ന്യൂദല്‍ഹി: പൗരത്വ ബില്ലിനെതിരെ നടന്ന പ്രക്ഷോഭത്തിന്റെ തുടര്‍ച്ചയായി വടക്ക് കിഴക്കന്‍ ദല്‍ഹിയില്‍ 2020ല്‍ നടന്ന വര്‍ഗ്ഗീയ കലാപത്തിന് കാരണമായ ഉമര്‍ ഖാലിദിന്റെ പ്രസംഗത്തില്‍ വിദ്വേഷപരാമര്‍ശം ഉണ്ടായിരുന്നുവെന്ന് അഭിപ്രായപ്പെട്ട് ദല്‍ഹി ഹൈക്കോടതി. ഉമര്‍ ഖാലിദ് 2020 ഫിബ്രവരിയില്‍ അമരാവതിയില്‍ നടത്തിയ പ്രസംഗം വിദ്വേഷപരവും നിന്ദ്യവും പ്രകോപനപരവും ആണെന്നാണ് ദല്‍ഹി ഹൈക്കോടതി വെള്ളിയാഴ്ച വിലയിരുത്തിയത്.
ഉമര്‍ ഖാലിദിന്റെ അമരാവതിയിലെ പ്രസംഗം ദല്‍ഹിയില്‍ വര്‍ഗ്ഗീയ കലാപത്തിലേക്ക് നയിച്ച ഗൂഢാലോചനയുടെ ഭാഗമാണെന്ന് ഇദ്ദേഹത്തിനെതിരെ പൊലീസ് സമര്‍പ്പിച്ച കുറ്റപത്രം ആരോപിക്കുന്നു. ‘ഇത് പ്രകോപനപരമാണ്, നിന്ദ്യവുമാണ്. താങ്കള്‍ക്ക് അങ്ങിനെ തോന്നുന്നില്ലേ? ഇതിലെ പ്രയോഗങ്ങള്‍ അങ്ങേയറ്റം ആളുകളെ പ്രകോപിപ്പിക്കാനുള്ളതാണെന്ന് തോന്നുന്നില്ലെ? നിങ്ങളുടെ പൂര്‍വ്വീകര്‍(ഹിന്ദുക്കള്‍) ബ്രിട്ടീഷുകാരുമായി ഇടപാടു നടത്തുന്നവരായിരുന്നില്ലേ…എന്ന പ്രയോഗം അങ്ങേയറ്റം പ്രകോപനപരമല്ലേ? ഈ പ്രയോഗം തനിയെ എടുത്ത് പരിശോധിച്ചാല്‍ അങ്ങേയറ്റം പ്രകോപനപരമാണ്. ഇത് ആദ്യമായല്ല താങ്കള്‍ പ്രസംഗിക്കുന്നത്. ഈ പ്രസംഗത്തില്‍ അഞ്ച് തവണ താങ്കള്‍ ഈ പ്രയോഗം ആവര്‍ത്തിച്ചിട്ടുണ്ട്. താങ്കള്‍ പറയുന്നത് കേട്ടാല്‍ ഒരു സമുദായം മാത്രമേ ഇന്ത്യയില്‍ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയിട്ടുള്ളൂ എന്ന് തോന്നും,’- ഹിന്ദുക്കളെ അടിമുടി പുച്ഛിക്കുന്ന തരത്തിലുള്ള ഉമര്‍ ഖാലിദിന്റെ പ്രസംഗത്തെക്കുറിച്ച് ദല്‍ഹി ഹൈക്കടോതി ഡിവിഷന് ബെഞ്ച് ജഡ്ജിമാരായ സിദ്ധാര്‍ത്ഥ് മൃദുലും രജ്നീഷ് ഭട്ട്നഗറും ചോദിക്കുന്നു.
ഇതിന് തൊട്ട് മുന്‍പ് ഉമര്‍ ഖാലിദിന്റെ അഭിഭാഷകന് വിവാദ പ്രസംഗത്തിന്റെ ഉള്ളടക്കം കോടതിയെ ധരിപ്പിച്ചിരുന്നു. ഉമര്‍ ഖാലിദിന്റെ ജാമ്യം കീഴ്ക്കോടതി തള്ളിയതിനെതിരായുള്ള അപ്പീല്‍ വാദം കേള്‍ക്കുകയായിരുന്നു ദല്‍ഹി ഹൈക്കോടതി. ‘ഇത് മതവിഭാഗങ്ങള്‍ തമ്മില്‍ സ്പര്‍ദ്ധ വളര്‍ത്തുമെന്നറിയില്ലേ? ഗാന്ധിജി എപ്പോഴെങ്കിലും ഇത്തരം ഒരു ഭാഷ ഉപയോഗിച്ചിട്ടുണ്ടോ? ഭഗത് സിങ്ങ് ഇംഗ്ലീഷുകാര്‍ക്കെതിരെ പ്രസംഗിക്കുമ്പോഴും ഇങ്ങിനെയൊരു ഭാഷ ഉപയോഗിച്ചിട്ടുണ്ടോ? ഇന്ത്യക്കാരെയും അവരുടെ പൂര്‍വ്വീകരേയും കുറിച്ച് ഇതുപോലെ സമചിത്തതയില്ലാത്ത വാക്കുകള്‍ ഉപയോഗിക്കാനാണോ ഗാന്ധിജി പഠിപ്പിച്ചത്? സ്വതന്ത്രമായ അഭിപ്രായപ്രകടനത്തിന് ഞങ്ങള്‍ എതിരല്ല. പക്ഷെ എന്താണ് താങ്കള്‍ പറഞ്ഞുകൊണ്ടിരിക്കുന്നത്? ‘- ദല്‍ഹി ഹൈക്കോടതി ചോദിക്കുന്നു.
ഇത് വ്യക്തിയുടെ അഭിപ്രായമാണ് പ്രസംഗത്തില്‍ പറയാനുദ്ദേശിച്ചതെന്നും ഇതില്‍ പ്രകോപത്തിന്റെ വിഷയമുദിക്കുന്നില്ലെന്നും ഇതിന് ശേഷം പൊതുജനത്തിനിടയില്‍ യാതൊരു പ്രകോപനവും ഉണ്ടായിട്ടില്ലെന്നും ഉമര്‍ ഖാലിദിന് വേണ്ടി വാദിച്ച സീനിയര്‍ അഭിഭാഷകന് അഡ്വ. തൃദീപ് പൈസ് പറഞ്ഞു. എന്നാല്‍ സ്വതന്ത്രമായ അഭിപ്രായപ്രകടനം ഇത്രയ്ക്ക് നിന്ദ്യമായ പ്രസ്താവനകള്‍ നടത്തുന്ന തലം വരെ പോകാമോ എന്ന് ഹൈക്കോടതി ഡിവിഷന് ബെഞ്ച് ചോദിച്ചു. ഈ അഭിപ്രായപ്രകടനം ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 153 എ, 153 ബി എന്നീ വകുപ്പുകള്‍ പ്രകാരമുള്ള ശിക്ഷ അര്‍ഹിക്കുന്നില്ലേ എന്നും കോടതി ചോദിച്ചു. ഇത് ഒറ്റനോട്ടത്തില്‍ തന്നെ സ്വീകാര്യമല്ലെന്നാണ് പറയാനുള്ളതെന്ന് കോടതി അഭിപ്രായപ്പെട്ടു. മറ്റെല്ലാം ജനാധിപത്യത്തിന്റെയും അഭിപ്രായസ്വാതന്ത്ര്യത്തിന്റെയും നാല് മൂലകള്‍ക്കുള്ളില്‍ ഒതുക്കാം, പക്ഷെ ഇത് അങ്ങിനെ ചെയ്യാനാവില്ല- കോടതി പറഞ്ഞു.
കോടതി കൈകാര്യം ചെയ്യുന്നത് യുഎപിഎ (നിയമവിരുദ്ധ പ്രവര്‍ത്തനം തടയല്‍ നിയമം) കേസാണെന്നും അതില്‍ തീവ്രവാദത്തിപ്രവര്‍ത്തനമാണ് ഉമര്‍ ഖാലിദിനെതിരെ ചുമത്തിയിരിക്കുന്നതെന്നും അഭിഭാഷകന് പൈസ് പറഞ്ഞു. ഇന്ന് ഒരു കൂട്ടം ആളുകളുടെ പരാതിയില്‍ കുറ്റപത്രം തയ്യാറാക്കി ആര്‍ക്കെതിരെയും യുഎപിഎ ചുമത്താമെന്നും പൈസ് പറഞ്ഞു.
ജാമ്യാപേക്ഷയില്‍ അനന്തമായി വാദം നീട്ടിക്കൊണ്ടുപോകാന്‍ ഉദ്ദേശിക്കുന്നില്ലെന്നും പൊലീസിനോട് മൂന്ന് ദിവസത്തിനുള്ളില്‍ മറുപടി ബോധിപ്പിക്കാനും കോടതി ആവശ്യപ്പെട്ടു. ഇനി ഏപ്രില്‍ 27ന് വീണ്ടും വാദം കേള്‍ക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: