്യയും യുകെയും തമ്മിലുള്ള ബന്ധം ഇപ്പോള്‍ ചരിത്രത്തിലെ ഏറ്റവും ഊഷ്മളമായ അവസ്ഥയിലെന്നും അദേഹം പറഞ്ഞു. പ്രതിസന്ധിയുടെ കാലഘട്ടത്തില്‍ ഇന്ത്യ യുകെ ബന്ധം പ്രതീക്ഷ നല്‍കുന്നതാണ്. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ഇപ്പോഴാണ് ഏറ്റവും മികച്ച അവസ്ഥയിലുള്ളത്. തനിക്ക് ഇന്ത്യ നല്കിയ സ്വീകരണത്തിന് നന്ദി അറിയിക്കുന്നതായി ബോറിസ് ജോണ്സണ് പറഞ്ഞു.
ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം വളര്‍ത്തിയെടുക്കുന്നതുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടത്തി. ഇതോടൊപ്പം വ്യാപാര, വാണിജ്യ, പ്രതിരോധ മേഖല, ഇന്‍ഡോ പസഫിക് മേഖലയിലെ സുരക്ഷ എന്നിവ സംബന്ധിച്ചും ഇരു രാജ്യങ്ങളും ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കുന്നതിനും ഇരു നേതാക്കളും ചര്‍ച്ച ചെയ്യും. ബോറിസ് ജോണ്‍സനും മോദിയും തമ്മിലുള്ള ചര്‍ച്ച പുരോഗമിക്കുകയാണ്.
ബ്രിട്ടിഷ് പ്രധാനമന്ത്രി രാഷ്ട്രപിതാവ് മഹാത്മഗാന്ധി അന്ത്യവിശ്രമംകൊള്ളുന്ന രാജ്ഘട്ടിലെത്തി ആദരമര്‍പ്പിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള പുതിയ വ്യാപാര കരാറുകളിലും ഇരു രാജ്യങ്ങളും ഒപ്പുവെച്ചേക്കും. ഇത് പ്രാവര്‍ത്തികമാവുന്നതോടെ 11,000 പേര്‍ക്ക് തൊഴില്‍ അവസരങ്ങള്‍ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വ്യാഴാഴ്ച എത്തിയ ബോറിസ് ജോണ്‍സണെ കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖര്‍ വിമാനത്താവളത്തില്‍ സ്വീകരിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പുറമേ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായും ഉന്നതതല പ്രതിനിധികളുമായും ബോറിസ് ജോണ്സണ് ചര്‍ച്ച നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: