ന്യൂദല്‍ഹി: രാജ്യമെങ്ങും മുസ്ലീങ്ങളുടെ വസ്തുവകകള്‍ ബിജെപി സര്‍ക്കാരുകള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചു നീക്കുകയാണെന്ന കപില്‍ സിബലിന്റെയും ദുഷ്യന്ത് ദവെയുടേയും വാദത്തെ കോടതിയില്‍ തുറന്നുകാട്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത.
ഒരു മത വിഭാഗത്തെ മാത്രം ലക്ഷ്യമിട്ടാണ് നീക്കമെന്ന ആരോപണം തെറ്റാണ്. മധ്യപ്രദേശില്‍ പൊളിച്ച അനധികൃത കെട്ടിടങ്ങളില്‍ 88 എണ്ണം ഹിന്ദുക്കളുടേതാണ്. മുപ്പതില്‍ താഴെ കെട്ടിടങ്ങള്‍ മാത്രമാണ് മുസ്ലീങ്ങളുടേതെന്നും വടക്കന്‍ ദല്‍ഹി മുനിസിപ്പല്‍ കോര്പ്പറേഷന് വേണ്ടി ഹാജരായ തുഷാര്‍ മേത്ത വെളിപ്പെടുത്തി. ഹിന്ദുക്കളുടെ കെട്ടിടങ്ങളും ഒഴിപ്പിച്ചിട്ടുണ്ടെന്ന് ജസ്റ്റിസ് നാഗേശ്വര റാവു കപില്‍ സിബലിനെയും ദുഷ്യന്ത് ദവെയെയും ഓര്‍മ്മിപ്പിച്ചു.
തത്സ്ഥിതി തുടരാന്‍ സുപ്രീംകോടതി ഉത്തരവ്
ന്യൂദല്‍ഹി: അനധികൃത കൈയേറ്റങ്ങള്‍ ഒഴിപ്പിച്ച ജഹാംഗീര്‍പുരിയില്‍ തത്സ്ഥിതി തുടരാന്‍ സുപ്രീംകോടതി ഉത്തരവ്. എന്നാല്‍ രാജ്യമാകെ നടക്കുന്ന കൈയേറ്റമൊഴിപ്പിക്കല്‍ നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്ന ആവശ്യം കോടതി തള്ളി. കൈയേറ്റമൊഴിപ്പിക്കല്‍ തടയാന്‍ കോടതിക്ക് സാധിക്കില്ലെന്ന് ജസ്റ്റിസ് എല്‍.നാഗേശ്വര്‍ റാവു, ബി.ആര്. ഗവായ് എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
ജഹാംഗീര്‍പുരിയിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുന്നത് തടഞ്ഞുകൊണ്ട് ബുധനാഴ്ച ഇറക്കിയ ഉത്തരവ് നിലനില്ക്കും. ഒഴിപ്പിക്കല്‍ നടപടികള്‍ക്കെതിരായ ഹര്‍ജികളില്‍ വടക്കന്‍ ദല്‍ഹി മുനിസിപ്പല്‍ കോര്പ്പറേഷന് മറുപടി സമര്‍പ്പിക്കണം. രണ്ടാഴ്ചയ്ക്ക് ശേഷം കേസ് വീണ്ടും പരിഗണിക്കും
ജഹാംഗീര്‍പുരിയിലെ നടപ്പാതകളിലെ അനധികൃത നിര്‍മ്മാണങ്ങള്‍ ജനുവരി മുതല്‍ ഒഴിപ്പിച്ചു തുടങ്ങിയിരുന്നു. രണ്ടാം ഘട്ടം ഫെബ്രുവരിയിലും മൂന്നാംഘട്ടം മാര്‍ച്ചിലും നടപ്പാക്കി. നാലാംഘട്ട ഒഴിപ്പിക്കലാണ് ഇപ്പോള്‍ നടന്നത്. നടപ്പാതകളിലെ അനധികൃത നിര്‍മ്മാണങ്ങള്‍ പൊളിക്കാന്‍ ഹൈക്കോടതി ഉത്തരവുണ്ടായിരുന്നു. അതനുസരിച്ചുള്ള നടപടികളാണ് അവിടെ ഉണ്ടായിട്ടുള്ളതെന്നും തുഷാര്‍ മേത്ത വിശദീകരിച്ചു. ഇതോടെയാണ് രാജ്യമാകെ നടക്കുന്ന അനധികൃത കയ്യേറ്റമൊഴിപ്പിക്കല്‍ നടപടികള്‍ തടയില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കിയത്.
ജഹാംഗീര്‍പുരിയില്‍ ഗുപ്തയുടെ ജ്യൂസ് കടയും സുമിത് സക്സേനയുടെ കടയും രമണ്‍ ഝായുടെ പാന്ഷോപ്പും അടക്കം മുനിസിപ്പല്‍ കോര്പ്പറേഷന് പൊളിച്ചു നീക്കിയിട്ടുണ്ട്. ജഹാംഗീര്‍പുരിയിലെ ക്ഷേത്രത്തിന്റെ അനധികൃത നിര്‍മ്മാണങ്ങള്‍ ഇന്നലെ ക്ഷേത്രം ഭരണസമിതിയുടെ നേതൃത്വത്തില്‍ പൊളിച്ചു നീക്കി. എന്നാല്‍ ഒരു വിഭാഗം മാധ്യമങ്ങളും പ്രതിപക്ഷ പാര്‍ട്ടികളും ജഹാംഗീര്‍പുരിയില്‍ മുസ്ലീങ്ങളുടെ വീടുകള്‍ തെരഞ്ഞുപിടിച്ച് ബിജെപി സര്‍ക്കാര്‍ പൊളിച്ചുനീക്കിയെന്ന വ്യാജ പ്രചാരണം അഴിച്ചുവിടുകയാണ്. ഈ നീക്കത്തിനാണ് ഇന്നലെ സുപ്രീംകോടതിയില്‍ തിരിച്ചടി നേരിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: