അടിമാലി : സാധുവല്ലാത്തതിനാല്‍ നിയമ നടപടി നേരിടുന്ന പട്ടയ ഭൂമിയിലെ റിസോര്‍ട്ട് ലീസിന് നല്‍കി കബളിപ്പിച്ചെന്നാരോപിച്ച് നടന്‍ ബാബുരാജിനെതിരെ കേസെടുത്തു. കോതമംഗലം തലക്കോട് സ്വദേശിയായ വ്യവസായി അരുണ്‍ കുമാറാണ് പരാതി നല്‍കിയിരിക്കുന്നത്. മൂന്നാറില്‍ റവന്യൂ വകുപ്പ് നടപടി നേരിടുന്ന ഭൂമിയിലെ റിസോര്‍ട്ട് ഇക്കാര്യം മനപ്പൂര്‍വ്വം മറച്ചുവെച്ച് പാട്ടത്തിന് നല്‍കിയെന്നാണ് ആരോപണം.
മൂന്നാര്‍ കമ്പിലൈനില്‍ ബാബുരാജിന്റെ ഉടമസ്ഥതയിലുള്ള വൈറ്റ് മിസ്റ്റ് റിസോര്‍ട്ടുമായി ബന്ധപ്പെട്ടാണ് അരുണ്‍കുമാറിന്റെ പരാതി. 2020 ജനുവരിയിലാണ് അരുണ്‍ ഈ റിസോര്‍ട്ട് നാല്‍പ്പത് ലക്ഷം കരുതല്‍ ധനം നല്‍കി ബാബുരാജില്‍ നിന്നും ലീസിന് എടുക്കുന്നത്. പിന്നീട് കോവിഡ് മൂലം അടച്ചുപൂട്ടല്‍ പ്രഖ്യാപിച്ചതോടെ റിസോര്‍ട്ട് ഒരു ദിവസം പോലും തുറക്കാനായില്ല.
കോവിഡ് ഇളവുകള്‍ പ്രഖ്യാപിച്ചതോടെ 2021ല്‍ റിസോര്‍ട്ട് തുറക്കാനുള്ള നടപടികള്‍ ആരംഭിച്ചതോടെയാണ് നിയമ പ്രശ്‌നങ്ങള്‍ അറിയുന്നത്. ലൈസന്‍സിനായി പള്ളിവാസല്‍ പഞ്ചായത്തില്‍ നല്‍കിയ അപേക്ഷയില്‍ റിസോര്‍ട്ട് ഇരിക്കുന്ന ഭൂമിയുടെ പട്ടയം സാധുവല്ലെന്നും ഈ ഭൂമി വര്‍ഷങ്ങള്‍ക്ക് മുന്‍പ് റവന്യുവകുപ്പ് നടപടി സ്വീകരിച്ചതാണെന്നും ലൈസന്‍സ് നല്‍കാന്‍ കഴിയില്ലെന്നും മറുപടി നല്‍കുകയായിരുന്നു. മൂന്നാര്‍ ആനവിരട്ടി കമ്പിലൈന്‍ ഭാഗത്ത് 22 കെട്ടിടങ്ങള്‍ ഉള്‍പ്പെടുന്നതാണ് നടന്‍ നടത്തിവന്നിരുന്ന വൈറ്റ് മിസ്റ്റ് മൗണ്ടന്‍ ക്ലബ്ബ്. ഇതില്‍ അഞ്ചുകെട്ടിടങ്ങള്‍ക്ക് മാത്രമാണ് പള്ളിവാസല്‍ പഞ്ചായത്ത് നമ്പറിട്ട് നല്‍കിയിട്ടുള്ളത്. റിസോര്‍ട്ട് ഇരിക്കുന്ന ഭാഗത്ത് അനുമതി ഇതുവരെ നല്‍കിയിട്ടില്ല.
2018-ലും 2020-ലും രണ്ടുതവണ റവന്യൂവകുപ്പ് കുടി ഒഴിപ്പിക്കല്‍ നോട്ടീസ് നല്‍കിയിരുന്നെന്നും ഇതും മറച്ചുവെച്ചാണ് ബാബുരാജ് റിസോര്‍ട്ട് ലീസിന് നല്‍കിയത്. ഇതോടെ ബാബുരാജിന് നല്‍കിയ 40 ലക്ഷം രൂപ അരുണ്‍ തിരികെ ആവശ്യപ്പെട്ടു. എന്നാല്‍ പല അവധി പറഞ്ഞ് ഒഴിവാകുകയായിരുന്നു. തുടര്‍ന്ന് അരുണ്‍ കഴിഞ്ഞ മാര്‍ച്ചില്‍ അടിമാലി കോടതിയില്‍ ബാബുരാജ് തന്നെ വഞ്ചിച്ചെന്ന് കാണിച്ച് പരാതി നല്‍കി. പരാതി സ്വീകരിച്ച കോടതി അടിമാലി പോലീസിനോട് വഞ്ചനാ കുറ്റത്തിന് കേസ് എടുക്കാന്‍ നിര്‍ദ്ദേശിച്ചു.
പോലീസ് അന്നുതന്നെ കേസ് രജിസ്റ്റര്‍ ചെയ്‌തെങ്കിലും അന്വേഷണമുണ്ടായില്ല. ഇതോടെ വീണ്ടും അരുണ്‍ കോടതിയെ സമീപിക്കുകയായിരുന്നു. എന്നാല്‍ ബാബുരാജിനോട് രണ്ടുതവണ ഹാജരാകാന്‍ ആവശ്യപ്പെട്ടപ്പോഴും വന്നില്ലെന്നാണ് അടിമാലി പോലീസിന്റെ വിശദീകരണം നല്‍കിയിരിക്കുന്നത്. അതേസമയം ലീസിന് നല്‍കിയ ശേഷമുള്ള 11 മാസത്ത വാകയായ മൂന്നുലക്ഷം രൂപയും ജോലിക്കാരുടെ ശമ്പളവും നല്‍കിയിട്ടില്ല. ഇത് കണക്കാക്കുമ്പോള്‍ 40 ലക്ഷം തിരിച്ചുകൊടുക്കേണ്ടതില്ല. എഫ്‌ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ടെന്നുമാണ് ബാബുരാജ് വിഷയത്തില്‍ പ്രതികരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: