എസ്. ശ്രീനിവാസ് അയ്യര്‍
1197 മേടം 16ന്, (2022 ഏപ്രില്‍ 29ന്) ശനി മകരം രാശിയില്‍ നിന്നും കുംഭം രാശിയിലേക്ക് പകരുകയാണ്.
വാസ്തവത്തില്‍ ഇതൊരു ഹ്രസ്വസഞ്ചാരമാണ്. രണ്ടരവര്‍ഷമാണ്, നിയമേന ഒരു രാശിയില്‍ ശനിയുണ്ടാവുക. മകരത്തില്‍ ശനി വന്നിട്ട് അത്രയും കാലമായിട്ടില്ല. അതിനാല്‍ ഇതിനെ സാങ്കേതികഭാഷയില്‍, ‘അതിചാരം’ എന്നുപറയുന്നു. ഇനി പ്രവേശിക്കുവാന്‍ പോകുന്ന കുംഭം രാശിയിലും ശനി നിശ്ചിതകാലം തികയ്‌ക്കുന്നില്ല. വെറും രണ്ടര മാസക്കാലമാണ് കുംഭത്തില്‍ ഉണ്ടാവുക (കഷ്ടിച്ച് 75 ദിവസം മാത്രം). മിഥുനം 28 ന് (ജൂലൈ 12 ന്) വീണ്ടും മകരത്തിലേക്ക് ശനി മടങ്ങുന്നു. കുംഭത്തിലേക്ക് വന്നത് അതിചാരം എന്നും തിരികെ മകരത്തിലേക്കുളള പോക്ക് ‘വക്രം’എന്നും അറിയപ്പെടുന്നു.
ശനിയുമായി ബന്ധപ്പെട്ട ചില ദുര്‍ഘടപദങ്ങളാണ്, ഏഴരശനി, അഷ്ടമശനി, കണ്ടകശനി തുടങ്ങിയവ. ഏതൊക്കെ രാശിക്കാരെ ഇവ ബാധിക്കുന്നുവെന്ന് നോക്കാം.
ധനുക്കൂറില്‍ (മൂലം, പൂരാടം, ഉത്രാടം കാല്‍) ജനിച്ചവര്‍ക്ക് ഇതോടെ ഏഴരശനി മാറുന്നു. ഓരോ രാശിയിലും ശനി രണ്ടരവര്‍ഷക്കാലം ഉണ്ടാവുമെന്ന് പറഞ്ഞല്ലോ. ജന്മരാശിയുടെ പന്ത്രണ്ടാം രാശിയിലും, ജന്മരാശിയിലും പിന്നെ അതിന്റെ രണ്ടാം രാശിയിലും ശനി തുടര്‍ച്ചയായി സഞ്ചരിക്കുന്ന ഏഴരവര്‍ഷങ്ങളെയാണ് (രണ്ടരവര്‍ഷം വീതം മൂന്നു രാശികളില്‍) ‘ഏഴരശനി’ എന്നുപറയുന്നത്. വൃശ്ചികം, ധനു, മകരം എന്നീ മൂന്നു രാശികളില്‍ ശനി തുടര്‍ച്ചയായി സഞ്ചരിച്ച ഏഴരവര്‍ഷങ്ങളാണ് ധനുക്കൂറുകാരുടെ ഏഴരശനിക്കാലം.
മീനക്കൂറില്‍ (പൂരുട്ടാതി നാലാം പാദം, ഉത്രട്ടാതി, രേവതി) ജനിച്ചവര്‍ക്ക് ഏഴരശനിയുടെ ആരംഭവുമാണ്. (കുംഭം, മീനം, മേടം എന്നിവയിലെ ശനി സഞ്ചാരകാലമായ ഏഴരവര്‍ഷങ്ങളാണ്, മീനക്കൂറുകാരുടെ ഏഴരശനിക്കാലം. മകരക്കൂറുകാര്‍ക്ക് (ഉത്രാടം മുക്കാല്‍, തിരുവോണം, അവിട്ടം 1,2 പാദങ്ങള്‍) ഏഴരശനി തുടരുകയാണ്. (ശനി ധനു, മകരം, കുംഭം രാശികളിലൂടെ കടന്നുപോകുന്ന ഏഴരവര്‍ഷങ്ങളാണ് മകരക്കൂറുകാരുടെ ഏഴരശനിക്കാലം.)
ജന്മശനി എന്നത് ഏഴരശനിയിലെ നടുവിലെ, മദ്ധ്യത്തിലെ രണ്ടര വര്‍ഷക്കാലമാണ്. ശനി മകരത്തില്‍ എത്തിയതു മുതല്‍ ഏഴരശനി തുടങ്ങിയ കുംഭക്കൂറുകാര്‍ക്ക് (അവിട്ടം 3,4 പാദങ്ങള്‍, ചതയം, പൂരുട്ടാതി 1,2,3 പാദങ്ങള്‍) ഇപ്പോള്‍ ശനി കുംഭം രാശിയിലേക്ക് പ്രവേശിക്കുമ്പോള്‍ ജന്മശനിയുടെ കാലമാണ്. ജനിച്ചകൂറ് കേന്ദ്രസ്ഥാനമാകയാല്‍ കുംഭക്കൂറുകാര്‍ക്ക് ജന്മശനിക്കൊപ്പം കണ്ടകശനിയും ബാധിച്ചിരിക്കുകയാണ്.
അഷ്ടമശനി എന്നാല്‍ എട്ടാം കൂറിലെ ശനി എന്നര്‍ത്ഥം. കര്‍ക്കടകക്കൂറില്‍ (പുണര്‍തം നാലാംപാദം, പൂയം, ആയില്യം) ജനിച്ചവര്‍ക്ക് കുംഭശ്ശനി അഷ്ടമശനിയാണ്.
കണ്ടകം എന്ന വാക്കിന് പലതരം അര്‍ത്ഥം പറഞ്ഞുകേള്‍ക്കാറുണ്ട്. കേന്ദ്രഭാവങ്ങളെ (ജനിച്ച് കൂറ് ഒന്നാമെടം, അതുതൊട്ട് എണ്ണിയാല്‍ വരുന്ന 4,7,10 എന്നിവ) കണ്ടകസ്ഥാനങ്ങള്‍ എന്ന് കണക്കാക്കുന്നു. അങ്ങനെ നോക്കുമ്പോള്‍ വൃശ്ചികക്കൂറില്‍ (വിശാഖം നാലാം പാദം, അനിഴം, തൃക്കേട്ട) ജനിച്ചവര്‍ക്കും, ചിങ്ങക്കൂറില്‍ (മകം, പൂരം, ഉത്രം കാല്‍) ജനിച്ചവര്‍ക്കും, ഇടവക്കൂറില്‍ (കാര്‍ത്തിക മുക്കാല്‍, രോഹിണി, മകയിരം അര) ജനിച്ചവര്‍ക്കും , യഥാക്രമം അവരുടെ ജന്മരാശിയുടെ 4,7,10 ഭാവങ്ങളില്‍ ശനി സഞ്ചരിക്കുകയാല്‍ ഇത് കണ്ടകശ്ശനിയുടെ കാലമത്രെ!
ഏഴരശനിയും കണ്ടകശ്ശനിയും അഷ്ടമശനിയുമെല്ലാം ഏതെങ്കിലും തരത്തില്‍ ക്ലേശങ്ങള്‍ക്ക് കാരണമാകുമെന്നാണ് അഭിജ്ഞമതം. പ്രയത്‌നം കഠിനമായിരുന്നാല്‍ കൂടി അര്‍ഹിക്കുന്ന മൂല്യം കിട്ടാതെ വരുന്ന കാലവുമാണ് എന്നും പ്രമാണ ഗ്രന്ഥങ്ങളിലുണ്ട്. ജന്മത്തിലും രണ്ടിലും നാലിലും ഏഴിലും എട്ടിലും പത്തിലും പന്ത്രണ്ടിലും നില്‍ക്കുന്ന ശനി ഒരേതരത്തിലുള്ള ഫലങ്ങള്‍ക്കല്ല, കാരണമാകുക എന്നത് പ്രത്യേകം ഓര്‍മ്മിക്കേണ്ട വസ്തുതയാണ്. എന്നാലും ഇവയെല്ലാം ശനിപ്പിഴ/ഗ്രഹപ്പിഴ എന്ന വിധത്തില്‍ തന്നെയാണ് ഉള്‍ക്കൊള്ളേണ്ടതും. ആകയാല്‍ എല്ലാ കാര്യങ്ങളിലും ജാഗ്രത വേണ്ട സമയമാണ്. ദൈവ സമര്‍പ്പണത്തോടെയുള്ള ജീവിതചര്യയും പുലര്‍ത്തണമെന്നത്രെ ദൈവജ്ഞോപദേശം.
തുലാക്കൂറില്‍ (ചിത്തിര 2,3 പാദങ്ങള്‍, ചോതി, വിശാഖം മുക്കാല്‍) ജനിച്ചവര്‍ക്ക് ശനി അഞ്ചാം ഭാവത്തിലും മിഥുനക്കൂറില്‍ (മകയിരം 3,4 പാദങ്ങള്‍, തിരുവാതിര, പുണര്‍തം മുക്കാല്‍) ജനിച്ചവര്‍ക്ക് ശനി ഒമ്പതാം ഭാവത്തിലുമാണ്. ഈ രണ്ടു കൂറുകളിലുള്ളവര്‍ക്ക് ഗുണദോഷ സമ്മിശ്രമായ ഫലങ്ങളാവും ശനിയില്‍ നിന്നും ഇപ്പോള്‍ പ്രതീക്ഷിക്കാന്‍ കഴിയുക.
അപ്പോള്‍ പിന്നെ ശനിമാറ്റം നല്ലഫലങ്ങള്‍ സൃഷ്ടിക്കുക ആര്‍ക്കാവും എന്ന ചോദ്യം സംഗതമാകുന്നു. ഏതു രാശിക്കാരൊക്കെയാണ് ഈ ശനിമാറ്റത്തിന്റെ യഥാര്‍ത്ഥ ഗുണഭോക്താക്കള്‍?
ഗോചരാല്‍ 3,6,11 എന്നീ ഭാവങ്ങളില്‍ സഞ്ചരിക്കുന്ന ശനി സല്‍ഫലങ്ങള്‍ സൃഷ്ടിക്കും. അവരാണ് ശനിദോഷം ഏല്‍ക്കാതെ സുരക്ഷിതരായിരിക്കുന്നവര്‍. ആ തരത്തിലും വിലയിരുത്താം.
ധനുക്കൂറില്‍ (മൂലം, പൂരാടം, ഉത്രാടം ഒന്നാംപാദം) ജനിച്ചവര്‍ക്ക് ശനി മൂന്നാംഭാവത്തിലും, കന്നിക്കൂറില്‍ (ഉത്രം മുക്കാല്‍, അത്തം, ചിത്തിര 1,2 പാദങ്ങള്‍) ജനിച്ചവര്‍ക്ക് ശനി ആറാംഭാവത്തിലും, മേടക്കൂറില്‍ (അശ്വതി, ഭരണി, കാര്‍ത്തിക ഒന്നാംപാദം) ജനിച്ചവര്‍ക്ക് ശനി പതിനൊന്നാം ഭാവത്തിലും ആയി നിലകൊള്ളുന്നു. നിയമപ്രകാരം കുംഭത്തിലേക്കുള്ള ശനിപ്പകര്‍ച്ചയുടെ യഥാര്‍ത്ഥ പ്രയോജനവും മെച്ചവും ലഭിക്കുന്നത് ഈ മൂന്നു കൂറുകാര്‍ക്കുമാണ്. അവരുടെ യത്‌നങ്ങള്‍ ലക്ഷ്യത്തിലെത്തുകയും ന്യായമായ ആഗ്രഹങ്ങള്‍ നിറവേറപ്പെടുകയും ചെയ്യുന്ന കാലമായിരിക്കും.
കുംഭം രാശി ശനിയുടെ മൂലക്ഷേത്രമാണ്. ബലവാനാണ് ഏതു ഗ്രഹവും മൂലക്ഷേത്രത്തില്‍. ഉച്ചത്തിനെക്കാള്‍ ചില ഗ്രഹങ്ങള്‍ മൂലക്ഷേത്രത്തില്‍ ഉന്നത ഫലദാതാക്കളാകും. ശനിയുടെ തമഃശക്തിയും അശുഭത്വവും കുംഭം രാശിയില്‍ വളരെ കുറയുന്നു. അതിനാല്‍ കുംഭം ദോഷസ്ഥാനമായിട്ടുള്ളപ്പോള്‍ പോലും (ജന്മരാശി, എട്ടാമെടം, പന്ത്രണ്ടാമെടം) അതിന്റെ തീവ്രതയും തീക്ഷ്ണതയും കുറയുന്നുവെന്നതാണ് സത്യം. അതുപോലെ സല്‍ഭാവങ്ങളിലാണ് ഈ ശനി നില്‍ക്കുന്നതെങ്കില്‍ (3,6,11) നേട്ടങ്ങള്‍ ദ്വിഗുണീഭവിക്കുകയും ചെയ്യും.
അതിചാരം, വക്രം തുടങ്ങിയ പ്രത്യേകതകളുള്ള ശനി ദോഷം ചെയ്യുമോ/ഗുണകര്‍ത്താവാണോ എന്നതൊക്കെ പണ്ഡിതന്മാര്‍ക്കിടയില്‍ ഭിന്നപക്ഷങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. അതും ഈ സന്ദര്‍ഭത്തില്‍ സ്മരണീയമാണ്.
നവഗ്രഹങ്ങളില്‍, പ്രാധാന്യം കൂടുതലായിരിക്കാം, എന്നാലും ശനി ഒമ്പതില്‍ ഒരു ഗ്രഹം മാത്രമാണ്. മറ്റുഗ്രഹങ്ങളുടെ സ്ഥിതി കൂടി പരിഗണിക്കുമ്പോഴാണ് കൃത്യഫലങ്ങള്‍ ഉണ്ടാവുക. വ്യക്തിയുടെ ജാതകമനുസരിച്ചുള്ള ദശാപഹാരഫലങ്ങള്‍ കൂടുതല്‍ പ്രാധാന്യമുള്ള താണ്. ഗോചരഫലങ്ങള്‍ ചിന്തിക്കുമ്പോള്‍ സ്വന്തം ഗ്രഹനില/ജാതകം അനുസരിച്ച് ഇപ്പോള്‍ കാലം അനുകൂലമാണോ പ്രതികൂലമാണോ എന്നതും ഏറ്റവും ശ്രദ്ധാപൂര്‍വം ചിന്തിക്കേണ്ട വിഷയമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: